
01/08/2025
ഈ കഥ നടക്കുന്ന വർഷവും കാലവും ഒന്നും ഓർക്കുന്നില്ല.. പക്ഷെ ഈ കേട്ട് കഥ നടക്കുമ്പോൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്‌ടർ മോഹൻ ആയിരുന്നു എന്നതാണ് ഏക ക്ലൂ.
പൊടിയാടി ദേശത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആണ് കഥാനായകൻ. അന്നത്തെ ഓട്ടം ഒക്കെ അവസാനിപ്പിച്ചു, , മൊതലാളിക്കു അന്നത്തെ കാശും, ഓട്ടോയും ഒക്കെ കൊടുത്തു, അടുത്തുള്ള ഷാപ്പിൽ കയറി, നല്ല ഫിറ്റായി വീട്ടിലേക്ക് ആടിയുലഞ്ഞു പോകുന്ന വഴിയാണ് അങ്ങ് ദൂരേന്നു, ബ്രൈറ്റ് ലൈറ്റും ഒക്കെ ഇട്ടു, ഒരു വണ്ടി ആ വഴി വന്നത്.. കണ്ണിലേക്കു ശക്തമായ ലൈറ്റ് അടിച്ചപ്പോൾ, നമ്മുടെ കഥാ നായകൻ, ആ വണ്ടിക്കാരന്റെ മാതാപിതാക്കളെയും, പൂർവ്വീകരെയും ഒന്ന് സ്‌മരിച്ചു...
നിർഭാഗ്യവശാൽ അതൊരു ജീപ്പായിരുന്നതിനാൽ, കഥാനായകന്റെ ഈ സ്‌മരണ, തൽക്ഷണം ഡ്രൈവർ കേട്ടിട്ട്, ജീപ്പ് അവിടെ നിർത്തി ചാടി ഇറങ്ങി കഥാനായകന്റെ അടുത്തേക്ക് വന്നിട്ട് ഉച്ചത്തിൽ ചോദിച്ചു... ആരാടാ?? നിന്റെ വീട് എവിടാ??? എന്താടാ ഈ അസമയത്ത്??
ചോദ്യം കേട്ട് കഥാനായകൻ അതെ ഉച്ചത്തിൽ തിരിച്ചു ചോദിച്ചു... ഇതൊക്കെ ഷോദിക്കാൻ നീ ആഴാടാ??
സത്യം പറഞ്ഞാൽ കഥാനായകനിൽ നിന്നും ഇത്തരം ഒരു ചോദ്യം നമ്മുടെ SIയും കൂടെയുള്ള പോലീസുകാരും തീരെ പ്രതീക്ഷിച്ചില്ല. ഇത് കേട്ടതും കൂടെയുള്ള പോലീസുകാരൻ, കഥാനായകന്റെ കോളറിൽ പിടിച്ചിട്ടു ചോദിച്ചു... യൂണിഫോം കണ്ടിട്ട് മനസ്സിലായില്ലെടാ @@@@@@ മോനെ...
കഥാനായകൻ : - ആഹാ... തനിച്ചു മനസ്സിലായില്ലെടോ എന്റെ യൂണിഫോം കണ്ടിട്ട് ഞാൻ ആഴാണെന്ന്...
ഈ ചോദ്യം കൂടെ കേട്ടതും SI, ശരിക്കും SI ആയി.. കഥാനായകനെ ചുരുട്ടി കൂട്ടി അങ്ങ് മെതിച്ചു.. എന്നിട്ടു പോലീസുകാരോട് പറഞ്ഞു.. പൊക്കിയെടുത്ത് വണ്ടിയിൽ ഇടെടാ @@@@ മോനെ .. പറഞ്ഞു തീർന്നതും കഥാനായകൻ ജീപ്പിന്റെ പുറകിൽ സ്ഥാനം പിടിച്ചു..
പോകുന്ന വഴി കഥാ നായകന് വെളിവ് വീണു... അന്ന് പുഷ്‌പഗിരി ആശുപത്രിയിൽ ഉണ്ടായിരുന്ന കാർഡിയോളജിസ്റ്റിന്റെ, പേര് പറഞ്ഞിട്ട് പോലീസുകാരോട് പറഞ്ഞു... സാറന്മാരെ ഇന്നോടെ ഞാൻ തീർന്നു..പുസ്പഗിരിയിലെ ഹൃദയം നോക്കുന്ന ---- സാർ ഇന്നലെ കൂടെ എന്നോട് പഴഞ്ഞതാ.. ഇനി ഒരു അറ്റാക്ക് ഉണ്ടായാൽ ഞാൻ തീഴ്ന്നുന്ന്. ആ മുൻപിലിരിക്കുന്ന സാഴിന്റെ അറ്റാക്കോടെ ഞാൻ തീഴ്ന്നു... തീഴ്ന്നു... തീഴ്ന്നു...
ഇത് കേട്ടതും പോലീസുകാർ അന്യോന്യം നോക്കി.. എന്നിട്ടു വേഗം ഒരു പോലീസുകാരൻ കഥാനായകന്റെ പോക്കറ്റ് പരിശോധിച്ച്, ഡ്രൈവിംഗ് ലൈസൻസും പേഴ്‌സും പൊക്കി...(ഉണ്ടായിരുന്ന ചില്ലറ എടുത്തോ എന്നറിവില്ല.)
പിന്നെ ഡ്രൈവിങ് ലൈസൻസിൽ കണ്ട അഡ്രസിലേക്ക്, DHL കൊറിയർ എത്തിക്കുന്ന വേഗത്തിൽ ഈ പാഴ്‌സൽ, HANDLE WITH GREAT CARE ആയി, വീട്ടിലെത്തിച്ചു തിരുവല്ല പോലീസ് മാതൃകയായി.
പിറ്റേന്ന് പൊടിയാക്കാർ കേട്ടത്, പോലീസ് വണ്ടിയിൽ SI മോഹൻ, എന്ന കില്ലാടി, ഒരു VIP യെ പോലെ വീട്ടിൽ കൊണ്ട് വന്നു വിട്ട അണ്ണന്റെ വീരഗാഥ... (അതും ഭാര്യ വക... )
പൊടിയാടിക്കാർ എന്നാ സുമ്മാവാ...