03/06/2026
ബിപിസിയിൽ നിന്ന് വിരമിച്ചു
പിറവം: ബി പി സി കോളജിലെ നാല് സ്റ്റാഫംഗങ്ങൾ ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു.
കോളജിലെ പ്രിൻസിപ്പലും ഇലക്ട്രാണിക്സ് വിഭാഗം പ്രൊഫസറുമായ ഡോ.ബേബി പോൾ, മുൻ പ്രിൻസിപ്പലും ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.സന്തോഷ് പി കുരുവിള, നിയമ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.റെജി ജോസഫ്, ലൈബ്രേറിയനായ ജിജി മത്തായി എന്നിവരാണ് മെയ് 31 ന് അവസാനിക്കുന്ന ഈ അധ്യയനവർഷം വിരമിച്ചത്.
2000 ജൂൺ 1 ന് ജോലിയിൽ പ്രവേശിച്ച ഡോ.ബേബി പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് 2017ൽ ഇലക്ട്രാണിക്സ് എഞ്ജിനീയറിംഗിൽ പി എച്ച് ഡി നേടി. എം ജി സർവ്വകാലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു..കോളജിലെ യു ജി സി കോർഡിനേറ്റർ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ, പരീക്ഷ ചീഫ് സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2024 മുതൽ ഡോ.ബേബി പോൾ പ്രിൻസിപ്പലായിരിക്കുന്ന കാലത്താണ് കോളജിലെ എൻ എസ് എസ് യൂണിറ്റിന് മികവുറ്റ പ്രവർത്തനത്തിന് എം ജി യൂണിവേഴ്സിറ്റിയുടെ പുരസ്കാരം ലഭിക്കുന്നത്. ലഹരിക്കെതിരെ ജില്ലയിലെ സ്കൂളുകളിൽ നടത്തിയ സൈക്ളാത്തോൺ, ആരോഗ്യ പരിപാലനത്തിനുള്ള ഓപ്പൺ ജിംനേഷ്യം, വായന പ്രോത്സാഹിപ്പിക്കാൻ കാമ്പസിലാരംഭിച്ച ലിറ്റിൽ ലൈബ്രറി തുടങ്ങിയ നിരവധി സർഗാത്മകമായ പരിപാടികൾക്ക് അദ്ദേഹം നേതൃത്ത്വം നൽകി.
1995 ജൂൺ 5 ന് ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.സന്തോഷ് പി കുരുവിള നാക്ക് അക്രഡിറ്റേഷൻ കോർഡിനേറ്റർ, എം ജി യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ, അസാപ്പ് കോ ഓർഡിനേറ്റർ, കോളജ് സുവർണ്ണ ജൂബിലി സ്മരണികയുടെ എഡിറ്റർ, യൂണിവേഴ്സിറ്റി പരീക്ഷ ബോർഡ് ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകി. ബാംഗ്ളൂർ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും മദ്രാസ് ഐ ഐ ടിയിലും റിസർച്ച് ഫെലോ ആയിരുന്ന സന്തോഷ് 2010 ൽ എം ജി സർവ്വകലാശാലയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടി. ആലുവ യു. സി. കോളജ്, കോതമംഗലം യൽദോ മോർ ബസേലിയോസ് കോളജ് എന്നിവയുടെ ഗവേണിംഗ് കൌൺസിലംഗം, അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേർസ് കേരളയുടെ സെക്രട്ടറി, സി. എം. എസ്. കോളജ് ഫിസിക്‌സ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
1992 മുതൽ കേരളഹൈക്കാടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഡോ.റെജി ജോസഫ് 1998 ജൂൺ 1 ന് അധ്യാപനജോലിയിൽ പ്രവേശിച്ചു. 2018ൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് നിയമത്തിൽ പി എച്ച് ഡി നേടി. എം ജി സർവ്വകലാശാലയുടെ പഠനബോർഡിലും, സിലബസ് പരിഷ്കരണ കമ്മിറ്റികളിലും, വിദഗ്ദ സമിതികളിലും അംഗമായിരുന്നു. കോളജിൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ, പരീക്ഷ ചീഫ് സൂപ്രണ്ട്, വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വരണാധികാരി, സ്റ്റാഫ് അഡ്വൈസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. യു ജി സി ധനസഹായത്തോടെ കോളജിൽ നടത്തിയ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഹൃസ്വകാലകോഴ്സിന്റെ കോർഡിനേറ്റർ ആയിരുന്നു.
യു ജി സി ഗ്രെയിഡ് ലൈബ്രേറിയനായ ജിജി മത്തായി 1998 ജനുവരി 15 ന് ജോലിയിൽ പ്രവേശിച്ചു. മധുരാ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഫിൽ നേടി. എം ജി സർവ്വകലാശാല പരീക്ഷ വിജിലൻസ് സ്ക്വാഡിൽ അംഗമായിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡൻന്റ് വെൽഫെയർ കോർഡിനേറ്ററായിരുന്നു. കോളജ് സ്റ്റാഫ് കൌൺസിൽ, ഐ ക്യു എ സി, ലൈബ്രറി അഡ്വൈസറി കമ്മിറ്റി എന്നീ സമിതികളിൽ അംഗമായിരുന്നു. റീഡേർസ് ഫോറം എക്സിക്യുട്ടീവ് സെക്രട്ടറി ആയി പ്രവർത്തിച്ചു.