06/04/2025
🙏❤️💥🌸✝️
*ഇതെല്ലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കിൽ നീ ഒന്നുമല്ല!*
(വലിയ നോമ്പുകാലത്ത് ആത്മശോധനയ്ക്കായി സ്നേഹപൂർവ്വം)
ഞാൻ സത്യവിശ്വാസപ്രബോധനങ്ങൾ നടത്തുന്ന വ്യക്തിയാണെങ്കിലും തിരുസഭയുടെ സത്യപ്രബോധനങ്ങൾ എല്ലാം വിശ്വസിക്കുന്നവനാണെങ്കിലും ഞാൻ സ്നേഹമായി തീർന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. ഞാൻ മറ്റുള്ളവരോട് വളരെ സ്നേഹത്തോടെ ഇടപെടുന്ന വ്യക്തിയാണെങ്കിലും എനിക്ക് ധാരാളം സ്നേഹം ഉണ്ട് എന്ന് മറ്റുള്ളവർ കരുതുന്നുണ്ടെങ്കിലും ഞാൻ സ്നേഹം ആയില്ലെങ്കിൽ ഞാൻ ഒന്നുമല്ല.
ഞാൻ പിശാചുക്കളെ പുറത്താക്കാൻ വരമുള്ള വ്യക്തിയാണെങ്കിലും രോഗശാന്തിവരമുള്ള വ്യക്തിയാണെങ്കിലും വരദാനങ്ങളോടെ കൗൺസിലിംഗ് നടത്തുന്ന വ്യക്തിയാണെങ്കിലും ധാരാളം മധ്യസ്ഥ പ്രാർത്ഥന നടത്തുന്ന വ്യക്തിയാണെങ്കിലും എനിക്ക് സ്നേഹമില്ലെങ്കിൽ എനിക്ക് രക്ഷയില്ല.
ഞാൻ പരിശുദ്ധ കുർബാനയോട് അഗാധമായ ഭക്തി പുലർത്തുന്നവൻ ആണെങ്കിലും മുടങ്ങാതെ പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവൻ ആണെങ്കിലും സ്നേഹമില്ലെങ്കിൽ എനിക്ക് കഷ്ടം! ഞാൻ പരിശുദ്ധ അമ്മയുടെ വലിയ ഭക്തനാണെങ്കിലും ദിവസവും ധാരാളം ജപമാലകൾ ചൊല്ലുന്ന വ്യക്തിയാണെങ്കിലും മരിയൻ ധ്യാനം നടത്തുന്ന വ്യക്തിയാണെങ്കിൽ പോലും ഏറെ സമയം എടുത്ത് പ്രാർത്ഥിക്കുന്ന വ്യക്തിയാണെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനാണ്.
ഞാൻ ധാരാളം ജീവകാരുണ്യപ്രവർത്തികൾ ചെയ്യുന്ന വ്യക്തിയാണെങ്കിലും അതിനായി ആരോഗ്യവും സമ്പത്തും വസ്തുക്കളും സമയവുമൊക്കെ ഏറെ ചെലവഴിക്കുന്ന വ്യക്തിയാണെങ്കിലും സ്നേഹമില്ലെങ്കിൽ ഇതെല്ലാം നിരർത്ഥകമാണ്. ഞാൻ ധാരാളം പരിത്യാഗ പ്രവർത്തികൾ ചെയ്യുന്ന വ്യക്തിയാണെങ്കിലും കർശനമായി ഇന്ദ്രിയനിഗ്രഹം പാലിക്കുന്ന വ്യക്തിയാണെങ്കിലും ശുദ്ധതയ്ക്കുവേണ്ടി വലിയ വില കൊടുക്കുന്ന വ്യക്തിയാണെങ്കിലും ഏറെ സഹനങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയാണെങ്കിലും സ്നേഹമില്ലെങ്കിൽ ഇതൊന്നും പ്രയോജനകരമല്ല.
ഞാൻ വിശുദ്ധ ബൈബിൾ നിരന്തരം പഠിപ്പിക്കുന്ന വ്യക്തിയാണെങ്കിലും ദിവസവും വിശുദ്ധ ബൈബിൾ വായിക്കുന്ന വ്യക്തിയാണെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. ഞാൻ ഇതര മതസ്ഥരുടെയും നിരീശ്വരപ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും പെന്തക്കോസ്ത് വിശ്വാസികളുടെയും ഒക്കെ സഭാവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന വ്യക്തിയാണെങ്കിലും എന്നിൽ സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.
ഞാൻ മെത്രാനോ വൈദികനോ ആണെങ്കിലും സന്യസ്ഥൻ ആണെങ്കിലും ധ്യാനഗുരു ആണെങ്കിലും ഏതെങ്കിലും മിനിസ്ട്രിയുടെയോ സംഘടനകളുടെയോ ആത്മീയ നേതൃത്വം വഹിക്കുന്ന വ്യക്തിയാണെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.
ഞാൻ സ്നേഹമാണെങ്കിൽ അസൂയപ്പെടില്ല, ആത്മപ്രശംസ ചെയ്യില്ല, ഏത് സഹനവും സഹിക്കും, ഏത് ത്യാഗവും സ്വീകരിക്കും, ഏതുതരം തെറ്റുകളോടും കരുണ കാണിക്കും, എനിക്ക് ദീർഘക്ഷമ ഉണ്ടായിരിക്കും, എല്ലാവരോടും ഉചിതമായി പെരുമാറും, ഞാൻ കോപിക്കില്ല, തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിക്കും, ഏത് തകർന്ന സാഹചര്യത്തിലും തികഞ്ഞ പ്രത്യാശയുള്ളവൻ ആയിരിക്കും, എല്ലാ കാര്യങ്ങളിലും എന്റെ ഇഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കും, നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെ പ്രതി ഹൃദയപൂർവ്വം വേദനിക്കും...
സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം (1കോറിന്തോസ് 14:1)
സ്നേഹം മുന്നിൽവച്ച് ആത്മാർത്ഥമായ ആത്മശോധന നടത്തി വലിയ മാനസന്തരത്തിലേക്ക് കടന്നുവരുവാൻ ഈ വലിയ നോമ്പുകാലത്ത് ആത്മാർത്ഥമായി നമുക്ക് പരിശ്രമിക്കാം.
*ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്*
🙏🌺💥🌸✝️