06/01/2020
ചെറിയ ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ ആർ.എസ് വിമൽ ഒരുക്കുന്ന ചെത്തി മന്ദാരം തുളസിയുടെ റിലീസ് മൂന്ന് ഭാഷകളിലായിരിക്കുമെന്ന് അണിയറ പ്രവർത്തകർ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് ആർ.എസ് വിമൽ പറഞ്ഞു. ഇതനുസരിച്ചാണ് ചിത്രത്തിലെ താരനിരയെ തിരഞ്ഞെടുത്തിരിക്കുന്നത്. മഞ്ഞിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ ചിത്രത്തിലെ ഗാനത്തിന്റെ ടീസർ ഇതിനോടകം യൂട്യൂബിൽ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം നൽകിയിരിക്കുന്ന ഗാനം വിപിൻ ലാൽ ആണ് ആലപിച്ചിരിക്കുന്നത്. ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിൽ ഒന്നിന്റെ ടീസറാണ് ഇപ്പോൾ യൂട്യൂബിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഗാനത്തിന്റെ ടീസർ ഇറങ്ങി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇതുവരെ രണ്ടുലക്ഷംപേർ ഇത് യൂട്യൂബിൽ കണ്ടു കഴിഞ്ഞു. -7 ഡിഗ്രി തണുപ്പിൽ നാല് ദിനം നീണ്ടുനിന്ന ഈ പാട്ടിന്റെ ചിത്രീകരണ വേളയിൽ അണിയറ പ്രവർത്തകർക്ക് പ്രധാന വില്ലനായത് തണുപ്പ് തന്നെയാണ്. ഷിംലയിലാണ് പാട്ടിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. അണിയറ പ്രവർത്തകർ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കൈയുറകളും ധരിച്ചു നിന്നപ്പോൾ കഥാപാത്രത്തിനായി സണ്ണിയും വെയ്നും, റിദ്ധി കുമാറും ശരീരം മരവിച്ചു പോകുന്ന തണുപ്പിനെ അതിജീവിച്ചു ക്യാമറയ്ക്ക് മുന്നിൽ നിന്നു. മൂന്നാം ദിനം പാട്ടിൽ കാണുന്ന മഞ്ഞിൽ ഉരുളുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന വേളയിൽ കൊടും തണുപ്പിൽ റിദ്ധി തളർന്നു വീണിരുന്നു. അടുത്ത ദിനം തിരികെ ഊർജസ്വലയായി എത്തിയ റിദ്ധി ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നുയെന്ന് ആർ.എസ് വിമൽ പറഞ്ഞു.
ആർ.എസ് വിമൽ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആർ.എസ് വിമലിന് പുറമെ രാഹുൽ, ജയ് ജനാർദൻ, പി. ജിംഷാർ എന്നീ നവാഗത സംവിധായകരും സംവിധാന സംഘത്തിലുണ്ട്. സണ്ണി വെയ്ൻ നായകനായ ചിത്രത്തിൽ തെന്നിന്ത്യൻ താരവും പ്രശസ്ത മോഡലുമായ റിദ്ധി കുമാറാണ് നായിക. റിദ്ധിയുടെ രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ചെത്തി മന്ദാരം തുളസി. ഇരുവർക്കും പുറമെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി. ജിംഷാറിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ആർ.എസ് വിമൽ, ഡോ.സുരേഷ്‌കുമാർ മുട്ടത്ത്, നിജുവിമൽ കൂട്ടുകെട്ടാണ് നിർമ്മിക്കുന്നത്. വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിന്റെ ചമയം നിർവഹിക്കുന്നത്. ആർ.എസ്. വിമൽ നിർമാതാവായി രംഗപ്രവേശനം ചെയ്യുന്ന ചിത്രം കൂടിയാണ് ചെത്തി മന്ദാരം തുളസി.
https://youtu.be/zX3A0qjfDAc
Presenting the teaser of mellifluous song from , an upcoming Malayalam movie produced by RS Vimal, Dr.Suresh Kumar Muttath ...