
31/01/2024
പൂഞ്ഞാർ മുൻ MLA പി സി ജോർജും, മകൻ ഷോൺ ജോർജും നയിക്കുന്ന ജനപക്ഷം രാഷ്ട്രീയ പാർട്ടി ഇനി ദേശീയതയിലേക്ക്
ന്യൂഡൽഹി: ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിപ്പിച്ചു. ജോർജിനൊപ്പം മകൻ ഷോൺ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
തുടർന്ന് നേതാക്കൾ ജോർജിനെയും ഷോണിനെയും പാർട്ടിയുടെ ഷാൾ അണിയിച്ചു സ്വീകരിച്ചു. വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കരുത്തനായ നേതാവാണ് പി.സി. ജോർജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും വി. മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു