11/10/2025
ദേവസന്നിധികളിലെ ജനാധിപത്യവൽക്കരണം അനിവാര്യം.
പുന്നല ശ്രീകുമാർ
കോട്ടയം. ദേവസന്നിധികളിലെ ജനാധിപത്യവൽക്കരണം അനിവാര്യമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ്. സംസ്ഥാന ജറൽ കൗൺസിൽ കോട്ടയം കെ. പി. എസ്. മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കേന്ദ്രങ്ങളിൽ പൗരോഹിത്യം കയ്യാളുന്ന നിയന്ത്രണാതീതമായ ആത്മീയ അധികാരത്തിന്റെ ഫലമാണ് ഇപ്പോൾ ശബരിമലയിൽ കാണുന്നത്. യുവതീ പ്രവേശന വിധിയിൽ ആചാരലംഘനം ആരോപിച്ച് പ്രക്ഷോഭം നടത്തിയവർ ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള ശബരിമല സന്നിധാനത്തെ നിഷ്കർഷകളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണവും നടപടിയും ഉണ്ടാകണം.
ദുർവ്യാഖ്യാനം ചെയ്യുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന പൗരോഹിത്യത്തെ നിയന്ത്രിക്കാൻ ഇത്തരം മേഖലകളിലെ ജനാധിപത്യവൽക്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ.
ശാന്തി നിയമനങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി അവസരം നൽകുന്ന നടപടിയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
വലിയ എതിർപ്പുകൾക്ക് നടുവിലാണ് കെ.പി.എം.എസ്. ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചത് ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുടെ പേരിൽ സർക്കാരും ദേവസ്വം ബോർഡ് സംഗമം രൂപപ്പെടുത്തിയ വികസന പദ്ധതികളിൽ നിന്ന് പിന്നോക്കം പോകരുത് ഈ പരിശ്രമങ്ങളിൽ സംഘടന പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ കൗൺസിൽ അംഗീകരിച്ച ഔദ്യോഗിക പ്രമേയം:
പട്ടിക വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം
പരിരക്ഷ അർഹിക്കുന്ന ദുർബലരായ പട്ടിക വിഭാഗങ്ങളുടെ ക്ഷേമ വികസന കാര്യങ്ങൾക്കായി വിവിധ പദ്ധതികളിലൂടെ വകയിരുത്തിയ 1370 കോടി രൂപയിൽ നിന്നും 500 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറയ്ക്കേണ്ടതല്ല സമൂ ഹത്തിൽ കൂടുതൽ പരിഗണനയും പിന്തുണയും ആവശ്യമുള്ള ദുർബല വിഭാഗ ങ്ങളുടെ പദ്ധതി വിഹിതം നീതികരിക്കാൻ കഴിയാത്ത സർക്കാരിൻറെ ഈ നടപടി പുന:പരിശോധിക്കണമെന്ന് ഈ ജനറൽ കൗൺസിൽ ആവശ്യപ്പെടുന്നു.
സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എ. സനീഷ് കുമാർ , ഡോ: ആർ. വിജയകുമാർ , പി.വി.ബാബു, എ.പി. ലാൽകുമാർ , പി.എൻ. സുരൻ ,രമ പ്രതാപൻ ,എൻ.ബിജു, അഖിൽ . കെ.ദാമോദരൻ, എം.ടി. മോഹനൻ , മനോജ് കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.