09/11/2015
പദവിയിൽ തുടരുന്ന തീരുമാനം മാണിയുടെ മനസാക്ഷിക്കു വിടുന്നു: ഹൈക്കോടതി. ബാർ കോഴക്കേസ് വിധിക്കിടെ മാണിക്കെതിരെ കടുത്ത പരാമർങ്ങൾ
ബാർക്കോഴ കേസിൽ മന്ത്രി കെ.എം. മാണിയ്ക്കെതിരായ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. വിജിലൻസ് കോടതി വിധിയിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പദവിയിൽ തുടരണമോയെന്ന കാര്യം മന്ത്രിയുടെ മനസാക്ഷിയ്ക്കു വിടുന്നു. മന്ത്രിക്കെതിരായ കേസിൽ അന്വേഷണം സത്യസന്ധമായിരിക്കണം. വിജിലൻസ് ഡയറക്ടർ യാന്ത്രികമായി പ്രവർത്തിച്ചുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടരന്വേഷണം നടക്കുന്നതിൽ എന്തുകൊണ്ടാണ് ഇത്ര ആശങ്കയെന്നും കോടതി ചോദിച്ചു. പൊതുജനങ്ങളുടെ പണത്തിന്റെ കാര്യത്തിൽ കോടതിക്കും ആശങ്കയുണ്ട്. കേസിൽ തുടരന്വേഷണം ആകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ കാര്യത്തിൽ ജനങ്ങൾക്ക് സംശയം തോന്നുന്ന രീതിയിൽ ഒന്നുമുണ്ടാകരുത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ഈ കേസിൽ മന്ത്രിയാണ് ആരോപണവിധേയൻ. പദവിയിൽ തുടരുന്നത് സംശയത്തിന് ഇടനൽകും. അന്വേഷണം സത്യസന്ധമായിരിക്കണം. ഇക്കാര്യത്തിൽ വിജിലൻസ് കോടതി ഉത്തരവിൽ ഇടപെടില്ലെന്നും വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ബി. കമാൽപാഷ വ്യക്തമാക്കി.
അതിനിടെ, വിജിലൻസ് വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്നും ഇത് തുടരന്വേഷണത്തെ ബാധിക്കരുതെന്ന് നിർദേശിച്ചാൽ മതിയെന്നും വിജിലൻസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ, വിധി പ്രസ്താവിക്കുന്നതിനിടെ ബാർ കോഴയ്ക്കു തെളിവുണ്ടെന്ന തരത്തിൽ ഹൈക്കോടതി നടത്തിയ പരാമർശം വിജിലൻസിനായി ഹാജരായ കപിൽ സിബലും എജിയും എതിര്‍ത്തതോടെ കോടതി തിരുത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു.
ബാർകോഴക്കേസിലെ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികളില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച വസ്തുതാറിപ്പോർട്ട് വാങ്ങാനും പരിശോധിക്കാനും വിജിലൻസ് കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ വ്യക്തമാക്കി.
വിജി. ഡയറക്ടർക്കെതിരെ ഹൈക്കോടതി. ഡയറക്ടർക്ക് തന്നെ തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. ഈ അധികാരം ഉപയോഗിച്ചില്ല. തെളിവുകൾ പരിശോധിക്കാൻ കോടതിക്ക് അവകാശമുണ്ട്. ഡയറക്ടർ യാന്ത്രികമായി പ്രവർത്തിച്ചെന്നും കോടതി.
വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന്റെ ഭാഗമാണെന്നും അന്തിമതീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും ബാർ കോഴക്കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസിൽ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം നടക്കവെയാണ് കപിൽ സിബൽ സർക്കാരിന്റെ ഭാഗം ന്യായീകരിച്ചത്.
അധികാരം ഉണ്ടായിരുന്നെങ്കിലും ബാർ കേസിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടിട്ടില്ലെന്നും ഒരു തരത്തിലുമുള്ള നിർദേശം നൽകുകയും ചെയ്തിട്ടില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. അന്തിമ റിപ്പോർട്ട് തയാറാക്കിയത് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിജിലൻസിനു വിധിയെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനായി ഹാജരായ അഭിഭാഷകൻ വാദിച്ചു.
Bharath Vision TV