31/05/2025
മെയ് 31, മഹാറാണി അഹല്യാബായി ഹോൾക്കറുടെ 300-ാം ജയന്തി ദിനം!
മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പുണ്യദിനത്തിലാണ് ലോകമാതാ ദേവി അഹല്യാബായി ഹോൾക്കർ പിറന്നത്. വെറുമൊരു അഹല്യയല്ല, അനേകം ചരിത്രസ്മൃതികൾക്ക് മോക്ഷം നൽകി, മാൾവയുടെ ജീവിതത്തെ മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് സമൃദ്ധിയിലേക്ക് നയിച്ച ക്ഷേമരാജ്യ സംസ്ഥാപക!
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിൽ ജനിച്ച അഹല്യാബായിയെ, അന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റിമറിച്ചുകൊണ്ട് പിതാവ് മങ്കോജി ഷിൻഡെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. 29-ാം വയസ്സിൽ വൈധവ്യം തേടിയെത്തിയപ്പോഴും, ഭർതൃപിതാവ് മൽഹാർ റാവു ഹോൾക്കറുടെ പിന്തുണയോടെ സതി അനുഷ്ഠിക്കുന്നതിൽ നിന്ന് പിന്മാറി. 1766-ൽ മൽഹാർ റാവു അന്തരിച്ചപ്പോൾ മാൾവയുടെ ഭരണം സ്വയം ഏറ്റെടുത്ത്, രാജ്യത്തെ സകല വിഭാഗം ജനങ്ങളുടെയും പുരോഗതിക്കായി അശ്രാന്തം പ്രയത്നിച്ചു.
മഹേശ്വറിൽ ഭരണതലസ്ഥാനം സ്ഥാപിച്ച അഹല്യാബായി, മാൾവയിൽ പരുത്തികൃഷി പ്രോത്സാഹിപ്പിക്കുകയും അതിനെ ഒരു പ്രധാന ഉത്പാദന മേഖലയാക്കി മാറ്റുകയും ചെയ്തു. തണൽമരങ്ങൾ വെച്ചുപിടിപ്പിക്കുകയും യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ ദരിദ്ര ജനതയ്ക്കായി വാസസ്ഥലങ്ങൾ ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു. വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവന്ന അവരുടെ ഭരണത്തിൽ മാൾവയുടെ നികുതി വരുമാനം ഗണ്യമായി വർദ്ധിച്ചു.
മതവെറിയും അധിനിവേശവും തകർത്തെറിഞ്ഞ മഹാക്ഷേത്രങ്ങൾ പുനരുദ്ധരിച്ച മഹതിയാണവർ. കാശി വിശ്വനാഥ ക്ഷേത്രം ഉയർന്നതും പാവനയായ ഗംഗയുടെ തീരത്ത് ആരതിക്കായി പടിക്കെട്ടുകൾ ഉയർന്നതും ആ മഹതിയുടെ തപസ്സിൽ നിന്നും കരുത്തിൽ നിന്നുമാണ്. വാരണാസി പുരേശനത്തേടിയെത്തുന്ന മോക്ഷാർത്ഥികൾക്ക് മണികർണികാ ഘട്ട് ഒരുക്കിയതും, അയോദ്ധ്യയിലെ സരയൂ ഘട്ടിന് ജന്മം നൽകിയതും അവിടുത്തെ ഭവ്യ ഭാവനയാണ്.
സോമനാഥൻ പുനർജനിച്ചതും രാമേശ്വരത്തും, ഗയയിലും, ഗംഗോത്രിയിലും, ദ്വാരകയിലും, ജഗന്നാഥപുരിയിലുമെല്ലാം ധർമ്മശാലകളായും, അന്നക്ഷേത്രങ്ങളായും, സ്നാനഘട്ടങ്ങളായും അവിടുത്തെ അടയാളങ്ങൾ മായാമുദ്രകളായി നിലകൊള്ളുന്നു. ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാബായിക്ക് സാധിച്ചു. ഔറംഗസേബിനാൽ തച്ചുടയ്ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം മാറ്റി സ്ഥാപിച്ചതും റാണിയായിരുന്നു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രം എന്നിവ വീണ്ടെടുക്കാൻ റാണി നടത്തിയ ശ്രമങ്ങളും അതിനായി ചെയ്ത സാമ്പത്തിക സഹായങ്ങളും ചരിത്രരേഖകളിൽ കുറിച്ചിട്ടിട്ടുണ്ട്.
ഏകഭാരതത്തിന്റെയും പവിത്ര ഭാരതത്തിൻ്റെയും സ്പന്ദനം ആ മഹതിയുടെ കർമ്മങ്ങളിൽ നിറഞ്ഞുനിന്നു. ഭാരതം തീർത്ഥ ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച, അയോദ്ധ്യയിലെ രാമക്ഷേത്ര പുനർനിർമ്മാണം രണ്ടര നൂറ്റാണ്ടുകൾക്ക് മുൻപേ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിനെ ഈ ത്രിശതാബ്ദി വർഷത്തിൽ നമുക്ക് സ്മരിക്കാം.
തലമുറകൾക്ക് മാതൃകയായ അഹല്യാബായി ഹോൾക്കർക്ക് പ്രണാമം!