20/06/2025
ദളിതനാണ് എഞ്ചിനീയറാണ് സർക്കാർ ഉദ്യോഗസ്ഥനാണ് മോഡലിംഗിൽ ഒരു കൈ നോക്കുന്നുണ്ട്. പ്രണയിച്ചു കെട്ടിയത് നായര് പെൺകുട്ടിയെ. അതും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ..
ജാതിയിൽ കുറഞ്ഞവനാണ് എന്ന കോംപ്ലക്സ് നിന്നെ പോലെ തന്നെ ഉണ്ടായിരുന്നവനാണ് ഞാനും. പലയിടങ്ങളിലും നേരിട്ട അവഗണകൾ ജാതിയുടെ പേരിലാണെന്നാണ് അന്ന് ഞാനും വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്നെനിക്ക് ഉറപ്പിച്ച് പറയാനാകും നല്ല ജോലിയും കയ്യിൽ കാശും ഉണ്ടെങ്കിൽ ഏത് ദളിതൻ അയാലും അവന് ബഹുമാനം കിട്ടും. ഇതൊന്നും ഇല്ലെങ്കിൽ അവൻ ഇനി ബ്രാഹ്മണൻ ആണെന്ന് പറഞ്ഞാലും പട്ടീടെ വില പോലും ഉണ്ടാകില്ല.
വർഷങ്ങൾക്ക് മുന്നേ കോളനിയിൽ കിടന്ന സുജിത്തിന് അവഗണനകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. എന്നാൽ ഇന്ന് ഫ്ലാറ്റിൽ കഴിയുന്ന സുജിത്തിന് എവിടേയും കേറിചെല്ലാം. ജാതിയുടെ പേരിൽ എവിടേയും ക്ഷണിക്കപ്പെടാതെയിരിക്കുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല. ജാതിയുടെ പേരിൽ ഒരു വാതിലും കൊട്ടിയടച്ചിട്ടില്ല. റിസർവേഷൻ കോളത്തിൽ അല്ലാതെ എവിടേയും ആരും എന്നോട് ജാതി ചോദിച്ചിട്ടുമില്ല.
എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത് സ്കൂളിൽ അവിചാരിതമായി പരിചയപ്പെട്ട ഒരു സുഹൃത്താണ്. അവന്റെ വീട്ടുകാരാണ്. അവന്റെ വീട്ടുകാരിൽ നിന്നാണ് പുറത്ത് വിശാലമായൊരു ലോകമുണ്ടെന്നും അവിടെ ഒരുപാട് സാധ്യതകളുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞത്. അച്ഛനൊപ്പം കിണറു പണിക്ക് പോകാനിരുന്ന ഞാൻ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത് അവിടുന്നാണ്. ആ സ്വപ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചപ്പോഴാണ് മറ്റാർക്കും ഇല്ലാത്ത അവസരങ്ങൾ ജാതിയുടെ പേരിൽ എനിക്കുണ്ടെന്ന് മനസ്സിലാകുന്നത്.
പഠിക്കാൻ ഞാൻ ഒരിക്കലും മിടുക്കൻ ആയിരുന്നില്ല. കഷ്ടിച്ച് തട്ടിയും മുട്ടിയുമങ്ങ് പോകും. എന്നാൽ ദളിതനായതിന്റെ ആനുകൂല്യം എന്നെ തുണച്ചു. ഇഷ്ടപ്പെട്ട സ്കൂളിൽ തന്നെ പ്ലസ് ടു അഡ്മിഷൻ. അതിന് ശേഷം എഞ്ചിനീയറിംഗ് അഡ്മിഷൻ. ഫീസ്സില്ലാതെയുള്ള പഠനം. ഏറ്റവും ഒടുവിൽ ഗവൺമെന്റ് ജോലിയും. അവിടെയെല്ലാം എന്റെ ജാതി എനിക്ക് അനുഗ്രഹമായി. ജാതി നൽകിയ സാധ്യതകൾ ഞാൻ പ്രയോജനപ്പെടുത്തി എന്ന് വേണം പറയാൻ. അല്ലാതെ നീ പറയുന്ന പോലെ പഠിക്കാനുള്ള കഴിവൊന്നും എന്റെ DNA യിൽ ഇല്ലെന്ന് പറഞ്ഞു ഇരുന്നിരുന്നേൽ കിണറ് കുഴിക്കുന്നിടത്തോ മരംവെട്ടുന്നിടത്തോ ഒക്കെ എന്നെ കണ്ടേനെ.
എന്തിനേറെ പറയുന്നു ദളിതനായ നീ സിനിമയിൽ വരെ എത്തിയില്ലേ? നിന്നെ പിന്തുണക്കുന്നവർ ദളിതർ മാത്രമാണോ?എവിടെയെങ്കിലും ജാതിയുടെ പേരിൽ നിന്നെ തടഞ്ഞോ? എവിടെയെങ്കിലും മാറ്റിനിർത്തിയോ? പണ്ട് നിന്നെ മാറ്റിനിർത്തിയിട്ടുണ്ടാവാം അത് ജാതിയുടെ പേരിലല്ല നിന്റെ സ്റ്റാറ്റസിന്റെ പേരിലാണ്. വിദ്യാഭ്യാസത്തിലും കഴിവിലുമൊക്കെയാണ് ഇന്ന് വില ഉണ്ടാവുക.
നിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട് വരുന്ന പിള്ളേരാണ് നിന്റെ ആരാധകർ. അവർക്ക് നീ പറഞ്ഞു കൊടുക്കേണ്ടത് ഈ ആധുനിക ലോകത്തെ സാധ്യതകളെക്കുറിച്ചാണ്. അല്ലാതെ നീ ദളിതനാണ്, നിന്റെ DNA യിൽ കഴിവൊന്നുമില്ല, നിന്നെ എല്ലാരും അവഗണിക്കും എന്നൊക്കെ പറഞ്ഞു അവരുടെ കുഞ്ഞു മനസ്സ് മടുപ്പിക്കുകയല്ല വേണ്ടത്. രാഷ്ട്രീയമൊക്കെ ആകാം പക്ഷേ അത് നിന്നെ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്നതാകല്ല്.