People24x7.com

People24x7.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from People24x7.com, Media/News Company, kollam, Punalur.

'വിഷൻ 2031' ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തുവിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യങ...
18/09/2025

'വിഷൻ 2031' ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 33 സെമിനാറുകൾ സംഘടിപ്പിക്കും

പുനലൂർ: കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന 'വിഷൻ 2031' സെമിനാറുകളുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമിൽ വകുപ്പ് മന്ത്രിമാരുടേയും ചിഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.

കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് 'വിഷൻ 2031' സെമിനാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം 2031-ൽ ആഘോഷിക്കുമ്പോൾ കേരളം എവിടെ എത്തിനിൽക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നൽകുന്നതുമായിരിക്കും സെമിനാറുകളിലെ ചർച്ചകൾ. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങൾ സ്വരൂപിക്കും.

ഒക്ടോബർ മാസത്തിൽ വിവിധ വിഷയങ്ങളിലായി വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടുകൂടി 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. അതാത് വകുപ്പുകളിൽ കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളും വരും വർഷങ്ങളിലേക്കുളള വികസന ലക്ഷ്യങ്ങളും ചർച്ചയാകും.

ഏകദേശം 1,000 പേർ വരെ പങ്കെടുക്കുന്ന സെമിനാറുകളിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ ഉൾപ്പെടും. ഗവേഷകർ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, കർഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുക്കും. സെമിനാറുകളിലെ ആശയങ്ങൾ സമന്വയിപ്പിച്ച് സംസ്ഥാനതല നയരേഖ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് കേരളത്തിന്റെ വികസന പ്രയാണത്തിന് ദിശാബോധം നൽകും.

വനിതാഫെഡിന്റെ 'സൂതികാമിത്രം' പദ്ധതിക്ക് തുടക്കം; ഇനി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണംപുനലൂർ: ഗർഭിണികൾക്കും പ...
18/09/2025

വനിതാഫെഡിന്റെ 'സൂതികാമിത്രം' പദ്ധതിക്ക് തുടക്കം; ഇനി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണം

പുനലൂർ: ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ വനിതാഫെഡ് 'സൂതികാമിത്രം' പദ്ധതി ആരംഭിക്കുന്നു. സഹകരണ, ആയുഷ് വകുപ്പുകളുടേയും നാഷണൽ ആയുഷ് മിഷന്റെയും പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ശുശ്രൂഷാ രീതികളെ പുനരുജ്ജീവിപ്പിക്കുകയും വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആയുർവേദ പരിചരണം നൽകാൻ വനിതകളെ പരീശീലിപ്പിക്കും. ഇതിനായി പ്ലസ്ടു യോഗ്യതയുള്ള 20 മുതൽ 45 വയസ്സുവരെയുള്ള വനിതകളെ കണ്ടെത്തി സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമാക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ വനിതാ സഹകരണ സംഘങ്ങൾ വഴി 140 പേർക്കാണ് പരിശീലനം നൽകുന്നത്. ഇതിനുള്ള ചെലവ് സഹകരണ വകുപ്പിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് കണ്ടെത്തും.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിവിധ ആശുപത്രികൾ, പ്രസവ കേന്ദ്രങ്ങൾ, വീട്ടു ശുശ്രൂഷാ കേന്ദ്രങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ അവസരം ലഭിക്കും. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വനിതാഫെഡ് ഓൺലൈൻ ലേബർ ബാങ്ക് രൂപീകരിക്കും. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും. തൊഴിലാളികളുടെ വരുമാനത്തിന്റെ 5 ശതമാനം സേവന ഫീസായി ഫെഡറേഷൻ സ്വീകരിക്കും. ഈ തുക പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നതോടൊപ്പം വനിതകൾക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിൽ പദ്ധതി നിർണായകമാകും.

നാഷണൽ പീപ്പിൾസ് പാർട്ടിയും  നാഷനൽ പ്രോഗ്രസ്സീവ് പാർട്ടിയും ലയിക്കുന്നു ;ഒക്ടോബറിൽലയന സമ്മേളനം കോഴിക്കോട് : എൻ ഡി എ യിലെ ...
18/09/2025

നാഷണൽ പീപ്പിൾസ് പാർട്ടിയും നാഷനൽ പ്രോഗ്രസ്സീവ് പാർട്ടിയും ലയിക്കുന്നു ;ഒക്ടോബറിൽ
ലയന സമ്മേളനം

കോഴിക്കോട് : എൻ ഡി എ യിലെ ഘടക കക്ഷിയായ നാഷണൽ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി ലയിക്കാൻ ഇരു പാർട്ടിയിലെ മുതിർന്ന നേതാക്കൾ ധാരണയലെത്തി.

നാഷനൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ ടി തോമസും നാഷണൽ പ്രോഗ്രസീവ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് വി. വി അഗസ്റ്റിനും കോഴിക്കോട് ചേർന്ന യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
ദേശീയ തിരഞ്ഞെടുപ്പു കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ച 6 കക്ഷികളിൽ ഉൾപ്പെട്ടതാണ് നാഷണൽ പീപ്പൾസ് പാർട്ടി .
ഒക്ടോബറിൽ തിരുവനന്തപുരത്തു
നടക്കുന്ന നാഷനൽ പീപ്പിൾസ് പാർട്ടിയുടെ ദേശീയ 'നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ലയന സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.

നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, സംസ്ഥാന സെക്രട്ടറി ബിന്ദു പിള്ള എന്നിവരും നാഷണൽ പ്രോഗ്രസ്സീവ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സി പി സുഗതൻ , ഡോ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി അഡ്വ ജോർജ് എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

അത്തോളി പഞ്ചായത്ത് കേരളോത്സവം 20 നും 21 നും ;കലാമത്സരങ്ങളിൽപങ്കെടുക്കാം  അത്തോളി : ഗ്രാമ  പഞ്ചായത്ത് കേരളോത്സവം സെപ്റ്റം...
18/09/2025

അത്തോളി പഞ്ചായത്ത് കേരളോത്സവം
20 നും 21 നും ;കലാമത്സരങ്ങളിൽ
പങ്കെടുക്കാം

അത്തോളി : ഗ്രാമ പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ
20 നും 21 നും വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

20 ന് രചന മത്സരങ്ങൾ അത്തോളി ജി വി എച്ച് എസ് സ്കൂളിലും 21 ന് കലാ മത്സരങ്ങൾ ലക്സ്മോർ ഓഡിറ്റോറിയത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

20 ന് രാവിലെ 9 മുതൽ കവിത രചന, കഥാ രചന , ഉപന്യാസം, മൈലാഞ്ചിയിടൽ , പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ക്ലെ മോഡലിംഗ് എന്നിവയിൽ മത്സരങ്ങൾ നടക്കും.

21 ന് വൈകീട്ട് 3 ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ലക്സ്മോർ വരെ ഘോഷയാത്ര. 4 ന് സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് സി കെ റിജേഷ് സമ്മാന വിതരണം നിർവ്വഹിക്കും. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ തുടങ്ങിയ ജനപ്രതിനിധികളും . സെക്രട്ടറി ടി അനിൽ കുമാർ , അസി. സെക്രട്ടറി മനോജ് കുമാർ തുടങിയവർ പങ്കെടുക്കും
മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ - പ്രോഗ്രാം വൈസ് ചെയർപേഴ്സൺ - ഫോൺ :
8921489059 വിളിക്കാം.

പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നുപുനലൂർ: കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ...
18/09/2025

പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു

പുനലൂർ: കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്.
പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടുകൂടി ബിൽ സഭയിൽ സമർപ്പിച്ചത്. 2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്.സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ മൂല്യനിർണയം, ശേഖരണം, തരംതിരിക്കൽ, സംരക്ഷണം, ഭരണനിർവഹണം എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. പൊതുരേഖകളുടെ സംരക്ഷണത്തിനായി ഒരു ദ്വിതല സംവിധാനം ഏർപ്പെടുത്തുന്നതാണ് ബില്ലിന്റെ പ്രധാന സവിശേഷത.

റെക്കോർഡ് മുറികൾ: രേഖകൾ ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും റെക്കോർഡ് മുറികൾ സജ്ജീകരിക്കുകയും അവയുടെ സംരക്ഷണത്തിനായി ഒരു റെക്കോർഡ് ഓഫീസറെ ചുമതലപ്പെടുത്തുകയും വേണം. ഈ ഓഫീസറുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ബില്ലിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

സംസ്ഥാന ആർക്കൈവ്സ് വകുപ്പ്: റെക്കോർഡ് മുറികളിൽ സൂക്ഷിക്കുന്ന രേഖകളിൽനിന്ന് ചരിത്രപരമായ പ്രാധാന്യമുള്ളവ വേർതിരിച്ച് സംസ്ഥാന ആർക്കൈവ്സ് വകുപ്പിലേക്ക് മാറ്റും. ഇവ ശാസ്ത്രീയമായി സംരക്ഷിച്ച് ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും. ബിൽ നിയമമാവുന്നതോടെ ഈ സംരക്ഷണ സംവിധാനത്തിന്റെ മേൽനോട്ട ചുമതല സംസ്ഥാന ആർക്കൈവ്സ് വകുപ്പിനായിരിക്കും.

നിയമപരമായി രേഖകൾ കൈമാറുന്നതിനുള്ള വ്യവസ്ഥകളും, രേഖകൾ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ പൊതുരേഖകളുടെ സംരക്ഷണം കൂടുതൽ കാര്യക്ഷമമാവുകയും നിയമപരമായ ഒരു അടിത്തറ ലഭിക്കുകയും ചെയ്യും. ഇത് കേരളത്തിന്റെ ചരിത്രരേഖാ സംരക്ഷണത്തിന് പുതിയൊരു ദിശാബോധം നൽകും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മിഭരണത്തിൽ ജനങ്ങളുടെ സജീവ...
17/09/2025

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക.
ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.

ലക്ഷ്യങ്ങൾ

പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക.

പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക.

ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നാം ആവിഷ്കരിച്ച വിവിധ മിഷനുകൾ ജനങ്ങൾ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും അവയുടെ വിലയിരുത്തലും.

പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക.

സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക.

അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക.

ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിൻ്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ.

പരിപാടിയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിർണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാ സ്ട്രക്‌ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിനെ (KIIFB) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

വർക്കിംഗ് അറേഞ്ച്മെൻ്റ് അടിസ്ഥാനത്തിൽ കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. തത്വത്തിൽ അതിനായി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും മേൽനോട്ടത്തിനായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അവരെ അറിയിക്കാനും ഉള്ളടക്ക നിർമ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.

പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേൽനോട്ടം, ഗുണനില വാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പർക്ക വകുപ്പിനെ ചുമതലപ്പെടുത്തി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസൺ കണക്ട് സെൻ്റർ പ്രവർത്തിക്കുക. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

പൊതു യൂട്ടിലിറ്റി സേവനമാക്കും

വിഴി‍ഞ്ഞം അന്താരാഷ്ട്ര് തുറമുഖത്തെ വ്യാവസായിക തര്‍ക്ക നിയമം 1947 പ്രകാരം ഒരു പൊതു യൂട്ടിലിറ്റി സേവനമായി വി‍ജ്ഞാപനം ചെയ്യുന്നതിന് അനുമതി നല്‍കി. തൊഴില്‍ അന്തരീക്ഷം സുഗമമാക്കാന്‍ ഇതിലുടെ സഹായകമാകും.

മലയാള ഭാഷ ബില്‍

2025ലെ മലയാള ഭാഷ ബില്ലിന്‍റെ കരട് അംഗീകരിച്ചു.

അലവൻസില്‍ വര്‍ധനവ്

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് നല്‍കുന്ന പ്രതിദിന അലവൻസ് വര്‍ധിപ്പിക്കും. പ്രതിദിന അലവൻസിൽ 10% വർദ്ധനവാണ് നൽകുക.

അടിസ്ഥാന ശമ്പളം 37,400 രൂപ വരെ 355 രൂപ, 37,400 മുതല്‍ 68,400 വരെ 415,
68,400 രൂപക്ക് മുകളില്‍ 500 രൂപ എന്നിങ്ങനെയാണ് പുതിയ അലവന്‍സ്.

ശമ്പളപരിഷ്ക്കരണം

സ്റ്റീല്‍ ഇന്‍റസ്ട്രിയല്‍സ് കേരള ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളം 01/04/2019 പ്രാബല്യത്തില്‍ നടപ്പാക്കും.

ദീര്‍ഘകാല കരാര്‍

സ്റ്റീല്‍ ഇന്‍സ്ട്രിയല്‍ കേരള ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 01/04/2021 പ്രാബല്യത്തില്‍ നടപ്പാക്കും.

മാനേജിങ്ങ് ഡയറക്ടര്‍മാര്‍

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായി ബിജു എസിനെയും മെറ്റല്‍ ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായി ഹരികുമാര്‍ എസിനെയും നിയമിക്കും.

പാട്ടത്തിന് നല്‍കും

തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അമൃത് 2.0- യിൽ ഉൾപ്പെടുത്തി കേരള വാട്ടർ അതോറിറ്റി മുഖേനെ 16 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്ക്, അതിലേക്കുള്ള ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ എന്നിവ നിർമ്മിക്കുന്നതിന് മലപ്പുറം പരപ്പനങ്ങാടി വില്ലേജിൽ ഫിഷറീസ് വകുപ്പിന്‍റെ കൈവശമുള്ള 15 സെൻ്റ് സ്ഥലം കേരള വാട്ടർ അതോറിട്ടിക്ക് നിബന്ധനകൾക്കു വിധേയമായി പാട്ടത്തിന് നല്‍കും.

ബിഡ് അനുവദിച്ചു

WSS to Arakkulam and Velliyamattom (part) panchayath - Package II - Supply and laying Raw Water Pumping Main, Clear Water Pumping Main and construction of GLSRs in various zones in Arakulam panchayath എന്ന പ്രവൃത്തിക്ക് 5,12,50,000 രൂപയ്ക്ക് ബിഡ് അനുവദിച്ചു.

17/09/2025

സുവർണ്ണ ജൂബിലിയുടെ നിറവിൽശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോം ആയുർവേദ മേഖലയിൽ ഗവേഷണ കേന്ദ്രം ഉയരണം:എം കെ രാഘവൻ എം  പി  ...
17/09/2025

സുവർണ്ണ ജൂബിലിയുടെ നിറവിൽ
ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോം

ആയുർവേദ മേഖലയിൽ ഗവേഷണ കേന്ദ്രം ഉയരണം:എം കെ രാഘവൻ എം പി

കോഴിക്കോട് :ആയുർവേദ
മേഖലയിൽ ഗവേഷണ കേന്ദ്രം ഉയരണമെന്ന് എം കെ രാഘവൻ
എം പി .ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോമിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാം ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ കൺസോർഷ്യം രൂപീകരിച്ച് സംസ്ഥാന സർക്കാറിൻ്റെ മേൽനോട്ടത്തിൽ ഗവേഷണ കേന്ദ്രം ഉയരണം,അത് പോലെ ആയുർ വേദ മരുന്ന് നിർമ്മിക്കാൻ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കാൻ അടുത്ത 25 വർഷത്തെ പദ്ധതിയായി സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഔഷധ സസ്യവും ഔഷധ പാർക്കും നിർമ്മിക്കാൻ വനം -കൃഷി വകുപ്പുകൾ ഏകോപിപ്പിച്ച് സർക്കാർ മുൻകൈ എടുക്കണം കാരണം ആയുർവേദ ചികിത്സയുടെ യശസ്സാണ് സംസ്ഥാനത്ത് മെഡിക്കൽ ടൂറിസം വളരുന്നതിന് പ്രധാന കാരണം.

ഇതിനിടയിൽ കോർപ്പറേറ്റുകൾ ആയുർ വേദ മേഖലയിൽ നിക്ഷേപം നടത്തുമ്പോൾ പാവപ്പെട്ടവർക്ക് നല്ല ചികിത്സ നഷ്ടപെടരുതെന്നും അതിനായി ശ്രീ സുബ്രഹ്മണ്യ ആയുർ വേദ നഴ്സിംഗ് ഹോം ഉൾപ്പെടെയുള്ള പാരമ്പര്യ വൈദ്യശാലകൾ
മുൻ കൈ എടുക്കണമെന്നും എം പി കൂട്ടിച്ചേർത്തു.

വൈദ്യ വൃത്തിയിൽ 60 വർഷം പിന്നിട്ട തെക്കെയിൽ രാജരത്നത്തിൻ്റെ അറിവുകൾ വരും തലമുറക്ക് പകർന്ന് കൊടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ആശീർവാദ് ലോൺസിൽ നടന്ന ചടങ്ങിൽ
മേയർ എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ചികിത്സ രംഗത്ത് 60 വർഷം പൂർത്തികരിച്ച ശ്രീ സുബ്രഹ്മണ്യ നഴ്സിംഗ് ഹോം
സ്ഥാപകൻ ഭിഷക് രത്ന രാജരത്നം വൈദ്യരെ മേയർ ആദരിച്ചു.

പൊന്നാട ഡോ പി മാധവൻ കുട്ടി വാര്യരും മംഗള പത്രം സോമശേഖരൻ കണ്ണൻ വൈദ്യരും റോട്ടറി കാലിക്കറ്റ് സൗത്തിൻ്റെ ഉപഹാരം കെ അരവിന്ദാക്ഷനും സമ്മാനിച്ചു.

പുതിയ പ്രൊജക്ട് ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ കളക്ട്ർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു.

ശിവഗിരി മഠം ബ്രഹ്മശ്രീ പ്രബോധ തീർത്ഥ സ്വാമികൾ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ
പി വി ചന്ദ്രൻ , കോഴിക്കോട് രൂപത വികാരി ജനറൽ മോൻസി . ഫാ. ജെൻസൺ പുത്തൻ വീട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി മാധവൻ കുട്ടി വാര്യരെ തെക്കെയിൽ കുടുംബം ആദരിച്ചു.

ആയുർവേദ ചികിത്സാ രംഗത്ത് സേവനം ചെയ്യുന്ന ഡോ ആര്യദേവി പാലപ്പുഴ , ഡോ പി വി രവീന്ദ്രൻ , ഡോ. എ പി ഹരിദാസൻ , ഡോ.ഇടൂഴി ഭാവദാസന് വേണ്ടി മകൻ ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി,ഡോ രവീന്ദ്രനാഥ് , സി പി നാരായണൻ എന്നിവരെയും ആദരിച്ചു.

ബി എ എം എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി നവ്യ മോഹൻലാലിനെ അനുമോദിച്ചു.വാർഡ് കൗൺസിലർ
എം വരുൺ ഭാസ്ക്കർ, സി പി എം ജില്ല സെക്രട്ടറി എം മെഹബൂബ് , ഡോ.റീന അനിൽ കുമാർ, ഭവിൻ ദേശായി ,ഡോ ടി ജയരാജ് ,ടി സുരേഷ് വൈദ്യൻ , ഡോ ടി
എഗ്ലിസ രത്നം എന്നിവർ പ്രസംഗിച്ചു.

ആയുർവേദ മരുന്ന് അസംസ്കൃത വസ്തു വ്യാപാരികളായ കമല ഹരിദാസൻ , ലോഹിതാക്ഷൻ കൃഷ്ണൻ, എന്നിവരെയും കേരള ഫ്ലവർ സ്റ്റോർ, ഇ എം ഇ സ്റ്റോർസ് എന്നി സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ സനന്ദ് രത്നം സ്വാഗതവും ജോ എൽവിസ് ജെറാൾഡ് നന്ദിയും പറഞ്ഞു.

ഫോട്ടോ : ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോമിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

താലൂക്ക് ആശുപത്രിയിലെ സി.ടി. സ്‌കാനിംഗ് ഉടന്‍ പുനരാരംഭിക്കുംപുനലൂര്‍ : താലൂക്ക് ആശുപത്രിയില്‍ തകരാറിലായ സി.ടി. സ്‌കാന്‍ ...
17/09/2025

താലൂക്ക് ആശുപത്രിയിലെ സി.ടി. സ്‌കാനിംഗ് ഉടന്‍ പുനരാരംഭിക്കും

പുനലൂര്‍ : താലൂക്ക് ആശുപത്രിയില്‍ തകരാറിലായ സി.ടി. സ്‌കാന്‍ യന്ത്രം ഉടന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.

സ്വകാര്യ ലാബുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ആശുപത്രിയില്‍ സ്‌കാനിംഗിന് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ പുനലൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ സ്‌കാനിംഗിനായി താലൂക്ക് ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്.

യന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്യൂബിനും ബോര്‍ഡിനുമാണ് തകരാര്‍ ഉണ്ടായത്. ഈ യന്ത്രഭാഗങ്ങള്‍ക്ക് മാത്രമായി ഏകദേശം 1 കോടി രൂപ ചെലവ് വരും. വാര്‍ഷിക മെയിന്റനന്‍സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ സൗജന്യമായി ഇത് മാറ്റിലഭിക്കും. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത യന്ത്രമാണിത്. അതുകൊണ്ട് തന്നെ യന്ത്രഭാഗങ്ങള്‍ ഒന്നും തന്നെ ഇന്ത്യയില്‍ ലഭ്യമല്ല. ട്യൂബ് ലഭിക്കേണ്ടത് സിംഗപ്പൂരില്‍ നിന്നാണ്. യന്ത്രം തകരാറിലായ ഉടന്‍ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ നല്‍കിയിട്ടുള്ള കമ്പനിയെ അറിയിച്ചിരുന്നു. ഈ ആഴ്ചയുടെ അവസാനം യന്ത്രഭാഗങ്ങള്‍ സിംഗപ്പൂരില്‍ നിന്നും എത്തും. വരുന്ന ആഴ്ചയില്‍ ട്യൂബും ബോര്‍ഡും മാറ്റി വച്ച് സ്‌കാനിംഗ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്വാഭാവികമായി യന്ത്രങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ മാത്രമാണ് ഇവിടെയും സംഭവിച്ചത്. യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടേണ്ടതുള്ളതിനാല്‍ മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ ചെറിയ കാലതാമസം ഉണ്ടായതെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും വസ്തുതകള്‍ മനസിലാക്കാതെ ആശുപത്രി അധികൃതരെയും നഗരസഭാ അധികാരികളെയും കുറ്റപ്പെടുത്തുന്നവരെ തിരിച്ചറിയണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: വികസന പ്രവർത്തനങ്ങളിൽ, പുതി...
16/09/2025

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഹരിതാവരണ വർദ്ധനവ്. അതിനുതകുന്ന ഒരു പദ്ധതിയാണ് 'പച്ചത്തുരുത്ത്'. ഈ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ലോക ഓസോൺ ദിനത്തിൽ തന്നെ വിതരണം ചെയ്യുന്നതിൽ തികഞ്ഞ ഔചിത്യ ഭംഗിയുണ്ട്. സവിശേഷമായ ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് വിശാലമായ തീരദേശം, അതാണ് നമ്മുടെ ഭൂ പ്രകൃതി. അത് നമ്മുടെ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടാണ് നമ്മൾ നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന് രൂപം നൽകിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളം രാജ്യത്തിനാകെ മാതൃകയാകുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഹരിത കേരളം മിഷന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന 'ഇനി ഞാനൊഴുകട്ടെ' എന്ന ജനകീയ ക്യാമ്പയിൻ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്.

രണ്ടുഘട്ടങ്ങളിലായി ആവർത്തിച്ചു വൃത്തിയാക്കിയ ഇടങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 92,429 കി.മീ. ദൂരം നീർച്ചാലുകൾ ശുചീകരിച്ച്, സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. 412 കി.മീ. നീളത്തിൽ പുഴകൾ ശുചീകരിച്ചു. 29,254 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 24,645 കുളങ്ങൾ നിർമ്മിച്ചു. 737 സ്ഥിരം തടയണകളും 76,123 താൽക്കാലിക തടയണകളും നിർമ്മിച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിംഗ് നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു. അതോടൊപ്പമാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തുന്ന മറ്റു പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നത്.

അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇതുമൂലം അന്തരീക്ഷ താപനിലയിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടാവുകയും കാലാവസ്ഥാ വ്യതിയാനത്തിന് അതു കാരണമായിത്തീരുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റം ഗുരുതരമായ പ്രതിസന്ധിയായി വളരുകയാണ്. കേരളവും അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കുന്നുണ്ട്. അവയെ ചെറുക്കാനാകട്ടെ ആഗോളതലത്തിൽ തന്നെ കൂട്ടായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. അതിനാവശ്യമായ അത്തരം വേദികളിൽ കൂട്ടായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലായെന്നതും ഗൗരവത്തോടെ കാണണം. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രകൃതിയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാരെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതിന്റെ ഭാഗമായാണ് ഹരിതകേരളം മിഷനിലൂടെ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. തരിശുഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത് പദ്ധതി. പൊതുസ്ഥലങ്ങൾ ഉൾപ്പെടെ തരിശായും ഉപയോഗിക്കാതെയും കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള പ്രായോഗിക ഇടപെടലിന്റെ ഫലമാണു പച്ചത്തുരുത്തുകൾ.

2019 ലെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് സർക്കാർ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വേങ്ങോട് നിന്നുമാരംഭിച്ച പച്ചത്തുരുത്ത് പദ്ധതി പ്രവർത്തനം ഇന്ന് സംസ്ഥാനത്താകെ 1,272.89 ഏക്കറിലായി വ്യാപിച്ചിരിക്കുകയാണ്. അത്തരത്തിൽ 4,030 പച്ചത്തുരുത്തുകളാണ് ഉള്ളത്.

പ്രാദേശിക ജൈവവൈവിധ്യം ഉൾക്കൊണ്ടുകൊണ്ടാണ് സംസ്ഥാനത്തെ പച്ചത്തുരുത്തുകൾ നിലനിൽക്കുന്നത്. ഇതിൽ കണ്ടൽ തുരുത്തുകൾ, മുളന്തുരുത്തുകൾ, ഔഷധസസ്യ തുരുത്തുകൾ, അങ്ങനെ വ്യത്യസ്ത തരം പച്ചത്തുരുത്തുകൾ ഉണ്ട്. കേരളത്തിൽ സ്വാഭാവികമായുള്ള കാവുകളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു.

ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അത് പൂർത്തീകരണത്തിലേക്ക് എത്തിക്കണം എന്ന ഭരണ സംസ്‌കാരം ദൃഢമാക്കുകയാണ് കഴിഞ്ഞ 9 വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാർ ചെയ്തത്. അതിന്റെ പ്രതിഫലനം ഈ പച്ചത്തുരുത്ത് പദ്ധതിയിലും കാണാം. ഒരു വൃക്ഷത്തൈ നട്ട് മടങ്ങുകയല്ല നാം ചെയ്തത്. കൂട്ടത്തോടെ തൈകൾ നട്ട് പരിപാലിച്ചതിന്റെ തുടർച്ചയാണ് ഇന്ന് നിലനിൽക്കുന്ന പച്ചത്തുരുത്തുകൾ. ഇതോടൊപ്പം ഒരുകോടി വൃക്ഷത്തൈകൾ നട്ട് വളർത്താൻ ലക്ഷ്യമിട്ടുള്ള 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ പ്രവർത്തനവും പുരോഗമിക്കുകയാണ്. ഈ ക്യാമ്പയിനിന്റെ ഫലമായി 60 ലക്ഷം തൈകൾ ഇതിനകം നട്ടു കഴിഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഇക്കാര്യത്തിലും കൈവരിച്ചത്.

പ്രകൃതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഒട്ടനവധി കാര്യങ്ങൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നുവരികയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന ക്യാമ്പയിൻ. രാജ്യം 2070 ൽ നെറ്റ് സീറോ കാർബൺ അവസ്ഥ ലക്ഷ്യമിടുമ്പോൾ കേരളം അത് 2050 ൽ തന്നെ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശുചിത്വം, മാലിന്യസംസ്‌കരണം, ജലസുരക്ഷ, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലും ഹരിതകേരളം മിഷനിലൂടെ വൻമാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളിലും ജനകീയപങ്കാളിത്തം ഉറപ്പാക്കാനായതിലൂടെ പദ്ധതികൾ തങ്ങളുടേതു കൂടിയാണെന്ന ബോധ്യം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നമ്മുടെ ജൈവവൈവിധ്യം സംരക്ഷിച്ച് നിലനിർത്തിപ്പോരേണ്ട ബാധ്യത നമുക്കുണ്ടെന്ന ബോധ്യം സൃഷ്ടിക്കാൻ സാധിച്ചു. അത് ഇനിയും കൂടുതൽ ബലപ്പെടുത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ എ എ റഹിം എം.പി., ആന്റണി രാജു എം.എൽ.എ., പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി. എൻ. സീമ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി അലക്‌സ്, സംസ്ഥാന പുരസ്‌കാര നിർണ്ണയ സമിതി ചെയർപേഴ്‌സൻ പ്രൊഫ ഇ കുഞ്ഞികൃഷ്ണൻ, അഡിഷണൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌ററ് ഡോ ജെ ജസ്റ്റിൻമോഹൻ, കില ഡയറക്ടർ ജനറൽ നിസാമുദ്ദിൻ, ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ എൻ അനിൽകുമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ രഞ്ജിത് ഡി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചുപുനലൂർ: ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക...
16/09/2025

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

പുനലൂർ: ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. 2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് 9 വിഭാഗങ്ങളിലായി അവാർഡുകൾ പ്രഖ്യാപിച്ചത്. ഇ-സിറ്റിസിൺ സർവീസ് ഡെലിവറി ആൻഡ് എം ഗവേണൻസിൽ കേരള ഹൈക്കോടതിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ക്ഷീര വികസന വകുപ്പിനും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്കും രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും റവന്യൂ വകുപ്പിനുമാണ് മൂന്നാം സ്ഥാനം. ഡിജിറ്റൽ പ്രോസസ് റീ എൻജിനിയറിങ് വിഭാഗത്തിൽ ധനകാര്യ (സ്പാർക്ക് പിഎം) വകുപ്പിനും എൽഎസ്ജിഡി ശുചിത്വമിഷനും ഒന്നാം സ്ഥാനം നേടി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കെഎസ്ഇബിഎല്ലും രണ്ടാം സ്ഥാനത്തെത്തി. ഹരിതകേരള മിഷനാണ് മൂന്നാം സ്ഥാനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. ഐഎച്ച്ആർഡിയുടെ ചാക്കയിലുള്ള ഇൻഫർമേഷൻ ടെക്നോളജി ഡിവിഷന്റെ വെബ്സൈറ്റിനാണ് ഒന്നാം സ്ഥാനം. കേരള പി.എസ്.സി വെബ്സൈറ്റിന് രണ്ടാം സ്ഥാനവും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെയും ബിവറേജസ് കോർപ്പറേഷന്റെയും വെബ്സൈറ്റുകൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മികച്ച അക്ഷയ കേന്ദ്രമായി രാജേഷ് വി (കോഴിക്കോട് 134) ഒന്നാം സ്ഥാനത്തിനും അനുരാജ് പി.വി (ആലപ്പുഴ 197) രണ്ടാം സ്ഥാനത്തിനും കൊച്ചന്നാമ്മ കുര്യൻ (പത്തനംതിട്ട 024) മൂന്നാം സ്ഥാനത്തിനും അർഹമായി. മികച്ച ഇന്നവേഷൻ സ്റ്റാർട്ടപ്പുകളിൽ എ 4 മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം സ്ഥാനത്തെത്തി. നയ്ക്വസ്റ്റ്‌ ഇന്നൊവേഷൻ ലാബ്സും ഫ്യൂസലേജ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സോഷ്യൽ മീഡിയ ആൻഡ് ഇ-ഗവേണൻസ് വിഭാഗത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഒന്നാം സ്ഥാനത്ത്. വയനാട്, തിരുവനന്തപുരം ജില്ലാ ഭരണകൂടങ്ങൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ലകളിൽ വയനാട് ജില്ലാ ഭരണകൂടം ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപ്പറേഷനും മൂന്നാം സ്ഥാനവും നേടി. ഇ-ഹെൽത്ത്, ഇ-മെഡിസിൻ വിഭാഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഒന്നാം സ്ഥാനത്തിനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വകുപ്പ് പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹമായി. ദുരന്ത നിവാരണത്തിലേയും കോവിഡ് മഹാമാരിയുടെ മാനേജ്മെന്റിലെയും ഇന്നവേഷനുകൾക്ക് സിഡിറ്റും വയനാട് റവന്യൂ വകുപ്പിലെ ഡിസ്ട്രിക്ട് എമർജെൻസി ഓപ്പറേഷൻസ് സെന്ററും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.

സെപ്റ്റബർ 25 ന് ഐഎംജിയിലെ പത്മം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യ അതിഥിയാകും.

തെരുവ് നായ ശല്യത്തിനെതിരെ പ്രതിഷേധമിരമ്പി ; റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ  കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം ന...
16/09/2025

തെരുവ് നായ ശല്യത്തിനെതിരെ പ്രതിഷേധമിരമ്പി ; റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

കോഴിക്കോട് : രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി.

കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത്‌ കുമാർ ഉത്ഘാടനം ചെയ്തു. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ നിയമ നിർമ്മാണം നടത്തണമെന്നും, തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ ജനവാസമില്ലാത്ത മേഖലയിൽ ഷെൽട്ടർ ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും, പൊതു സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൃഗ സ്നേഹത്തിന്റെ മറവിൽ വൻകിട വാക്‌സിൻ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാൻ ഭരണാധികാരികളും നീതി ന്യായ കോടതി കളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി രാഷ്ട്രീയ ബഹുജന സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഫെഡറേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ടുമായ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് ആർ അനിൽ കുമാർ, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് കെ സതീദേവി, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാർദ്ദനൻ, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എൻ കെ ലീല, എൻ ഭാഗ്യനാഥൻ, കെ സി രവീന്ദ്രനാഥ്‌, എം പി രാമകൃഷ്ണൻ, പി രാധാകൃഷ്ണൻ, കെ വി ഷാബു, സക്കീർ പാറക്കാട്, ടി എം ബാലകൃഷ്ണൻ, വി സത്യനാഥൻ, കെ പ്രേമദാസൻ മാസ്റ്റർ, കെ സി അബ്ദുൽ റസാക്ക്, എം സുലേഖ, ശറഫുദ്ദീൻ കടലുണ്ടി, ഹുസൈൻ താമരശ്ശേരി, രാജീവ് പയ്യോളി, റഫീഖ് മുള്ളത്തു് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : തെരുവ് നായ ശല്യത്തിനെതിരെ റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത്‌ കുമാർ ഉത്ഘാടനം ചെയ്യുന്നു

ഡോ. പി.എ ലളിത അവാർഡ് പാലിയം ഇന്ത്യക്കും  ഡോ. സുരേഷിനുംകോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പ...
16/09/2025

ഡോ. പി.എ ലളിത അവാർഡ് പാലിയം ഇന്ത്യക്കും ഡോ. സുരേഷിനും

കോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ. എം.ആർ രാജഗോപാലിന്റെ സാരഥ്യത്തിലുള്ള പാലിയം ഇന്ത്യയും ഡോ. സുരേഷ്കുമാറും അർഹരായി. ഇരുവർക്കും അരലക്ഷം രൂപ വീതമാണ് അവാർഡ് തുക.

സാന്ത്വനപരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സി.എച്ച് സെൻ്ററിനു കീഴിൽ ഡോ. എം. അബ്‌ദുള്ള അമീറലി നേത്യത്വം നൽകുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിനാണ്.

ഡോ. പി.എ ലളിതയുടെ പേരിലുള്ള നാലാമത്തെ അവാർഡാണിത്. മികച്ച വനിതാ സംരംഭക, ഡോക്ടർമാരിലെ മികച്ച എഴുത്തുകാർ, മനസ്സലിവുള്ള ഡോക്ടർ എന്നീ മേഖലകളിലാണ് നേരത്തേ അവാർഡ് നൽകിയിരുന്നത്.
അവാർഡ് ദാന തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഡോ. സുരേഷ്കുമാർ

വൈദ്യശാസ്ത്ര ബിരുദം ധനസമ്പാദനത്തിനല്ല, സാമൂഹ്യസേവനത്തിനായിരിക്കണമെന്ന നിഷ്കർഷ ജീവിതത്തിലുടനീളം നിലനിർത്തിയ ഭിഷഗ്വരനാണ് ഡോ. സുരേഷ്കുമാർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പി.ജി പഠനകാലത്ത് അദ്ദേഹം മനസ്സാ സ്വീകരിച്ചതാണ് സാന്ത്വനചികിത്സ.
കോഴിക്കോട് മെഡിക്കൽ കോളജിൽ അനസ്തീഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കെ തൻ്റെ അഭിവന്ദ്യഗുരുനാഥൻ ആവിഷ്കരിച്ച സാന്ത്വനചികിത്സാ പദ്ധതിയിൽ ഡോ. സുരേഷ്കുമാർ ആകൃഷ്ടനാകുകയും ആ നിമിഷം മുതൽ അതിൻ്റെ പ്രധാന പ്രവർത്തകനും പ്രചാരകനുമായി പ്രവർത്തിക്കുന്നു. ഡോ. രാജഗോപാൽ തുടങ്ങിവച്ച തൻറെ മാധ്യമ സാന്ത്വനചികിത്സാ പദ്ധതിക്ക് അക്കാലത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ജനമനസ്സുകളിൽ എത്തിച്ചത് സുരേഷ്കുമാറാണ്. തുടർന്ന് അദ്ദേഹത്തിൻ്റെ ജീവിതം സാന്ത്വനചികിത്സയ്ക്കായി മാറ്റിവച്ചതായിരുന്നു. മൂന്നു
സാന്ത്വനചികിത്സാ പതിറ്റാണ്ടുകാലമായി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഫാക്കൽറ്റിയായും ചികിത്സകനായും രോഗികളുടെ ചങ്ങാതിയായും അദ്ദേഹം അക്ഷീണം പ്രവർത്തിക്കുന്നു.
നിലവിൽ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തിലുള്ള സാന്ത്വനചികിത്സാ പരിപോഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറാണ് ഡോ. സുരേഷ്കുമാർ.

പാലിയം ഇന്ത്യ

ഇന്ത്യയിലെ സാന്ത്വനചികിത്സയുടെ പിതാവ് ഡോ. എം. ആർ രാജഗോപാൽ നട്ടുവളർത്തി പന്തലിപ്പിച്ച ലോകപ്രശസ്ത സ്ഥാപനമാണ് പാലിയം ഇന്ത്യ. ഏറ്റവും ശാസ്ത്രീയമായ രീതിയിൽ, ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ സാന്ത്വനചികിത്സ ലഭ്യമാക്കുന്നതിനുള്ള ഗവേഷണം, പരിശീലനം എന്നിവ നൽകുന്നു. സാന്ത്വനചികിത്സ ആശയം എത്തിപ്പെടാത്ത ഇന്ത്യൻ പ്രദേശങ്ങളിലെല്ലാം പദ്ധതിയുടെ സേവനമെത്തിക്കാൻ പ്രവർത്തിക്കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളിൽ സാന്ത്വനചികിത്സാ പദ്ധതിയുടെ സേവനമെത്തിക്കാൻ പാലിയത്തിന്റെ പ്രവർത്തനത്തിനായി. 2016 ൽ സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചു. 2016 ൽ പാലിയം ഇന്ത്യ ശാസ്ത്രീയമായ സാന്ത്വനചികിത്സ പരിശീലിപ്പിക്കുന്നതിനായി പാലിയേറ്റീവ് സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 201208 ലോകാരോഗ്യ സംഘടനയുടെ കൊളാബൊറേറ്റീവ് സെൻറർ ആയി അംഗീകരിക്കപ്പെട്ടു.

പൂക്കോയതങ്ങൾ ഹോസ്പിസ്

പാണക്കാട് തങ്ങൾ കുടുംബത്തിന്റെ മഹനീയ ആശീർവാദത്തിൻ കീഴിൽ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ . അമീറിന്റെ സാരഥ്യത്തിൽ സാന്ത്വനപരിചരണരംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് പി.ടി.എച്ച്. അഞ്ചു വർഷം മുമ്പു മാത്രം പിറവിയെടുത്ത പി.ടി.എച്ചിന് ഇന്ന് കേരളത്തിൽ മാത്രം 36 യൂണിറ്റുകളും 4180 ഹെൽത്ത് കെയർ വളണ്ടിയർമാരുമുണ്ട്. തമിഴ്നാട്ടിൽ നീലഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും
യൂണിറ്റുകളുണ്ട്.
പത്രസമ്മേളനത്തിൽ മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എം.ഡി ഡോ. മിലി മണി, അവാർഡ് നിർണയ സമിതി അംഗങ്ങളായ എ. സജീവൻ, കമാൽ വരദൂർ എന്നിവർ പങ്കെടുത്തു.

Address

Kollam
Punalur
691332

Telephone

+917559905484

Website

Alerts

Be the first to know and let us send you an email when People24x7.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to People24x7.com:

Share