21/10/2025
Waiter ആയിട്ട് നിന്ന 17 വയസുള്ള പയ്യനോട് ഷെഫ് ചോദിച്ചു, നിനക്ക് പാചകം ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടോ, അതിന് നൽകിയ മറുപടി ആ പയ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു സുരേഷ് പിള്ളയുടെ ജനനം, അച്ഛൻ കൂലിപ്പണിക്കാരൻ ആയിരുന്നു, അമ്മ അടുത്തുള്ള കയർ ഫാക്ടറിയിലെ തൊഴിലാളിയും.
പഠിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും ആ പയ്യന് പത്താം ക്ലാസ്സിന് ശേഷം പഠനം തുടരാൻ കഴിഞ്ഞില്ല, പകരം ജോലി അന്വേഷിച്ചു ഇറങ്ങിയ അവന് ആദ്യം ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ആയിട്ട് ജോലി കിട്ടി. മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു തീയേറ്ററിലേക്ക് മാറ്റം, അതും കഴിഞ്ഞു ഒരു ഫിഷ് ഫാക്ടറിയിൽ രാത്രി കാവൽ.
വെറും 16 വയസുള്ള കൊച്ചു കുട്ടിയാണ്, വിജനമായ പ്രദേശത്ത് രാത്രി ഒറ്റക്ക് കാവൽ നിൽക്കേണ്ടത്, അതോടു കൂടി മറ്റു എന്തെങ്കിലും ജോലി കണ്ടെത്തണം എന്നായി അവന്റെ ചിന്ത.
അങ്ങനെ ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞു അവൻ കൊല്ലം ബിഷപ്പ് ജെറോം നഗറിൽ പോയി, അവിടെ കുറെ സൂപ്പർമാർക്കറ്റുകൾ ഉണ്ടായിരുന്നു, അവിടെയെല്ലാം കയറി അവൻ ജോലി അന്വേഷിച്ചു, എന്നാൽ നിരാശയായിരുന്നു ഫലം.
അവിടെ പിന്നെ ആകെ മിച്ചം ഉണ്ടായിരുന്നത് ഒരു ഐസ്ക്രീം പാർലറും പിന്നൊരു ഹോട്ടലുമായിരുന്നു. ഹോട്ടൽ ജോലി താല്പര്യം ഇല്ലാതിരുന്ന കൊണ്ട് അവൻ ആ ഐസ്ക്രീം പാർലറിൽ കൂടി പോയി ജോലി അന്വേഷിച്ചു, എന്നാൽ അവിടെയും ഒഴിവൊന്നും ഉണ്ടായിരുന്നില്ല പക്ഷേ അവിടെ നിന്നിരുന്ന ചേട്ടൻ അവനോട് അപ്പുറത്തുള്ള ഹോട്ടലിൽ പോയി തിരക്കാൻ പറഞ്ഞു..
അങ്ങനെ അവൻ ആ ഹോട്ടലിൽ ചെന്ന് അതിന്റെ ഉടമസ്ഥനോട് ജോലി ചോദിച്ചു, അവന്റെ സംസാരവും ചായക്കടയിലും തട്ടുകടയിലും ഒക്കെ നിന്ന കഥയും ഒക്കെ കേട്ട അയാൾ അവന് അവിടെ waitor ആയിട്ട് ജോലി കൊടുത്തു.
Chef King എന്ന് പേരുള്ള ആ റെസ്റ്റോറന്റിൽ അവന്റെ ശമ്പളം 450 രൂപയായിരുന്നു, അവൻ അവിടെ ഒരുപാട് ആസ്വദിച്ചു ജോലി ചെയ്തു. അവിടെ ധാരാളം ടൂറിസ്റ്റ് വരുന്ന സ്ഥലം കൂടിയായിരുന്നു, അങ്ങനെ വരുന്ന ടൂറിസ്റ്റുകളോട് സംസാരിക്കാൻ അവന് വലിയ ഇഷ്ടമായിരുന്നു, അറിയാവുന്ന മുറി ഇംഗ്ലീഷ് ഒക്കെ വച്ച് അവരോട് പരമാവധി സംസാരിക്കാൻ അവൻ എപ്പോഴും ശ്രമിച്ചിരുന്നു.
Waitor ആണെങ്കിലും അവിടെയുള്ള ഷെഫ് കുക്ക് ചെയ്യുന്നതൊക്കെ കാണാനും സഹായിക്കാനും അവന് ഇഷ്ടമായിരുന്നു, അങ്ങനെ ഒരു ദിവസം രാത്രി ഹോട്ടൽ പ്രവർത്തന സമയം കഴിഞ്ഞു ഷെഫിനെ സഹായിക്കാൻ ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന അവനോട് ആ ഷെഫ് ചോദിച്ചു,
നീ ഉള്ളി അരിയുന്നത് ഒക്കെ കണ്ടാൽ ഒരു പ്രൊഫഷണൽ ഷെഫ് അരിയുന്നത് പോലെയുണ്ട്, എന്തുകൊണ്ട് കിച്ചണിൽ കയറിക്കൂടാ..
അങ്ങനെ അവൻ കിച്ചണിൽ കയറി പാചകം പഠിച്ചു ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങി, അപ്പോഴും പാചകം ചെയ്യുക എന്നതിനപ്പുറം അതിന്റെ മിച്ചം വരുന്ന ഭാഗങ്ങൾ ഒക്കെ കഴിക്കാൻ കിട്ടുമെന്നായിരുന്നു അവന്റെ സന്തോഷം.
1998 ൽ അയാൾ കുറച്ചു കൂടി മെച്ചപ്പെട്ട ജോലി തേടി ബാംഗ്ലൂരിലേക്ക് കുടിയേറി, അവിടെ Coconut Grove എന്ന ഹോട്ടലിൽ ജോലിക്ക് കയറി പതിയെ അവിടെ ഹെഡ് ഷെഫ് എന്ന പൊസിഷനിൽ എത്തി. എന്നാലും ഒരു പ്രൊഫഷണൽ ഡിഗ്രി ഇല്ലാത്തതിനാൽ 5 സ്റ്റാർ ഹോട്ടലിൽ ജോലി ലഭിക്കില്ലായിരുന്നു.
എന്നിരുന്നാലും അയാൾ തന്റെ എക്സ്പീരിയൻസിൽ വിശ്വസിച്ചു പരിശ്രമം തുടർന്നുകൊണ്ടേ ഇരുന്നു, ഒടുവിൽ 2000ൽ ബാംഗ്ലൂരിൽ ഉള്ള ലീല പാലസ് എന്ന 5 സ്റ്റാർ ഹോട്ടൽ അദ്ദേഹത്തിന് ജോലി നൽകാൻ തയ്യാറായി, പക്ഷേ ഒരു ട്രെയിനി എന്ന നിലയിലാണ് ജോലി, തന്റെ 12 വർഷത്തെ എക്സ്പീരിയൻസ് ഒക്കെ മാറ്റി വച്ചിട്ട് അദ്ദേഹം ആ ജോലിയിൽ പ്രവേശിച്ചു,
വലിയ സ്വപ്നങ്ങൾ നേടാൻ ഇടയിൽ ചെറിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്ന് അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു. ശമ്പളം കുറവായിരുന്നെങ്കിലും 5 സ്റ്റാർ ഹോട്ടലിലെ എക്സ്പീരിയൻസ് തന്നെ ഭാവിയിൽ വളരാൻ സഹായിക്കും എന്ന് അദ്ദേഹം കണക്ക് കൂട്ടി.
അത് യാഥാർഥ്യം ആയത് 2005 ലാണ്, ലണ്ടനിലെ Veeraswamy Restaurant അദ്ദേഹത്തിന് 5 സ്റ്റാർ മാനദണ്ഡങ്ങൾ ഒഴിവാക്കി ജോലി നൽകാൻ തയ്യാറായി.
അങ്ങനെ ബാംഗ്ലൂർ നിന്നും ലണ്ടനിലേക്ക് അദ്ദേഹം എത്തിപ്പെട്ടു.
അവിടെ The Dorchester Hotel എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു 5 സ്റ്റാർ ഹോട്ടലുണ്ട്, അതിൽ ഒരു റെസ്റ്റോറന്റ് ഉണ്ട് അതിന്റെ പേര് Alain Ducasse എന്നായിരുന്നു, അത് ലോക പ്രസിദ്ധനായ ഒരു ഷെഫിന്റെ പേരായിരുന്നു.
ലണ്ടനിൽ ജോലി ചെയ്യുമ്പോൾ ഒഴിവ് സമയങ്ങളിൽ എല്ലാം ഷെഫ് പിള്ള ഈ ഹോട്ടലിൽ പോയി അവിടെയുള്ള ഈ റെസ്റ്റോറന്റ് നോക്കി നിൽക്കുമായിരുന്നു.
ഒരു ഷെഫിന്റെ പേരിൽ റെസ്റ്റോറന്റ് എന്നത് അദ്ദേഹത്തിന് ഒരു കൗതുകമായിരുന്നു. എന്നെങ്കിലും തന്റെ പേരിലും ഒരെണ്ണം ഇതുപോലെ ആരംഭിക്കണം എന്നത് ഒരു സ്വപ്നമായി അദ്ദേഹം കാണാൻ തുടങ്ങി.
വർഷങ്ങളും മാസങ്ങളും കഴിഞ്ഞു പോയി, 2017 BBC ചാനൽ നടത്തുന്ന MasterChef പ്രോഗ്രാമിൽ മത്സരിക്കാൻ പോയി. ഇന്റർനാഷണൽ ലെവലിൽ ആളുകൾ മത്സരിക്കുന്ന അവിടെ പിള്ള പോയി നമ്മുടെ കേരള സ്റ്റൈൽ നാടൻ മീൻകറി ഉൾപ്പെടെ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിച്ചു.
ഈ ഒരൊറ്റ പ്രോഗ്രാം കൊണ്ട് ഷെഫ് പിള്ള എന്ന പേരും നമ്മുടെ സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളും UK ൽ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴേക്കും അദ്ദേഹം ഒരു 5 സ്റ്റാർ ഹോട്ടൽ ഷെഫ് എന്നതിനപ്പുറം സെലിബ്രിറ്റി ഷെഫ് എന്നതിലേക്ക് വളർന്നിരുന്നു.
2018 ൽ അദ്ദേഹം തിരികെ കേരളത്തിലേക്ക് വന്നു, തന്റെ ഇന്റർനാഷണൽ എക്സ്പീരിയൻസ് ഇവിടെ ഉള്ളവരുമായി പങ്ക് വയ്ക്കുക, ഇവിടെ നിന്ന് നമ്മുടെ പരമ്പരാകത രുചികൾ ലോകത്തിന് പരിചയപ്പെടുത്തുക എന്നതൊക്കെ ആയിരുന്നു ഉദ്ദേശങ്ങൾ.
അങ്ങനെ കുറച്ചു നാൾ നാട്ടിൽ നിന്ന് തിരികെ മടങ്ങുക എന്ന പ്ലാൻ വൈകാതെ അദ്ദേഹത്തിന് മാറ്റേണ്ടി വന്നു. അതിന്റെ എല്ലാം തുടക്കം 2020 ലോക്ക്ഡൌൺ കാലഘട്ടമാണ്.
അന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്ത അധ്യായം ആരംഭിക്കുന്നത്. എല്ലാവരും സോഷ്യൽ മീഡിയയിലേക്ക് കൂടുതൽ അടുത്ത ആ സമയത്താണ് അദ്ദേഹം തന്റെ കുക്കിംഗ് വിഡിയോ ഓരോന്നായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചത്.
സെലിബ്രിറ്റി ഷെഫ് പങ്ക് വയ്ക്കുന്ന വീഡിയോ കാണാൻ ധാരാളം ആളുകൾ ഉണ്ടായി.
അങ്ങനെയെങ്കിൽ നാട്ടിൽ മറ്റൊരു പരീക്ഷണം നടത്തിയാലോ എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായി, പണ്ട് ലണ്ടനിൽ വച്ചു താൻ കണ്ടിരുന്ന ആ സ്വപനം, സ്വന്തം പേരിൽ ഒരു റെസ്റ്റോറന്റ്.
അങ്ങനെ അതിനുള്ള പരിശ്രമം ആരംഭിച്ചു, 2021 ൽ ബാംഗ്ലൂരിൽ Restaurant Chef Pillai എന്ന പേരിൽ തന്റെ ആദ്യത്തെ റെസ്റ്റോറന്റ് അദ്ദേഹം തുറന്നു.
എന്നാൽ ഒരു റെസ്റ്റോറന്റ് തുടങ്ങി അതിൽ ഒതുങ്ങി കൂടുക എന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ, തന്റെ പേരിൽ ഒരു റെസ്റ്റോറന്റ് ശൃംഗല ആരംഭിക്കുക, അതും ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വ്യാപിക്കുക എന്നൊരു വലിയ സ്വപ്നം അദ്ദേഹം കാണാൻ തുടങ്ങിയിരുന്നു.
2022 - അന്ന് ഇന്ത്യയിൽ ആദ്യമായ്, Le Meridian എന്ന ഇന്റർനാഷണൽ ബ്രാൻഡ് അവരുടെ കൊച്ചിയിലെ ഹോട്ടലിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ ഷെഫ് പിള്ളയ്ക്ക് അനുമതി കൊടുത്തു.
അങ്ങനെ ലണ്ടനിൽ അദ്ദേഹം കണ്ട സ്വപ്നം പൂർണ്ണമായും യാഥാർഥ്യമായി, റെസ്റ്റോറന്റ് ഉത്ഘാടനം ചെയ്യാൻ വന്നത് മൂന്ന് പേരായിരുന്നു.
അദ്ദേഹത്തിന് ആദ്യമായി ജോലി നൽകിയ കൊല്ലത്തെ Chef King ഹോട്ടൽ ഉടമ മണി, സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ചായക്കടയിൽ സഹായി ആയിട്ട് അദ്ദേഹം പോയിരുന്നു, ആ ചായക്കട നടത്തിയിരുന്ന ശ്യാമളചേച്ചി, പിന്നെ ഈ റെസ്റ്റോറന്റ് തുറക്കാൻ എല്ലാ സഹായവും ചെയ്ത് നൽകിയ ദിലീപ് എന്നൊരാൾ.
കാന്താരാ സംവിധാനം ചെയ്ത റിഷബ് ഷെട്ടിയുടെ കഥ എഴുതിയപ്പോൾ അതിൽ ഒരു വാചകം പറഞ്ഞിരുന്നു ചില മനുഷ്യർ ഒരുപാട് വളർന്നു കഴിയുമ്പോൾ അവർ വന്ന വഴികൾ തേടി തിരികെ പോകും, തന്നെ ഏതെങ്കിലും രീതിയിൽ സഹായിച്ച ഓരോ വ്യക്തികളെയും തിരഞ്ഞു പിടിക്കും കൂടെ കൂട്ടും അല്ലെങ്കിൽ അവർക്ക് വേണ്ട എന്തും നൽകും.
പ്രീ ഡിഗ്രി പഠിക്കാൻ ഫീസ് ഇല്ലാതെ സെക്യൂരിറ്റി പണി ചെയ്ത് നടന്ന ആ പയ്യൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു സംരംഭകനാണ്, ഇന്ത്യയിലും പുറത്തുമായി വിവിധ ബ്രാൻഡിൽ വ്യത്യസ്ത ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്ള വലിയ ഒരു ഗ്രൂപ്പിന്റെ ഉടമയാണ്.
എല്ലാത്തിനും തുടക്കം ഒരാളുടെ ഒരൊറ്റ ചോദ്യവും അറിവ് നേടാനും വളരാനുമുള്ള ഒരു പയ്യന്റെ ആഗ്രഹവും അതിന് വേണ്ടിയുള്ള കഠിനമായ പരിശ്രമവും പിന്നെ കുറച്ചു സ്വപ്നങ്ങളും.
That's the story of Chef Suresh Pillai
By
Anup Jose