29/01/2026
ശാക്തേയ ആരാധനയുടെ ഈറ്റില്ലമായ അനന്തപുരിയിൽ, ചണ്ഡ-മുണ്ഡന്മാരെ നിഗ്രഹിച്ച ആദിപരാശക്തിയുടെ ഉഗ്ര ഭാവമായ ചാമുണ്ഡി ദേവി കുടികൊള്ളുന്ന അപൂർവ്വ സങ്കേതമാണ് തൊഴുവൻകോട് ചാമുണ്ഡി ദേവി ക്ഷേത്രം. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഏതാണ്ട് 8km അകലെ വട്ടിയൂർക്കാവ് - കാഞ്ഞിരംപാറ റൂട്ടിൽ പ്രൗഢിയോടെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
✨ പ്രത്യേകതകൾ ഏറെയുള്ള നിർമ്മാണരീതി
നാം കണ്ടു ശീലിച്ച ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തൊഴുവൻകോട്. ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്ക് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നത് ചതുർബാഹുക്കളോട് കൂടിയ ദേവിയുടെ ദാരുബിംബമാണ്. സർപ്പം, ഖേടകം, ഖഡ്ഗം, ശൂലം എന്നിവ ധരിച്ച ഉഗ്രഭാവത്തിലുള്ള ചാമുണ്ഡിയാണ് ഇവിടത്തെ മൂലപ്രതിഷ്ഠ. ഈ ശ്രീകോവിലിൽ തന്നെ മറ്റൊരു വാതിലിലൂടെ മോഹിനിയക്ഷിയുടെ സാന്നിധ്യവും ദർശിക്കാം എന്നത് ഇവിടത്തെ പ്രത്യേകതയാണ്.
⚔️ മാർത്താണ്ഡവർമ്മയും എട്ടു വീട്ടിൽ പിള്ളമാരും:
തിരുവിതാംകൂർ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എട്ടു വീട്ടിൽ പിള്ളമാരിൽ കരുത്തനായ കഴക്കൂട്ടത്ത് പിള്ളയെ തോൽപ്പിക്കാൻ മാർത്താണ്ഡവർമ്മ മഹാരാജാവിന് സാധിച്ചിരുന്നില്ല. തന്റെ ചാരന്മാർ വഴി മഹാരാജാവ് ആ രഹസ്യം തിരിച്ചറിഞ്ഞു; കഴക്കൂട്ടത്ത് പിള്ളയുടെ കളരി ആശാനായ മേക്കാട് പണിക്കരും അദ്ദേഹം ആരാധിക്കുന്ന പരദേവതയായ ചാമുണ്ഡിയുടെ സാന്നിധ്യവുമാണ് പിള്ളയുടെ വിജയത്തിന് പിന്നിലെ ശക്തിയെന്ന്.
രാജാവിന്റെ ധർമ്മസങ്കടം മനസ്സിലാക്കിയ ശ്രീ പത്മനാഭസ്വാമി, ബ്രഹ്മാവിനും മഹേശ്വരനുമൊപ്പം കഴക്കൂട്ടത്ത് പിള്ളയുടെ കളരിയിലെത്തി ദേവിയോട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് മേക്കാട് പണിക്കർക്ക് സ്വപ്നദർശനം നൽകിയ ദേവി, ത്രിമൂർത്തികളുടെ സാന്നിധ്യത്തിൽ ഇന്നത്തെ തൊഴുവൻകോടിൽ കുടികൊണ്ടു എന്നാണ് വിശ്വാസം.
📜 ആചാരങ്ങളിലെ വ്യത്യസ്തത
ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും ഒരേപോലെ പൂജാധികാരമുള്ള ഈ ക്ഷേത്രത്തിൽ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന ശീവേലിയോ, പള്ളിവേട്ടയോ, ആറാട്ടോ ഇല്ല.
നട തുറക്കുന്ന ദിവസങ്ങൾ: ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ മാത്രം - ഞായർ, ചൊവ്വ, വെള്ളി.
പ്രധാന വഴിപാട്: കോഴി സമർപ്പണം.
ഉപദേവതകൾ: മോഹിനിയക്ഷി,കരിങ്കാളി, ഭുവനേശ്വരി, ദുർഗ്ഗ, ഹനുമാൻ സ്വാമി, ഗണപതി,നാഗരാജാവ്,നാഗയക്ഷിയമ്മ, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ്,ഗന്ധർവ്വൻ, യക്ഷിയമ്മ, കന്നിച്ചാവ്, മറുത, മാടൻ തമ്പുരാൻ എന്നിങ്ങനെ പത്തിലധികം ഉപദേവതകളാൽ സമ്പന്നമാണ് ഈ തിരുമുറ്റം.
Check comment box for continuation🟥🟥🟥