
28/02/2025
*ഒമാൻ മാർത്തോമ്മാ ചർച്ച് സുവർണ്ണ ജൂബിലി സമാപനം നാളെ*
മസ്കത്ത്: ഒമാനിലെ മാർത്തോമ്മാ ഇടവകകളുടെ മാതൃദേവാലയമായ മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ (ശനി, 01/03/2025) സമാപനം കുറിക്കും.
റുവി സെന്റ്. തോമസ് പള്ളിയിൽ നടക്കുന്ന സമാപന സമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരാമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ്സ് മാർത്തോമ്മാ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരിക്കും. സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഒമാൻ വിദേശ വ്യാപാര - അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് കിംജി, പ്രൊട്ടസ്റ്റന്റ് ചർച്ച് ഓഫ് ഒമാൻ ലീഡ് പാസ്റ്റർ റവ. മിച്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി, ഒമാനിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ തുടങ്ങി ആത്മീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഒമാനിൽ അൻപത് വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളേയും കൂടാതെ തൊഴിൽ രംഗത്തും ബിസിനസ്സ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളേയും ചടങ്ങിൽ ആദരിക്കും. സുവർണ്ണ ജൂബിലി സ്മരണികയുടെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കും. വിശിഷ്ടാതിഥികളെ പരമ്പരാഗത ഘോഷയാത്രയോടെയാകും സമ്മേളന നഗരിയിലേക്ക് സ്വീകരിക്കുക.
ഒരു വർഷം നീണ്ടുനിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഒമാനിലുമായി വിവിധ പദ്ധതികളും പരിപാടികളുമാണ് നടപ്പിലാക്കിയത്. കേരളത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ, ഭവന നിർമ്മാണം, വിവാഹ, വിദ്യാഭാസ, ചികിത്സാ സഹായങ്ങൾ, ഒമാൻ കാൻസർ അസ്സോസ്സിയേഷൻ തുടങ്ങി വിവിധ പദ്ധതികൾക്കും കോൺഫ്രൻസുകൾ, സെമിനാറുകൾ, സംഗീത സന്ധ്യ തുടങ്ങി കുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവർക്കായി വൈവിധ്യമാർന്ന പരിപാടികളുമാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടത്.