01/05/2025
ബെംഗളൂരു: നിസ്കരിക്കാനായി നടുറോഡില്‍ ബസ് നിർത്തിയിട്ട ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത്. കർണാടക ട്രാൻസ്‌പോർട്ട് ബസിന്റെ ഡ്രൈവറാണ് യാത്രാ മദ്ധ്യേ നിസ്കരിക്കാൻ വാഹനം തിരക്കുള്ള റോഡിലില്‍ നിർത്തിയിട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ജാവേരിക്ക് സമീപമുള്ള ഹുബ്ബള്ളി-ഹാവേരി ഹൈവേയിലാണ് സംഭവം. ഡ്രൈവറുടെ പ്രവർത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ബസിലുണ്ടായിരുന്ന യാത്രക്കാരെ വലയ്‌ക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചതോടെ കർണാടക ഗതാഗത വകുപ്പ് ഡ്രൈവർക്കതിരെ നടപടിയെടുത്തു. വീഡിയോയില്‍ നിർത്തിയിട്ട ബസിനുള്ളില്‍ സീറ്റിലിരുന്ന് ഡ്രൈവർ നിസ്കരിക്കുന്നത് കാണാം. ബസില്‍ നിറയെ യാത്രക്കാരുണ്ട്. പുറത്ത് ഗതാഗതകുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ബസിന് പിന്നില്‍ നിന്ന് തുടർച്ചയായി ഹോണ്‍ മുഴക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലടക്കം ഡ്രൈവറുടെ പ്രവർത്തിക്കെതിരെ വിമർശനം ഉയരുകയാണ്. ഒരാളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൊതു ബസ് നിർത്തരുതെന്ന് പലരും പറഞ്ഞു. ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഡ്രൈവർക്കെതിരെ പ്രതിഷേധം ശക്തമായതോടെ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (NWKRTC) അയച്ച കത്തില്‍, സർക്കാർ ജീവനക്കാർ സേവന നിയമങ്ങള്‍ പാലിക്കണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മന്ത്രി ഈ പ്രവൃത്തിയെ പ്രതിഷേധകരം എന്ന് വിശേഷിപ്പിച്ചു