09/03/2025
ഇയാളുടെ പല വീഡിയോകളും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ കാണാറുണ്ടെങ്കിലും ഈ വീഡിയോയോട് പ്രതികരിക്കണം എന്ന് തോന്നി. പ്രത്യേകിച്ച് അവതാരകൻ രാജനീഷ് ആയതുകൊണ്ടും.. വിഷയം സംഗീതം ആയതു കൊണ്ടും. സംഗീതതത്തെയും കലയേയും കുറിച്ച് എത്ര ആധികാരികമായി പഠിച്ചിട്ടാണ് ഇയാൾ വലിയ കണ്ടെത്തലുകൾ പൊതുമധ്യത്തിൽ വിളമ്പുന്നത്...
സംഗീതം "റിലീജിയസ്" ആണെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്..! റിലീജിയസ് ആയും റിലീജിയൻ ആയുമൊക്കെ സംഗീതം ഉപയോഗിക്കാറുണ്ട്.. സംഗീതം ദൈവീകമാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ കലാകാരന്മാർ. അത് മഹാവിഷ്ണുവോ പരമശിവനോ ഒരു സുപ്രഭാതത്തിൽ വന്ന് വരമായി കൊടുത്തത് എന്നല്ല അർത്ഥമാക്കുന്നത്. ഇയാൾ തന്നെ പറയുന്നു എല്ലാവരിലും സംഗീതം ഉണ്ടെന്ന്. പക്ഷേ ചിലരൊഴികെ എല്ലാവരും സരിഗമയിൽ തുടങ്ങി ബോറടിച്ച് സംഗീതം ഉപേക്ഷിച്ചവരാണത്രേ !! അതുതന്നെയാണ് സംഗീതത്തിന്റെ മഹത്വം ! സംഗീതം കൊണ്ട് ജീവിക്കുവാനും പ്രതിഭയെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുവാനും എല്ലാവർക്കും കഴിയില്ല.. ഇയാളുടെ വൃത്തികെട്ട ശബ്ദത്തിൽ, പുച്ഛത്തോടെ സരിഗമ എന്ന ശബ്ദം ഉണ്ടാക്കുമ്പോൾ അത് കേട്ട് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ എന്ന മട്ടിൽ ആ വൃത്തികെട്ട മനസ്സിനോട് ചേർന്നുനിന്ന് ചിരിക്കുന്ന രജനീഷിൽ നിന്ന് ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. മഹാപ്രതിഭകളായ സംഗീതജ്ഞരെ ഇന്റർവ്യൂ ചെയ്തിട്ടുള്ള രജനീഷ് ഇയാളോട് പറയണമായിരുന്നു സരിഗമ കേൾക്കുമ്പോൾ ബോറടിക്കുന്നവർക്കുള്ളതല്ല സംഗീതം എന്ന് !
എന്തെല്ലാം വിഡ്ഢിത്തരങ്ങളാണ് ഇയാൾ പുലമ്പുന്നത്. ഒരു ലോഹം കമ്പനം ചെയ്യിക്കുക , അപ്പോൾ ഉണ്ടാകുന്ന ശബ്ദത്തോടൊപ്പം അതേപോലെ ശബ്ദം ഉണ്ടാക്കാൻ മസിൽ എക്സർസൈസ് ചെയ്യുക, അത് അത്രെ സാധകം !! നിങ്ങൾ പുച്ഛത്തോടെ പറഞ്ഞതുപോലെ ഹരിഹരൻ സാറും ദാസേട്ടനും ഒക്കെ ഇന്നും സാധകം ചെയ്യുന്നുണ്ട്. അതുതന്നെയാണ് സംഗീതത്തിന്റെ മഹത്വം ! ഒരു ജന്മം കൊണ്ട് പഠിക്കുവാൻ കഴിയുന്നതും ഒരു സുപ്രഭാതത്തിൽ കമ്പനം ചെയ്യുന്ന ലോകകമ്പിയുടെ ശബ്ദത്തിനൊപ്പം കസർത്തുകാട്ടി നേടിയെടുക്കാവുന്നതും അല്ല സംഗീതം.
കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും നമ്മുടെ രാജ്യം ലോകത്തിന് സംഭാവന ചെയ്തതാണ്. എന്ന് കരുതി ഇതു മാത്രമല്ല സംഗീതം. ലോകമെമ്പാടുമുള്ള സംഗീതം ഏഴ് സ്വരങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഈ ഭൂലോകത്തെ ഏകോപിപ്പിക്കുന്ന ഒന്ന് സംഗീതമാണ് എന്നതിന്റെ തെളിവാണ്. CDEFGAB എന്നത് പാശ്ചാത്യ സംഗീതത്തിലും ഭാരത സംഗീതത്തിൽ ഉപയോഗിക്കുന്ന സരിഗമ പധനി എന്നതും അടിസ്ഥാന സ്വരങ്ങൾ അഥവാ നോട്ട്സ് ആണ്. കാലാകാലങ്ങളായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങളിൽ ഈ സ്വര ശബ്ദങ്ങളുടെ ഫ്രീക്വൻസി ഒന്നുതന്നെ ആണ്. എന്ന് കരുതി പല ഉപകരണങ്ങളിലും പല ഫ്രീക്വൻസിയിൽ സ്വരങ്ങൾ വരാറുണ്ട്. ഇയാൾ പറയുന്നത് സംഗീതം തൊണ്ടയുടെ മസിൽ വ്യായാമം ഉപയോഗിച്ചും ലിറിക്സ് തലച്ചോറ് ഉപയോഗിച്ചും ഉണ്ടാവുന്നതാണത്രേ.. !
അതായത് സംഗീതം ഉപയോഗിക്കാൻ തലച്ചോറിന്റെ ആവശ്യമില്ല !
നാടൻ പാട്ടുകളിൽ ഏതെങ്കിലും ലോകം കമ്പനം ചെയ്യിച്ച് അതിനൊപ്പം പാടുകയല്ല ചെയ്യുന്നത്. ഉപയോഗിക്കുന്ന തുകൽ വാദ്യം ആണെങ്കിലും അതിന്റെ ശ്രുതി ചേർത്താണ് ഗായകർ പാടാറുള്ളത്..
വലിയ സംഗീതജ്ഞരുടെ കഷ്ടപ്പാടിനെ നാം കാണാറില്ലത്രെ, ക്രെഡിറ്റ് മുഴുവൻ ദൈവത്തിന് നമ്മൾ കൊടുക്കുമത്രേ. ഇയാളുടെ പ്രശ്നം ദൈവം എന്ന പദമാണോ ?? ദാസേട്ടനെയോ ഹരിഹർജിയെയോ പോലെയുള്ള സംഗീതജ്ഞരെ വേറിട്ട് നിർത്തുന്നത് അവർക്ക് ജന്മസിദ്ധമായി കിട്ടിയ പ്രതിഭയും ഒപ്പം അവരുടെ കഠിനമായ പ്രയത്നവും കൊണ്ടാണെന്ന് തിരിച്ചറിയാത്തവർ, അല്പ ബുദ്ധിയെങ്കിലും ഉള്ളവരുടെ കൂട്ടത്തിൽ ആരെങ്കിലുമുണ്ടെന്ന് ഞാൻ കരുതുന്നില്ല...അത് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ തലച്ചോറ് ഉപയോഗിക്കാതെ തൊണ്ടയിലെ മസിലുകൾ കൊണ്ട് കസർത്ത് കാട്ടി നേടിയെടുക്കുന്ന ഒന്നല്ല.
ലോകത്തിന്റെ ഏത് കോണിലുള്ള ഒരു സംഗീത വിദ്യാർഥിയും തലച്ചോർ ഉപയോഗിച്ച് തന്നെയാണ് പാടുന്നത്.
"ഗുരു "സങ്കല്പം എന്നത് നമ്മുടെ സംഗീതത്തിന്റെ ഭാഗമാണ്. സംഗീതം പഠിക്കുവാൻ സർവ്വതും സമർപ്പിച്ച് ഒരുപാട് സുഖസൗകര്യങ്ങൾ ജീവിതത്തിൽ ഒഴിവാക്കി ത്യാഗ ബുദ്ധിയോടുകൂടി സമീപിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മാത്രമേ ഈ മഹാസാഗരം ആകുന്ന സംഗീതത്തിന്റെ ഒരു തുടമെങ്കിലും സ്വായത്തമാക്കുവാൻ കഴയു. ഒരു മഹത്തായ കല പഠിക്കുവാൻ നമ്മെ പ്രാപ്തനാക്കുന്ന ഒരു അധ്യാപകനെ ഗുരു എന്ന മഹാ സങ്കല്പത്തിൽ നാം കാണുന്നു. ഇങ്ങനെ കാണണമെന്ന് ഒരു നിർബന്ധവുമില്ല. സംഗീതത്തിൽ മാത്രമല്ല ഏത് അറിവും പകർന്നു തരുന്ന ഒരാൾക്ക് മനസ്സിൽ അങ്ങനെയൊരു സ്ഥാനം നൽകുന്നത് ഒരു വിദ്യാർത്ഥിയുടെ ഇഷ്ടവും അവകാശവുമാണ്.
ഈ വ്യക്തി ഇതിന് ഉദാഹരണമാണ്. അതുകൊണ്ടാണല്ലോ താൻ സമ്പാദിച്ച അറിവുകൾ പൂർണമാണ് എന്ന സങ്കൽപ്പത്തിൽ ഏതോ മൂഢലോകത്തിൽ ഇയാൾ ജീവിക്കുന്നത്.
ഇയാളുടെ സംഗീതത്തെ കുറിച്ചുള്ള പഠനം വരും നൂറ്റാണ്ടിൽ വളർന്നുവരുന്ന കലാകാരന്മാർക്ക് നൽകാവുന്ന ഏറ്റവും നല്ല മാർഗരേഖയാണ്..
"പാറ്റേൺ ബ്രേക്കിംഗ്!! ' സംഗീത ലോകത്ത് ഇയാൾ നൽകുന്ന പുതിയ സംഭാവനയാണ് ഈ വാക്ക്.. ഒരു പാറ്റേണിനെ ബ്രേക്ക് ചെയ്ത് മറ്റൊരു പാറ്റേണിലേക്ക് മാറ്റാൻ കഴിയുന്നവൻ ആണ് പ്രതിഭ !! താളത്തെയാണ് ഇയാൾ ഉദ്ദേശിക്കുന്നത്. അല്ലയോ മഹാനുഭാവ ലോകമെമ്പാടുമുള്ള സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഒരേ പാറ്റേണിൽ തന്നെയാണ്. 4/4 , 3/4 , 6/8 , 7/8 ഇങ്ങനെ തുടങ്ങി പാശ്ചാത്യർ ഉപയോഗിക്കുന്ന പാറ്റേണുകൾക്ക് സമാനമാണ് നമ്മുടെ സംഗീതത്തിലും താളങ്ങൾ ഉള്ളത്. ആദി താളം, രൂപക താളം, ത്രിപുട താളം.. ഇങ്ങനെ അറിയപ്പെടുന്ന നമ്മുടെ താളങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്. താളങ്ങൾ അവയുടെ ജാതികൾ, ഗതികൾ ഇവയ്ക്കനുസൃതമായി നമ്മുടെ സംഗീതത്തിൽ കൃത്യമായി ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഇതൊക്കെ പഠിക്കുവാൻ താങ്കളുടെ തലച്ചോറ് പോരാ എന്ന് വിനയപുരസരം അറിയിച്ചുകൊള്ളട്ടെ..
അതിനെക്കുറിച്ച് ഒക്കെ സമയം കിട്ടുമ്പോൾ ഒന്ന് പഠിക്കാൻ ശ്രമിക്കുക എന്നിട്ട് പാട്ടുകാരന് തൊണ്ടയ്ക്ക് മസിൽ മാത്രം മതിയോ തലച്ചോർ ആവശ്യമുണ്ടോ എന്നൊക്കെ പരസ്യമായി പ്രഖ്യാപിക്കുക....!!
പാറ്റേൺ ബ്രേക്കിംഗ് എന്നിയാൾ ഉദ്ദേശിക്കുന്നത് താള മാറ്റം ആയിരിക്കാം. പക്ഷേ അതും മഹാപ്രതിഭകൾ ചിട്ടപ്പെടുത്തിയിരിക്കുന്ന താളത്തിൽ തന്നെയാണ്.
ഹരിഹരൻ സർ ഇന്നും അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ശ്രുതിയിട്ട് മസിൽ പെരിപ്പിക്കാറുണ്ടത്രെ.. എത്ര പുച്ഛത്തോടെയാണ് ഇയാൾ സംസാരിക്കുന്നത്. സാധകം എന്നത് മസില് പെരുപ്പീരല്ല എന്ന് സംഗീതം പഠിക്കുന്ന ഒരു കൊച്ചു കുട്ടിയോട് എങ്കിലും ചോദിച്ചു മനസ്സിലാക്കുവാനുള്ള മനസ്സില്ലാത്ത ഇയാൾ ഏത് സയൻസ് പഠിച്ചിറങ്ങിയവനാണ്.
സംഗീതത്തിൽ ഒരു സയൻസ് ഉണ്ടാവാം പക്ഷേ താങ്കൾ ഉദ്ദേശിക്കുന്ന സയൻസ് കൊണ്ട് സംഗീതത്തെ ഉണ്ടാക്കാൻ കഴിയില്ല എന്ന് തിരിച്ചറിയാനുള്ള ഒരു മിനിമം ബുദ്ധി താങ്കൾക്ക് ഇനിയെങ്കിലും ഉണ്ടാകട്ടെ.
ഇതിലൂടെ താങ്കൾ പറയുന്ന ഏത് വിഷയത്തെക്കുറിച്ചുള്ള വാദങ്ങളും ഞാൻ പുച്ഛത്തോടെ മാത്രമേ കാണുന്നുള്ളൂ. ഇതാണല്ലോ താങ്ങളുടെ ബുദ്ധിവികാസം !!!
ഒരു ജന്മം മുഴുവൻ പഠിച്ചു തീർക്കാൻ കഴിയാത്ത രാഗങ്ങൾ , സങ്കീർണമായ കണക്കുകൂട്ടലുകളിൽ മിനുക്കി എടുക്കുന്ന താളങ്ങൾ ഇതിന്റെയൊക്കെ മഹത്വം മനസ്സിലാക്കാൻ നിങ്ങളുടെ ഈ പൊട്ടക്കുളത്തിലെ ബുദ്ധി കൊണ്ട് കഴിയില്ല എന്ന് എനിക്കറിയാം...!
സരിഗമകേട്ട് ബോറടിക്കുന്ന താങ്കളെപ്പോലുള്ളവർക്ക് മഹാന്മാരായ കലാകാരന്മാരുടെ മഹത്വം തിരിച്ചറിയുവാൻ കഴിയുകയില്ല. ഒരു ജന്മം കൊണ്ട് പോലും.. സയൻസ് കൊണ്ട് നിങ്ങൾ ദൈവത്തെ വെല്ലു വിളിച്ചോളൂ ഒരു കലാകാരനെ ഇകഴ്ത്തുവാൻ താങ്കൾ ആയിട്ടില്ല. ഞങ്ങളുടെയൊക്കെ മനസ്സുകളിൽ ജീവിക്കുന്ന കലാകാരന്മാർ ദൈവം സൃഷ്ടിച്ചവരല്ല അവർ ദൈവങ്ങൾ തന്നെയാണ്..!! സംഗീതത്തിൽ മാത്രമേ ഇയാളുടെ കണ്ടെത്തലുകൾ ഉള്ളൂ എന്നത് ആശ്വാസം , മറ്റു കലാകാരന്മാർ രക്ഷപ്പെട്ടല്ലോ ! ഇനിയും ഇതുപോലെ നൃത്തത്തെക്കുറിച്ചും ചില ഭാഷണങ്ങളാകാം.. പുതിയ അറിവുകൾ തലമുറയ്ക്ക് വഴികാട്ടട്ടെ...
നിർത്തുന്നതിന് മുമ്പ് ഒന്നുകൂടി നിങ്ങൾ പറയുന്ന സമയം നിങ്ങൾക്ക് തരാം ഇന്ന് ദാസേട്ടനോ ഹരിഹർ ജിയോ പാടുന്നതുപോലെ ശ്രുതി ശുദ്ധമായി ഒരു പാട്ട്! ഒരു പാട്ട് നിങ്ങൾ പാടി കേൾപ്പിക്കൂ... അതിനു നിങ്ങൾ എത്രനാൾ വേണമെങ്കിലും മസില് പെരുപ്പിച്ചുകൊള്ളൂ......
നടക്കില്ലെന്നറിയാം !!
അതാണ് സംഗീതത്തിലെ ദൈവഹിതം !!!
ഇടക്കൊക്കെ കിണറ്റിൽ നിന്ന് കരയിൽ കയറി ഊർദ്ധ ശ്വാസം മാത്രമല്ലാതെ ശുദ്ധ വായു കൂടി വിശ്വസിക്കുക... തലച്ചോറിന്റെ വളർച്ചയ്ക്ക് അത് നല്ലതാണ്...
- അനിൽ ഗോപാലൻ