05/09/2025
*മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക്
218 കോടി രൂപയുടെ ബഡ്ജറ്റ്*. തിരുവല്ലയിൽ ചേർന്ന മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡല വാർഷിക യോഗത്തിൽ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് ബഡ്ജറ്റ് അവതരിപ്പിച്ചു. സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന 11 സ്ഥാപനങ്ങളുടെ ബഡ്ജറ്റും സഭാപ്രതിനിധി മണ്ഡലം അംഗീകരിച്ചു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
അഞ്ചു പുതിയ പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി.
മാർത്തോമ്മാ യൂണിവേഴ്സിറ്റി, തെള്ളിയൂർ എം. സി. ആർ. ഡി ഓട്ടിസം കോളജിന് സ്പെഷ്യൽ ഗ്രാന്റ്, വനിതാ കർഷക അവാർഡ്, ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതി, സോളാർ പദ്ധതി, എന്നിവയാണ് പുതിയ പദ്ധതികൾ. മാർത്തോമ്മാ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിനായി 25 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. തെള്ളിയൂർ എം.സി.ആർ.ഡി യിൽ ഓട്ടിസം കോളജിന് സ്പെഷ്യൽ ഗ്രാന്റായി 3 ലക്ഷം രൂപ നൽകും.ആഗോള വനിതാ കർഷക വർഷാചരണം പ്രമാണിച്ച് വനിത കർഷക അവാർഡ് നൽകും. ഇതിനായി 25,000രൂപ ചിലവിടും. മാർത്തോമ്മാ സഭാ സെക്രട്ടറിയേറ്റിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി 1 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പട്ടത്വ സുവർണ്ണ ജൂബിലി പ്രോജക്ടുകളായ അഭയം, ലക്ഷ്യ പദ്ധതികൾക്ക് സംഭാവന പ്രതീക്ഷിച്ചു 3.50 കോടി രൂപ വരവും 3.50 കോടി രൂപ ചെലവും പ്രതീക്ഷിച്ചു ബഡ്ജറ്റിൽ തുക വക കൊള്ളിച്ചു.
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് വടുവഞ്ചാൽ കേന്ദ്രമാക്കി 3 ഏക്കർ 31.5 സെന്റ് സ്ഥലത്ത് വീടുകളും സാന്ത്വന പരിചരണ കേന്ദ്രവും ആരംഭിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നു. ചെലവുകൾക്കായി 3.25 കോടി രൂപയും ബഡ്ജറ്റിൽ ചേർത്തു.
വാളകത്ത് ഷോപ്പിംഗ് കോംപ്ലക്സ്, മാർത്തോമ്മാ ഹെറിറ്റേജ് മ്യൂസിയം- എസ്. സി . എസ് ടവർ, ടി.കെ. റോഡിനും പുഷ്പഗിരി റോഡിനോടും ചേർന്ന് കൊമേഴ്സ്യൽ കോംപ്ലക്സ്, ചെയർമാൻസ് റോഡിനോട് ചേർന്ന് കൊമേഴ്സ്യൽ കോംപ്ലക്സ് എന്നിവയും ബഡ്ജറ്റിൽ ഉൾപ്പെടും.
വൈദികരുടെ മെഡിക്കൽ ഇൻഷ്വറൻസ്, ഭദ്രാസന - ഇടവക ഇന്റഗ്രേറ്റഡ് സോഫ്റ്റ്വെയർ,
സഭയുടെ വെബ്സൈറ്റ് പുതുക്കുന്നതിനും ആർക്കൈവ്സ്, ഡിജിറ്റലൈസേഷൻ, ഡിജിറ്റൽ ആർക്കൈവ്സ്, മാർത്തോമ്മാ വിഷൻ ചാനൽ, ഭരണപരമായ ചെലവുകൾ എന്നിവയ്ക്കും ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.