13/05/2026
ഉദയനിധി സ്റ്റാലിൻ വീണ്ടും സനാതന ധർമ്മം ചർച്ചയാക്കിയിട്ടുണ്ട് .പതിവു പോലെ സനാതനക്കാർ കലിപ്പായിട്ടുമുണ്ട് . സനാതന ധർമ്മം ഉൻമൂലനം ചെയ്യണം എന്നു പറയുന്നത് വംശഹത്യയ്ക്കുള്ള ആഹ്വാനം ആണെന്നാണ് ആനന്ദ് രംഗനാഥനെ പോലുള്ള പുതുയുഗ ഹിന്ദു ബുദ്ധിജീവികളുടെ വ്യാഖ്യാനം .
സനാതന ധർമ്മം - എന്നാൽ എല്ലാ കാലത്തേക്കുമുള്ള ധർമ്മം എന്നാണ് അർത്ഥം . സനാതനം എന്ന വാക്ക് മനുസ്മൃതിയിൽ ഉണ്ട് . ഒറ്റനോട്ടത്തിൽ സനാതന ധർമ്മം ആർക്കും കുഴപ്പമില്ലാത്ത ഒരു സന്ദേശം മാത്രമാണ് " നിങ്ങൾ സത്യം പറയുക . എന്നാൽ അപ്രിയ സത്യം പറയരുത് , കള്ളം പറയരുത് " ഇതാണ് സനാതനം എന്ന് മനുസ്മൃതി 4-138 ലുണ്ട് . ഇതിനെന്താണ് പ്രശ്‌നം !ഇതിനെതിരെ ആരെങ്കിലും എന്തിന് സംസാരിക്കണം എന്നും തോന്നിയാൽ അതിലതിശയമില്ല .
എന്നാൽ ഈ അധ്യായം മുഴുവൻ വായിക്കുമ്പോഴാണ് കളി മാറി മറിയുന്നത് . ഇതിലെ " നിങ്ങൾ " നമ്മളല്ല . അത് ബ്രാഹ്മണനാണ്. ബ്രാഹ്മണൻ വിദ്യാഭ്യാസം കഴിഞ്ഞ് കല്യാണവും കഴിച്ച് ഗൃഹസ്ഥനായി ജീവിക്കുമ്പോൾ എങ്ങനെ ജീവിക്കണം എന്ന് ഉപദേശിക്കുന്ന അധ്യായമാണ് നാലാം അധ്യായം . ഇതിൽ ബ്രാഹ്മണൻ എങ്ങനെ തിന്നണം , ഉറങ്ങണം , കക്കൂസിൽ പോകണം ഏത് ജോലി ചെയ്യണം , തുടങ്ങി എന്തൊക്കെ ചെയ്യരുത് പറയരുത് എന്നൊക്കെ പറയുന്നുണ്ട്.
ബ്രാഹ്മണൻ സ്വന്തം ശരീരത്തിൻ്റെ ശുദ്ധി നഷ്‌ടപെടുത്തി ജീവിക്കരുത് എന്നാണ് മനുവിൻ്റെ നിർദേശം . വേണമെങ്കിൽ കൊയ്ത്തുകഴിഞ്ഞ പാടത്തിൽ ബാക്കി വരുന്നത് പെറുക്കി തിന്നാം , അതു കിട്ടാൻ ഇല്ലെങ്കിൽ ദാനം കിട്ടിയത് തിന്നാം , അതുമില്ലെങ്കിൽ പിന്നെ ഭിക്ഷയെടുത്തു തിന്നാം . ഇതും നടന്നില്ലെങ്കിൽ മാത്രം കൃഷി ചെയ്യുക . കാരണം കൃഷി ചെയ്യുമ്പോൾ ചെറിയ പ്രാണികളും മറ്റും വേദനിക്കാൻ സാധ്യതയുണ്ട് . മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ കാരണമായിരുന്ന കൃഷി പോലും മനുസ്മൃതി പ്രകാരം തെണ്ടി തിന്നുന്നതിനേക്കാൾ താഴെയാണ്. ഇനിയാണ് രസം - ഒരു രക്ഷയില്ലെങ്കിൽ കച്ചവടം ചെയ്യാം . അതിൽ സത്യവും കള്ളവും ഉണ്ട് . എങ്കിലും ചെയ്യാം .
ഇനി എന്തു ചെയ്താലും പട്ടി ജീവിതം ജീവിക്കരുത് . എന്താണ് പട്ടി ജീവിതം . സേവനം ( service). അതായത് മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുക . അതിൻ്റെ കൂലി വാങ്ങിക്കുക .
കോടി കണക്കിന് മനുഷ്യരുടെ ജീവിതം ഒറ്റ വരിയിൽ അശ്ലീലമാകുകയാണ് മനു . ഇത് സനാതനമാണെങ്കിൽ അതിനെ എതിർക്കാൻ ആ മനുഷ്യർ തുനിയുകയില്ലേ ? അതു പോലെ തന്നെ ബ്രാഹ്മണനെ ജോലി ചെയ്യുന്നതിൽ നിന്നും കൃഷി ചെയ്യുന്നതിൽ നിന്നും കച്ചവടം ചെയ്യുന്നതിൽ നിന്നും വിലക്കുന്നത് വഴി ഇന്ത്യൻ സമൂഹത്തിൻ്റെ പുരോഗതി തന്നെ മനു തടഞ്ഞു . ഈ മനുസ്മൃതിയിലെ നിർദേശങ്ങൾ/ അല്ലെങ്കിൽ സനാതനം തന്നെ ഇന്ത്യൻ ബ്രാഹ്മണൻ ഉപേക്ഷിച്ചപ്പോഴാണ് അവർക്കും എന്തെങ്കിലും മെച്ചമുണ്ടായത് എന്ന് കാണാം .
മനു വ്യക്തമായിട്ട് ശൂദ്രനെ പഠിപ്പിക്കരുതെന്നും ദൈവത്തിന് കൊടുത്ത ഭക്ഷണം ശൂദ്രന് കൊടുക്കരുതെന്നും അതിലും താഴെ ഉള്ള ജാതിക്കാരോട് ഒപ്പം താമസിക്കരുത് എന്നെല്ലാം ഈ അധ്യായത്തിൽ പറയുന്നുണ്ട്.
നാസ്‌തികത എന്നാൽ ഒഴിവാക്കേണ്ട ഒന്നാണെന്നും ഇതേ അധ്യായത്തിലുണ്ട്.
മനുഷ്യരെ തട്ടുതട്ടുകളിലായി അടുക്കി വെച്ച് മുകളിലത്തെ തട്ടിൽ ഉള്ളവർക്ക് മഹത്വം കൊടുക്കുകയും താഴത്തേക്ക് വരുമ്പോൾ അശ്ലീലവുമാകുന്ന ഈ സ്മൃതികളെ എല്ലാം ഇന്ത്യൻ ഭരണഘടന വരുമ്പോൾ തന്നെ നമ്മൾ ഉൻമൂലനം ചെയ്യുന്നുണ്ട്.
മനുസ്മൃതിയ്ക്ക് അപ്പുറം വിശാല അർത്ഥത്തിൽ സനാതന ധർമ്മമായി മറ്റു കാര്യങ്ങൾ ഉയർത്തി കാട്ടാറുണ്ട്. ജാതിഭേദമന്യേ എല്ലാ മനുഷര്യം പാലിക്കേണ്ട ചില ധർമ്മങ്ങൾ എന്നയർത്ഥത്തിൽ . സത്യസന്ധത , ക്ഷമ , കാരുണ്യം , അഹിംസ തുടങ്ങിയ നല്ല കാര്യങ്ങൾ . എന്തായാലും ഉദയനിധി ഈ കാര്യങ്ങൾ എല്ലാം തച്ചുടയ്ക്കണം എന്ന് പറയാൻ വഴിയില്ലല്ലോ .
പറയാൻ സാധ്യതയുള്ളത് അംബേദ്കർ ഉപയോഗിച്ച അതേ കോൺടക്സ്റ്റിൽ ആയിരിക്കും .
പൈതൃക സംസ്‌കാര സ്‌നേഹികൾ എന്തായാലും മനുസ്മൃതി മുന്നോട്ട് വെക്കുന്ന സംസ്‌കാരം ആയിരിക്കില്ല സംരക്ഷിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം.
✍️©️