23/03/2023
അഞ്ചു ഗ്രഹങ്ങളും ഒരു നക്ഷത്ര സമൂഹവും പിന്നെ നമ്മുടെ ചന്ദ്രനും ഒന്നിച്ചെത്തുന്നു.
==========================================================
മാർച്ച് 27 ൻറെ സായാഹ്നത്തിൽ ആകാശത്ത് ഒരു പരേഡ് നടക്കും. ബുധൻ, വ്യാഴം, ശുക്രൻ, ചൊവ്വ, യുറാനസ് എന്നിവയാണ് പരേഡിൽ പങ്കെടുക്കുന്നത്. ഇവയ്ക്കു സമീപം നമുക്ക് എം35 എന്ന നക്ഷത്രസമൂഹത്തെയും കാണാം. അധികം അകലെയല്ലാതെ ചന്ദ്രനും നില്പുണ്ടായിരിക്കും.
തുറസായ സ്ഥലത്ത് ഒരു ബൈനോക്കുലറിൻറെ സഹായത്തോടെ എല്ലാവരെയും ഒന്നിച്ചുകാണാം. (ചിത്രം നോക്കുക. ഏറെക്കുറെ ഇങ്ങനെയായിരിക്കും ഇവയുടെ സ്ഥാനം)
സൌരയൂഥത്തിലെ കുഞ്ഞനായ ബുധനും ഭീമനായ വ്യാഴവും തോളിൽ കൈയിട്ടുനിൽക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ടും നന്നായി പ്രകാശിക്കുമെന്നാണ് സൂചന. സാധാരണ സൂര്യാസ്തമയ സമയത്ത് കാണുന്ന സിറിയസ് നക്ഷത്രത്തോളം പ്രകാശം ബുധനുണ്ടവില്ല. പക്ഷേ വ്യാഴം അങ്ങനെ കീഴടങ്ങുന്നില്ല. ബുധൻറെ ഇരട്ടി പ്രകാശം കക്ഷിക്കുണ്ടാവും. ബുധൻ വ്യാഴത്തിൻറെ വലതുഭാഗത്തായിരിക്കും. അല്പം തിരക്കുള്ളതുകൊണ്ടായിരിക്കും വ്യാഴം മാർച്ച് 27 മുതൽ മൂന്നു ദിവസത്തേയ്ക്കു മാത്രമെ കാണുകയുള്ളു. ബുധൻ പക്ഷേ രണ്ടാഴ്ച അവിടെത്തന്നെയുണ്ടാകും.
സൂര്യൻ പോയിക്കഴിഞ്ഞാലെ ശുക്രൻ തല പൊക്കുകയുള്ളു. അദ്ദേഹം പണ്ടേ അങ്ങനെതന്നെയാണ്. പക്ഷേ സായാഹ്ന നക്ഷത്രം എന്ന വിളിപ്പേര് ശുക്രനുള്ളതുകൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമില്ല. വലിയ പണിയൊന്നുമില്ലാത്തതുകൊണ്ട് അദ്ദേഹം അർദ്ധരാത്രിവരെ അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും.
നാലാമനായ ചൊവ്വയെ കാണണമെങ്കിൽ അല്പം അധ്വാനിക്കേണ്ടിവരും. എന്നാലും കൂടെയുണ്ടാകുമെന്നുള്ളത് ഉറപ്പ്. കണ്ടുപിടിക്കാൻ എളുപ്പവഴിയുണ്ട്.
മാർച്ച് 21-ന് കറുത്ത വാവാണ്. ക്ഷീണമൊക്കെ തീർത്ത് 27-ന് ചന്ദ്രൻ അരിവാൾ രൂപത്തിലെത്തും. ഇടതുവശത്ത് അല്പം സ്വർണവർണത്തിൽ ചൊവ്വ നിലയുറപ്പിച്ചിട്ടുണ്ടാകും.
ഇത്തിരിക്കൂടി ഇടത്തോട്ട് നോക്കിയാൽ എം-35 നെ കാണാൻ കഴിയും. ചന്ദ്രനോളം വലിപ്പമുള്ള നക്ഷത്രസമൂഹമായിട്ടാണ് ഇത് ദൃശ്യമാകുന്നത്.
ഏഴാമനെ മറക്കേണ്ട, വല്ലപ്പോഴുമൊക്കെ കാണാൻ കഴിയുന്ന യുറാനസ് തന്നെ. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവില്ലെങ്കിലും ശുക്രൻറെ സ്ഥാനം നോക്കി യുറാനസിനെ കണ്ടുപിടിക്കാം. ശുക്രൻറെ ഇടതുവശത്ത് അല്പം മുകളിലായി ആശാൻ നിലയുറപ്പിച്ചിട്ടുണ്ടായിരിക്കും. ബൈനോക്കുലറുണ്ടെങ്കിൽ മങ്ങിയ പച്ചനിറം പുതച്ചായിരിക്കും യുറാനസിനെ കാണുക.
എല്ലാവരെയും നേരിട്ടു കാണാൻ പറ്റുന്നുണ്ടെങ്കിൽ ജ്യോത്സ്യഭാഷയിൽ ഭാഗ്യം എന്നു പറയാം. അഞ്ചു ഗ്രഹങ്ങൾ ഒന്നിച്ചുവരുന്നതുകൊണ്ട് അധികം വൈകാതെ പലരുടെ നക്ഷത്രഫലം വായിക്കാം. മാർച്ച് 21-ന് പൂജയും ഹോമവുമൊക്കെ പ്രതീക്ഷിക്കാം. അല്ലെങ്കിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന പ്രവചനം കാണാം. എന്തായാലും ഇനി ഈ നക്ഷത്രങ്ങൾ ഒന്നിച്ച് നമുക്കു മുന്നിലെത്തുന്നത് 2040-ലായിരിക്കും.
വിവരങ്ങൾക്ക് കടപ്പാട് - SPACE.COM
(Image credit: Starry Night Pro 7 )