01/11/2025
02 നവംബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
🧾ഒന്നാം വായന
ജ്ഞാനം 3:1-9
അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു.
നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്,
ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.
അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;
അവരുടെ മരണം പീഡനമായും
നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി;
അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും
അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ദൈവം അവരെ പരിശോധിക്കുകയും
യോഗ്യരെന്നു കാണുകയും ചെയ്തു.
അല്‍പകാല ശിക്ഷണത്തിനുശേഷം
അവര്‍ക്കു വലിയ നന്മ കൈവരും.
ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത്
ദഹനബലിയായി സ്വീകരിച്ചു.
അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും,
വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
അവര്‍ ജനതകളെ ഭരിക്കും;
രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും.
കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും.
അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും;
വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും.
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍
അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും;
വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
🧾 രണ്ടാം വായന
റോമാ 5:5a-11
അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടും.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച. മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
✝ സുവിശേഷം
ലൂക്കാ 7:11-17
യുവാവേ, ഞാന്‍ നിന്നോട് പറയുന്നു, എഴുന്നേല്‍ക്കുക.
അക്കാലത്ത്, യേശു നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിനടുത്ത് എത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍. പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.
കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠