
30/07/2025
‘സയനൈഡ്’ നാവിൽ ഒന്ന് തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്താണ് ലോകത്തിന് അറിയില്ലായിരുന്നു അതറിയാൻ ശ്രമിച്ചവർ ആരും തന്നെ ജീവിച്ചിരിപ്പില്ല താനും. എന്നാൽ ആദ്യമായും അവസാനമായും സയനൈഡിന്റെ രുചി അറിഞ്ഞ് അത് ലോകത്തെ അറിയിച്ച് ലോകം വിട്ടുപോയ ഒരേഒരാളുണ്ട് അയ്യാൾ ഒരു മലയാളിയാണ് എറണാകുളം സ്വദേശിയായ കണ്ണൻ എന്ന പ്രസാദ്. ശാസ്ത്രലോകം ഇന്നും മഹാത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ആ സംഭവം നടക്കുന്നത് 2006 ൽ ആണ്. കൃത്യമായി പറഞ്ഞാൽ 2006 ജൂൺ 17.
എന്നാൽ പ്രസാദിന്റെ മരണശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ലോകശ്രദ്ധ നേടുന്നത്. 2021 ലെ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ബെഞ്ചമിന്‍ ലെബറ്ററിന്റെ 'വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് ' (When We Cease to Understand the World) എന്ന പുസ്തകത്തിലൂടെ. അതിവിശിഷ്ടമായ നോണ്‍ ഫിക്ഷന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകം ശാസ്ത്രലോകത്തെ അട്ടിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. അതിലൊരാള്‍ പ്രസാദായിരുന്നു. വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ചു.
എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ - സരോജം ദമ്പതികളുടെ മുത്തമകൻ കണ്ണൻ എന്ന പ്രസാദ്. സുമുഖനും ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിന് ഉടമയുമായ കട്ടിമീശക്കാരൻ, തേച്ചുമിനുക്കിയ മുഴുൈക്ക ഷർട്ടും പാൻറ്സും വേഷം, എപ്പോഴും മുഖത്ത് പുഞ്ചിരി, ഒരു തവണ സംസാരിച്ചവർ പോലും ഓർത്തുവെക്കുന്ന പ്രകൃതം. തൃപ്പൂണിത്തുറയിലെ സ്വർണ്ണപ്പണി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി തുടങ്ങിയത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും കടം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി 'ഗോൾഡൻ ജ്വല്ലറി വർക്സ്' എന്ന കട തുടങ്ങിയത്.
ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്‍റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്‍റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്‍റെ രൂപത്തിലെത്തിയത്. മാർബിൾ തൊഴിലാളികളാണെന്നു പരിചയപ്പെടുത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ അകത്ത് പിച്ചളയായ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
വൈകിയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.
ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ച പ്രസാദ് ജൂൺ 15ന് വെണ്ണക്കരയിലെ ബന്ധുവീട്ടിൽനിന്ന് സയനൈഡുമായി ഇറങ്ങി. സ്വർണ്ണപ്പണിക്കാരനായത്കൊണ്ട് സയനൈഡ് വാങ്ങാനുള്ള ലൈസൻസുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ 207ാം നമ്പർ മുറിയെടുത്ത് താമസിച്ചു. ജൂൺ 16നാണ് അവസാനമായി അച്ഛനും അമ്മയും പ്രസാദിനോട് ഫോണിൽ സംസാരിച്ചത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ നിർബന്ധിച്ചു.
അമ്മയുടെ പിറന്നാൾ ദിവസമായ ജൂൺ 18ന് വരാമെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ ഹോട്ടൽ ബോയിയെക്കൊണ്ടും അച്ഛനോട് സംസാരിപ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 6.45ന് സഹോദരൻ പ്രദീപിനോടും സംസാരിച്ചു. മൊബൈൽ ഓഫാക്കിയതിനാൽ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചാണ് ഫോൺ കണക്ട് ചെയ്തത്. അപ്പോഴും സന്തോഷവാനായിരുന്നെന്നും പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടി പ്രദീപിനും ലഭിച്ചു. പക്ഷെ പ്രസാദ് പിന്നീട് ആ മുറിവിട്ട് പുറത്ത് വന്നില്ല. അടുത്ത ദിവസം നേരമേറെ ആയിട്ടും മുറിവിട്ട് പുറത്ത് വരാതിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പ്രസാദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു ആ ആത്മഹത്യ കുറിപ്പിലാണ് അതുവരെ ലോകം അറിയാതിരുന്ന ആ രഹസ്യം പ്രസാദ് കുറിച്ചിട്ടിരുന്നത്
കുറിപ്പ് ഇങ്ങനെയായിരുന്നു ➖
“Doctors, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ വളരെ പതുക്കെ നാവെല്ലാം എരിഞ്ഞുപോകും, നല്ല കടുപ്പമാണ്, ഭയങ്കര ചവര്‍പ്പാണ്”.
''എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതിത്തീരുന്നതുവരെ...'' സയനൈഡിന്‍റെ രുചി രേഖപ്പെടുത്താനുള്ള കാരണമായി പ്രസാദ് രേഖപ്പെടുത്തിയത് ഇതായിരുന്നു. അതേ പേജിൽ ഒരു വരി വിട്ട ശേഷം ''എന്‍റെ മരണത്തിന് അവർ മാത്രമാണ് ഉത്തരവാദികൾ, ബിക്കനിർ സ്വദേശികളായ ഹിന്ദിക്കാർ...'' എന്നും എഴുതിയിരുന്നു…
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഡോ. പിബി ഗുജറാളായിരുന്നു പ്രസാദിന്റെ മൃതദേഹ പരിശോധന നടത്തിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ പേനത്തുമ്പില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. രുചി അറിയാന്‍ അത് മതിയായിരുന്നു. അതുകൊണ്ടാണ് അത് എഴുതാന്‍ കഴിഞ്ഞതും.