17/09/2022
*17-09-1950*
*നരേന്ദ്ര മോദി - ജന്മദിനം*
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ( ജനനം സെപ്റ്റംബർ 17, 1950. (ഞായറാഴ്ച രാവിലെ 11 മണി; അനിഴം നക്ഷത്രം) 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2021 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും രണ്ടാമതും പ്രധാനമന്ത്രി ആയി സ്ഥാനമേൽക്കുകയും ചെയ്തു
2002-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002-ൽ (തിരഞ്ഞെടുപ്പിനു മുൻപ്) ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകൻ ആയിരുന്ന നരേന്ദ്രമോദിയെ മാധ്യമങ്ങളും, 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.
ആദ്യകാല ജീവിതം
ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.
മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. 1968-ൽ തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, 2014 ഫെബ്രുവരിയിൽ, ഹിമാചൽ പ്രദേശിൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി താൻ വിവാഹിതനല്ലാത്തതിനാൽ അഴിമതിക്കെതിരേ പൊരുതാനുള്ള ഏറ്റവും നല്ലയാളാണെന്ന് പറയുകയുണ്ടായി.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. തന്റെ എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവർത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.