02/07/2025
*കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് നേടി പുലാമന്തോളിലെ കർഷകൻ ശശിധരന്റെ ഗോപിക നെൽവിത്ത്*
02-07-2025
പുലാമന്തോൾ വാർത്ത
പെരിന്തൽമണ്ണ : പാടം പരീക്ഷണശാലയാക്കിയ പുലാമന്തോളിലെ കർഷകൻ ശശിധരന്റെ ഗോപിക നെൽവിത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. പുലാമന്തോൾ തിരുനാരായണപുരം ചോലപ്പറമ്പത്ത് ശശിധരൻ(58) എന്ന മാതൃകാ കർഷകന് സ്വന്തം കൃഷിഭൂമിയില്ല. കഴിഞ്ഞ 40 വർഷത്തിലേറെയായി പാട്ടത്തിനെടുത്ത കൃഷിഭൂമിയിലാണ് ശശിധരൻ കാർഷിക പരീക്ഷണങ്ങളിലൂടെ പൊന്ന് വിളയിക്കുന്നത്. 2002 മുതൽ 10 വർഷക്കാലം അദ്ദേഹം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായാണ് പുതിയ നെൽവിത്ത് പിറന്നത്.
നെൽവിത്തിന് സ്വന്തം മകളായ ഗോപികയുടെ പേരു തന്നെ നൽകി. 2012 ലാണ് പെറ്റിന്റിനായി ആദ്യ അപേക്ഷ നൽകുന്നത്. പിന്നീട് 2019 ൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും അപേക്ഷ നൽകി. വർഷങ്ങളോളം നെൽവിത്തിന്റെ ഉൽപാദന ശേഷിയും ഗുണമേന്മയും ഉൾപ്പെടെയുള്ള വിള പരിശോധനയ്ക്ക് ശേഷമാണ് ഗവ.ഓഫ് ഇന്ത്യ പ്ലാന്റ് വറൈറ്റി റജിസ്‌ട്രിയുടെ റജിസ്‌ട്രാർ ജനറൽ ഒപ്പുവച്ച സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇതോടെ 6 വർഷത്തേക്ക് ഗോപികയുടെ അവകാശം ശശിധരന് സ്വന്തം. അതിനു ശേഷം റജിസ്‌ട്രേഷൻ പുതുക്കേണ്ടി വരും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നെൽ കർഷകന് സ്വന്തമായി വികസിപ്പിച്ച നെൽവിത്തിന്റെ പേരിൽ പേറ്റന്റ് ലഭിക്കുന്നത്.
ഐശ്വര്യ, ജ്യോതി എന്നീ വിത്തുകൾ പ്രത്യേക പരാഗണ രീതി ഉപയോഗിച്ച് കൃഷി ചെയ്‌ത് വർഷങ്ങളോളം നിരീക്ഷണവുമായി നടത്തിയ പരീക്ഷണമാണ് ഗോപികയിലെത്തിയത്. ഗോപിക നെല്ലിന്റെ അരിയാണ് വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നീണ്ടുരുണ്ട സ്വാദോടു കൂടിയ മട്ട അരിയാണ് ഗോപിക. രോഗപ്രതിരോധ ശേഷി കൂടിയ ഇനമായതിനാൽ 3 വിളവെടുക്കാം. ഒരു മീറ്ററിലേറെ നീളമുള്ള വൈക്കോൽ, തണ്ടിനു ബലമുള്ളതായതിനാൽ കാറ്റു പിടിക്കില്ല.
ഒരു കതിരിൽ 210 വേറെ നെന്മണികൾ, 100 നെന്മണികൾക്ക് 25.75 ഗ്രാം തൂക്കം എന്നിവ പ്രത്യേകത. ഭാര്യ സരസ്വതിയും പിന്തുണയും സഹായവുമായി കൂടെയുണ്ട്. ധനേഷ്(ഖത്തർ), സനേഷ്, ഗോപിക(ബിടെക് സിവിൽ, അഗ്രികൾച്ചറൽ ഡിപ്ലോമ), അഭിലാൽ(ബിഫാം) എന്നിവരാണ് മക്കൾ. ഇവരിൽ അഭിലാൽ മുൻപ് സരോജിനി ദാമോദർ ഫൗണ്ടേഷന്റെ കുട്ടിക്കർഷകൻ അവാർഡ‍് നേടിയിട്ടുണ്ട‌്. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും ആനക്കയം കശുമാവ് ഗവേഷണ കേന്ദ്രവും പുലാമന്തോളിലെ മാറിയെത്തിയ കൃഷി ഓഫിസർമാരും ഭൗതിക സ്വത്തവകാശ സെല്ലുമെല്ലാം തന്റെ പരീക്ഷണങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് ശശിധരൻ പറയുന്നു.
*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*
https://chat.whatsapp.com/DgBwsAgKaxK5DnhZAakqAM
ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻
https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത