15/11/2023
പുലിപ്പാറ വാര്‍ഡില്‍ താങ്ങുംതണലും പദ്ധതിക്ക് തുടക്കമായി. പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ഡ് എം.എം. ഷാഫി പദ്ധതി ഉദ്ഘാടനം ചെയ്തു.
പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പുലിപ്പാറയില്‍ താങ്ങും തണലും പദ്ധതിക്ക് തുടക്കമായി. നിര്‍ധനരായ വീടുകളില്‍ പലയിടത്തും മരണാന്തര ചടങ്ങുകള്‍ക്ക് ടാര്‍പ്പയും മേശയും ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ നേരില്‍ കണ്ട് മനസ്സലിഞ്ഞപ്പോഴാണ് വാര്‍ഡ് അംഗം അബ്ദുല്‍ ഖരിം തന്റെ വാര്‍ഡില്‍ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ആരും സാമ്പത്തികമില്ലാതെ വിഷമിക്കേണ്ടെന്ന തീരുമാനത്തിലെത്തിയതും അതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതും. ഇതിന്റെ ഭാഗമായി വാര്‍ഡില്‍ത്തന്നെയയുള്ള സുമനസ്സുകളെ കണ്ടെത്തുകയും അവരില്‍ നിന്നും ചെറിയ തുകകള്‍ സംഭാവനയായി സ്വീകരിക്കുകയുമായിരുന്നു. വാര്‍ഡ് അംഗത്തിന്റെ വക നല്ലൊരു തുക കൂടിയായപ്പോള്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ചു. മുപ്പത് സ്റ്റീല്‍ മേശ, അറുപത് കസേര, പാത്രങ്ങള്‍, വയര്‍,ട്യൂബ് ലൈറ്റ്, ടാര്‍പ്പ, പ്ലാസ്റ്റിക്ക് കയര്‍ തുടങ്ങി എല്ലാ സാധനങ്ങളും വാര്‍ഡിനു ഇനി സ്വന്തം. ഇനി വാര്‍ഡില്‍ മരണം സംഭവിച്ചാല്‍ സൗജന്യമായി ഈ സാധനങ്ങള്‍ ഉപയോഗിക്കാം.ഇവ സൂക്ഷിക്കാനായി തച്ചോണം പള്ളിവക കടമുറിയും വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ എടുത്തിട്ടുണ്ട് ബുധനാഴ്ച വൈകുന്നേരം പുലിപ്പാറ വായനശാലാ ജംഗ്ഷനില്‍ നടന്ന താങ്ങും തണലും പദ്ധതി പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ഡ് എം.എം. ഷാഫി ഉദ്ഘാടനം ചെയ്തു. പുലിപ്പാറ വാര്‍ഡ് അംഗം അബ്ദുല്‍ഖരിം, വൈസ് പ്രസിഡന്‍ഡ് റജീന, പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ പഴവിള, ലളിത, ചക്കമല ഷാനവാസ്, ഗിരി പ്രസാദ്, പുലിപ്പാറ വായനശാലാ പ്രസിഡന്‍ഡ് പുഷ്പമണി നായര്‍, തച്ചോണം, മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് സീതി, പുലിപ്പാറ ജുമാമസ്ജിദ് സെക്രട്ടറി ഹംദുള്ള, നജിം പുലിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.