Village News.

Village News. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Village News., Media/News Company, parithichalkonam, Thiruvananthapuram.

28/08/2025

*വാടക വീട്ടിൽ 9 വയസുകാരനെ നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, രക്ഷകരായി പൊലീസ്*
കൊച്ചി: ഒമ്പത് വയസുള്ള മകനെ 26 നായകൾക്കൊപ്പം വാടകവീട്ടിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി. അച്ഛനെ കാണാതെ വിദേശത്ത് ജോലി ചെയ്യുന്ന അമ്മയെ വിളിച്ച് കുട്ടി സഹായം തേടി. ഒടുവിൽ പൊലീസെത്തി കുഞ്ഞിനെ രക്ഷിച്ചു.
തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം. ഞായറാഴ്ചയാണ് പിതാവ് വാടക വീട്ടിൽ നിന്ന് മുങ്ങിയത്.
ഇയാൾ വള‍ർത്തിയിരുന്ന നായ്ക്കൾ ബഹളം വച്ച് വലിയ രീതിയിൽ ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് മുങ്ങിയത്. ഭക്ഷണം വെള്ളവും കിട്ടാതെ വന്നതോടെ നായകൾ അസ്വസ്ഥരായി ബഹളം വച്ചതിന് പിന്നാലെ നാലാം ക്ലാസുകാരൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിവരമറിയിക്കുകയായിരുന്നു. ഇവർ പൊലീസിനെ വിളിച്ച് സഹായം തേടി.
പൊലീസെത്തി കുട്ടിയെ അമ്മയുടെ രക്ഷിതാക്കൾക്ക് പൊലീസ് കൈമാറി. നായകളെ ഒരു മൃഗസംഘടന ഏറ്റെടുത്തു. മൂന്നു മാസം മുന്‍പാണ് സുധീഷ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീട് വാടകയ്ക്ക് എടുത്തത്. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു.

23/08/2025

*പ്രഭാത വാർത്തകൾ*

*2025 | ഓഗസ്റ്റ് 23 | ശനി*

◾ ബിഹാറില്‍ ഇനി ആധാറും രേഖ, കരടിലില്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബിഹാറില്‍ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ ആധാറോ സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തോട് പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേസ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.

◾ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്‌നാട് മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതെല്ലാം സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്തുതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുനെല്‍വേലിയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. തമിഴ്‌നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

◾ 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ്. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ലെന്നും ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളൂവെന്നും വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊച്ചിയില്‍ ബിജെപി സംസ്ഥാന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് വീട്ടില്‍ എത്തിയത്. ഭാര്യ ഷീല, മകള്‍ ആരതി, മറ്റ് കുടുംബാഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അമിത് ഷാ തമിഴ്നാട്ടിലേക്ക് പോയി. എറണാകുളത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അമിത് ഷാ.

◾ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കണമെന്ന് പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും സരിന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ ബിഹാറിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധിയുടെ ഒപ്പം നടക്കാന്‍ എന്നാണ് പറയുന്നതെന്നും ഇവിടെ നടന്നത് പറഞ്ഞാല്‍ ദേശീയ നേതൃത്വം നാണിച്ചു പോകുമെന്നും വര്‍ഷം മുഴുവന്‍ പറഞ്ഞാലും കോണ്‍ഗ്രസ്സിന്റെ അനാശാസ്യ കഥകള്‍ അവസാനിക്കില്ലെന്നും സരിന്‍ പറഞ്ഞു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു.

◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. ഇവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

◾ യുവനടിക്ക് അശ്ലീലസന്ദേശം അയച്ചെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. രാഹുല്‍ മാങ്കൂത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാര്‍ച്ചില്‍ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.

◾ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൊതുപ്രവര്‍ത്തകര്‍ മാതൃക കാട്ടേണ്ടവരാണമെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനം പറയണമെന്നും വാസവന്‍ ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ക്ക് എതിരായ കേസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയതാണെന്നും മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നുമാണ് വാസവന്റെ വിശദീകരണം.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ ഒരു എംഎല്‍എക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എല്ലാ കോണില്‍ നിന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണെന്നും ഇത് കേരളത്തിന്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.

◾ അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ മൃതദേഹം സംസ്‌കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. നിരവധി പേരാണ് നേതാവിന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാനായി എത്തിയത്.

◾ തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന് എതിരായ പരസ്യ പ്രസ്താവനയില്‍ ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷന്‍ സുന്ദരന്‍ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി. കഴിഞ്ഞ 14ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ആയിരുന്നു സുന്ദരന്‍ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വിഡി സതീശനെ വിലക്കിയതിന്റെ പേരിലാണ് പ്രകോപനം.

◾ ഗതാഗത വകുപ്പ് പുറത്തിറക്കുന്ന എം വി ഡി ലീഡ്‌സ്, സിവിക് ഐ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ എല്ലാ വിഭാഗത്തിലുള്ളവരിലേക്കും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

◾ കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തി വെച്ചാല്‍ കര്‍ശന നടപടിയെന്ന് വിസി. രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തി വച്ചിരിക്കുന്നതായി വിദ്യാര്‍ത്ഥികളുടെ പരാതിയെതുടര്‍ന്നാണ് വിസിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്യമായി സീല്‍ പതിച്ചു കൊടുക്കണം. വീഴ്ച്ച കാട്ടിയാല്‍ നടപടിയെടുക്കുമെന്നു കാണിച്ചാണ് രജിസ്ട്രാറുടെ സ്റ്റാഫിന് മെമ്മോ നല്‍കാന്‍ പ്ലാനിങ് ഡയറക്ടര്‍ക്ക് വിസി നിര്‍ദ്ദേശം നല്‍കിയത്.

◾ മാവോയിസ്റ്റ് രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. 'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന രൂപേഷിന്റെ നോവലിന് ജയില്‍ വകുപ്പാണ് അനുമതി നിഷേധിച്ചത്. ജയില്‍ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് ഇത്. ജയില്‍ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവലിന്റെ പിഡിഎഫ് വായിച്ച തനിക്ക് കണ്ടെത്താനായില്ല എന്ന് സച്ചിദാനന്ദന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ജയില്‍ മേധാവിയാണ് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചത്.

◾ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

◾ ബെവ്ക്കോയില്‍ റെക്കോര്‍ഡ് ബോണസ്. 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റെക്കോര്‍ഡ് വരുമാനം ലഭിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും അതിന് അനുസരിച്ച് ബോണസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു.

◾ ഓണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വെ. ജൂലൈ മുതല്‍ തന്നെ സര്‍വീസ് ആരംഭിച്ച സ്പെഷ്യല്‍ ട്രെയിനുകളടക്കം 92 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയില്‍വെ വക്താവ് അറിയിച്ചു.

◾ തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം നാളെ തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി.

◾ കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താത്പര്യമുള്ള വ്‌ളോഗര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പാനലില്‍ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവര്‍മാരുള്ള വ്‌ളോഗര്‍മാര്‍ക്കും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നല്‍കിയിട്ടുള്ള വീഡിയോ കണ്ടന്റുകള്‍ക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.

◾ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക്(19), കായണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ്(19), വേളം പെരുമ്പാട്ട് മീത്തല്‍ സികെ ആദര്‍ശ്(22), പതിനേഴ് വയസ്സുകാരനായ നാലാമനുമാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

◾ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സപ്ലൈകോ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷന്‍ അരി കടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. സപ്ലൈകോ ഗോഡൗണിലെ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രനാണ് അറസ്റ്റിലായത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇനി പിടികൂടാനുള്ള സപ്ലൈകോ ജീവനക്കാരനായ അന്‍ഷാദിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

◾ പത്തനംതിട്ട അടൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്ര ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. ഇതേ ഓഫീസിലെ ഡ്രൈവര്‍ ഹരികൃഷ്ണന്‍ ആണ് പ്രതി. കഴിഞ്ഞ ദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈല്‍ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്.

◾ എറണാകുളം കോതമംഗലത്ത് ആള്‍ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് എസ്പി ഹേമലത പറഞ്ഞു.

◾ തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഒരേ സ്‌കൂളില്‍ പഠിച്ചവരും അടിമാലി കൊന്നത്തടി സ്വദേശികളായ ശിവ ഘോഷും മീനാക്ഷിയും ഇഷ്ടത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

◾ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.

◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സ്റ്റാലിനെ ചെന്നൈയിലെത്തി നേരിട്ട് ക്ഷണിച്ചു. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് അഗോള അയ്യപ്പസംഗമം.

◾ തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍, ഹര്‍ജിക്കാരായ വ്യക്തികളും എന്‍ജിഒകളും കോടതി രജിസ്ട്രിയില്‍ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കില്‍ ഹര്‍ജിക്കാരെയോ കക്ഷി ചേര്‍ന്നവരെയോ തുടര്‍ന്ന് കേസില്‍ ഹാജരാകാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

◾ കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഡികെ ശിവകുമാറിന്റെ പഴയ ആര്‍എസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. 'നമസ്തേ സദാ വല്‍സലേ മാതൃഭൂമേ' എന്ന ഭാഗം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡികെ രംഗത്തെത്തി. കോണ്‍ഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താന്‍ നല്‍കിയതെന്നും ഡികെ ശിവകുമാര്‍ വിശദീകരിച്ചു.

◾ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് ഇഡി. സിക്കിമില്‍ നിന്നാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി.

◾ സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. വാര്ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശില്‍ നിന്നുമുള്ള മുന്‍ ലോകസഭാംഗവുമാണ്.

◾ ഇന്ത്യയെ ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സിനോടും സ്വന്തം രാജ്യത്തെ ഒരു ഡംപ് ട്രക്കിനോടും താരതമ്യംചെയ്ത പാകിസ്താന്‍ സൈനിക മേധാവിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആ പരാമര്‍ശംതന്നെ പാകിസ്താന്റെ കുറ്റസമ്മതമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും സാമ്പത്തികസ്ഥിതി താരതമ്യംചെയ്തുള്ള അസിം മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ സ്വയം പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾ ഹിമാചല്‍പ്രദേശില്‍ കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്.

◾ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അപലപിച്ച് സുപ്രീം കോര്‍ട്ട് വിമന്‍ ലോയേഴ്‌സ് അസോസിയേഷന്‍. കോടതിയില്‍ തന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ടുള്ള മുഴുവന്‍ വനിതാ അഭിഭാഷകര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ഇതിനെതിരായാണ് സുപ്രീം കോടതി വനിതാ അഭിഭാഷക സംഘടന രംഗത്തെത്തിയത്.

◾ ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍. ഇന്നലെയാണ് റനില്‍ വിക്രമസിംഗെയെ അഴിമതി കേസില്‍ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

◾ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് ബിസിനസ് പ്രൊഫഷണലുകള്‍ക്കുള്ള വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഈ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷം വിവോ, ഓപ്പോ, ഷവോമി, ബൈഡ്, ഹിസെന്‍സ്, ഹെയര്‍ തുടങ്ങിയ കമ്പനികള്‍ക്ക് തങ്ങളുടെ ചൈനീസ് മാനേജര്‍മാരെ ഇന്ത്യയിലേക്ക കൊണ്ടുവരാന്‍ സാധിക്കും.ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാനും നീക്കമുണ്ട്.

◾ വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് ഇന്നലെ തകര്‍ന്നുവീണത്.

◾ ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കില്‍ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയില്‍ ഇസ്രായേല്‍ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

◾ ഫ്ലോറിഡയില്‍ ഇന്ത്യന്‍ ഡ്രൈവറോടിച്ച ട്രക്ക് അപകടത്തില്‍പെട്ടതിന് പിന്നാലെ കടുത്ത തീരുമാനവുമായി അമേരിക്ക. ട്രക്ക് യൂ ടേണ്‍ എടുക്കുന്നതിനിടെ വാഹനത്തിലേക്ക് കാറിടിച്ച് കയറി മൂന്ന് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ വിദേശത്ത് നിന്നുള്ള വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനാണ് തീരുമാനം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും വിദേശത്ത് നിന്നുള്ള ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

◾ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിലും അന്യായമായ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച മുന്‍ സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ് നടത്തി. രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. ബോള്‍ട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ വിദേശരാജ്യങ്ങളില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ (ഏകദേശം 2300 കോടി) കടമെടുത്ത് ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡ് 150 മില്യണ്‍ ഡോളറാണ് കടമെടുക്കുന്നത്. ബാര്‍ക്ലേയ്സ്, ഡി.ബി.എസ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവരില്‍ നിന്നാണ് അദാനി ഗ്രൂപ്പ് പണം കടം വാങ്ങിയത്. അദാനി പോര്‍ട്സ്& സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 125 മില്യണ്‍ ഡോളറും കടമെടുത്തിട്ടുണ്ട്. മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പില്‍ നിന്നാണ് ഇത്രയും തുക അദാനി കടമെടുത്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ 10 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് കടമായി എടുത്തത്. ജൂണില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സിന്റെ കീഴിലുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 750 മില്യണ്‍ ഡോളറിന്റെ വായ്പ സ്വരൂപിച്ചിരുന്നു. അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് ലിമിറ്റഡില്‍ നിന്നാണ് വായ്പ വാങ്ങിയത്. ഇവരില്‍ നിന്ന് തന്നെ 250 മില്യണ്‍ ഡോളര്‍ കൂടി മുംബൈ എയര്‍പോര്‍ട്ട് വായ്പ വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.

📽️ 📽️ 📽️
◾ ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പോലീസ് വേഷത്തിലാണ് ഷെയ്ന്‍ നിഗം ഈ ചിത്രത്തിലെത്തുന്നത്. ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു.

📽️ 📽️ 📽️
◾ ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് 'ധീരന്‍'. രാജേഷ് മാധവനാണ് ചിത്രത്തില്‍ നായകനായെത്തിയത്. ചിരിയും ത്രില്ലും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയ്നറാണ് ചിത്രം. ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 60-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ജഗദീഷ്, അശോകന്‍, മനോജ് കെ ജയന്‍, സുധീഷ്, വിനീത് എന്നിവരുമുണ്ട്. ഇവര്‍ക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, നായികാ വേഷം ചെയ്ത അശ്വതി മനോഹരന്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്‍, വിജയ സദന്‍, ഗീതി സംഗീത, അമ്പിളി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

◾ ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാവുന്നു. രണ്ടാം സ്ഥാനം പിടിച്ചെടുത്ത ഏഥറും ആദ്യ അഞ്ചിലേക്കെത്തിയ ഹീറോ മോട്ടോകോര്‍പുമാണ് കരുത്തു തെളിയിച്ചവര്‍. ഓഗസ്റ്റിലെ ആദ്യ 21 ദിവസത്തെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് എഥര്‍ എനര്‍ജി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇലക്ട്രിക് ടു വീലര്‍ വില്‍പനയില്‍ മുന്നിലുള്ളത് ടിവിഎസാണ്. 25 ശതമാനമാണ് ടിവിഎസിന്റെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ വിഹിതം. 16 ശതമാനം വിപണി വിഹിതവുമായി ഒല മൂന്നാമതുണ്ട്. ആദ്യമായി ആദ്യ അഞ്ചിലേക്ക് ഹീറോ മോട്ടോകോര്‍പ് എത്തിയെന്നതും ശ്രദ്ധേയമാണ്. വിഡ വിഎക്‌സ്2 പുറത്തിറക്കിയതോടെയാണ് ഹീറോ മോട്ടോകോര്‍പിന് വിപണിയില്‍ ഊര്‍ജമായത്. തിരിച്ചടി നേരിട്ട ബജാജ് ഓട്ടോ 12 ശതമാനം വിപണി വിഹിതത്തോടെ അഞ്ചാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു.

◾ തങ്ങളുടെ വളര്‍ച്ചയും അനുഭവസമ്പത്തുംപോലെ ബാല്യകാലത്തിന്റെ സൗന്ദര്യം, വന്യജീവികളും പക്ഷികളും ഉള്‍പ്പെടുത്തി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ബാലസാഹിത്യ സൃഷ്ടിയാണ് കാക്കപുരാണം. സിനിമ/നാടക രചയിതാവായ പവിത്രന്‍ തിക്കെന്നിയുടെ ഏറ്റവും മനോഹരമായ ബാലസാഹിത്യകൃതികളില്‍ ഒന്നാണിത്. പക്ഷികളുടെ ലോകം, പ്രകൃതിയുമായുള്ള ബന്ധം, ബാല്യത്തിന്റെ സ്വപ്നലോകം എന്നിവ മനോഹരമായി ചേര്‍ന്നിരിക്കുന്ന കഥാസമാഹാരമാണിത്. ഈ കൃതി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഏറെ ആസ്വദിക്കാവുന്നതും, പ്രകൃതിയോടുള്ള അവബോധം വളര്‍ത്തുന്ന തരത്തിലുള്ളതാണ്. 'കാക്കപുരാണം'. പവിത്രന്‍ തീക്കുനി. ഐ ബുക്സ്. വില 120 രൂപ.

◾ പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഗ്രീന്‍ ടീ മുന്നില്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഗ്രീന്‍ ടീയില്‍ ടാനിനുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് വയറ്റില്‍ അസിഡിറ്റി വര്‍ധിപ്പിക്കും. ഇത് വയറ്റില്‍ അസ്വസ്ഥത, ദഹനക്കേട്, ഓക്കാനം എന്നിവയിലേക്ക് നയിക്കാം. അതുകൊണ്ട് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഭക്ഷണം കഴിച്ച ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് നല്ലത്. ആന്റി മൈക്രോബിയല്‍, ആന്റി ഡയബറ്റിക്, ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നതിനും മാത്രമല്ല, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഗ്രീന്‍ ടീ സഹായിക്കും. എന്നാല്‍ അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദഹനപ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. ഗ്രീന്‍ ടീ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുടിക്കുന്നത് ഉറക്കചക്രത്തെ തടസപ്പെടുത്താം. ഇത് ഉറക്കമില്ലായ്മയിലേക്കും ഉത്കണ്ഠ പോലുള്ള അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്രീന്‍ ടീ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തും. ഇത് കാലക്രമേണ വിളര്‍ച്ചയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് മികച്ചത്. സാധാരണ ചായ തിളപ്പിക്കുന്ന പോലെ ഗ്രീന്‍ ടീയും തിളപ്പിക്കരുത്. ഇത് അവയുടെ ഗുണങ്ങളെ നശിപ്പിക്കാനും കയ്പ്പ് രുചിക്കാനും കാരണമാകും. വെള്ളം തിളപ്പിച്ച ശേഷം താപനില 80 മുതല്‍ 85 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന ശേഷം ഗ്രീന്‍ ടീ ബാഗ് ഇട്ട് ചായ കുടിക്കാവുന്നതാണ്.

*ശുഭദിനം*

അയാള്‍ക്ക് സ്വന്തമായി ധാരാളം കുതിരകളുണ്ട്. ഒരു ദിവസം ഒരാള്‍ അവിടെ അതിഥിയായി എത്തി. ലക്ഷണമൊത്ത ഒരു കുതിരയെകണ്ട് അയാള്‍ അതിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് അതിന്റെ കാലില്‍ ഒരു ചെറിയ തടിക്കഷ്ണം കെട്ടിയിരിക്കുന്നത് കണ്ടത്. അതുകണ്ട് അതിഥി കാര്യമന്വേഷിച്ചു. അയാള്‍ പറഞ്ഞു: അവന് ഇടയ്ക്കിടെ വേലിചാടുന്ന സ്വഭാവമുണ്ട്. അപ്പോള്‍ അവന് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ നിങ്ങള്‍ അവന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയല്ലേ? അതിഥി ചോദിച്ചു. അത്‌കേട്ടതും അയാള്‍ ഒരു മറുചോദ്യം ചോദിച്ചു: വേലിചാടുമ്പോള്‍ അതിന്റെ കാലൊടിഞ്ഞുകിടന്നാല്‍ എന്ത്‌സ്വാതന്ത്ര്യമാണ് ഉണ്ടാവുക? അതിഥി മറുപടിപറയാതെ തലതാഴ്ത്തി. വളര്‍ത്തുന്നവരുടെ ലക്ഷ്യവും വളരുന്നവരുടെ ആഗ്രഹങ്ങളും തമ്മില്‍ ഒരു സമവാക്യം രൂപപ്പെടുക എന്നത് അത്രക്കങ്ങ് എളുപ്പമല്ല. വളര്‍ത്തുന്നവര്‍ക്കെല്ലാം തങ്ങള്‍ പരിപാലിക്കുന്നവരെക്കുറിച്ച് കരുതലുണ്ട്. പരിമിതികള്‍ക്കുളളില്‍ നിന്ന് പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ അധികം പേരും. രക്ഷാകര്‍ത്താക്കളുളളത് ഒരു അനുഗ്രഹമാണ്. നിയന്ത്രണം നഷ്ടപ്പെടാതെ അവര്‍ പിടിച്ചുനിര്‍ത്തും. ഉപകാരപ്രദമായതും ഹാനികരമായതും ഏതെന്ന് അവര്‍ക്ക് തിരിച്ചറിയാനാകും. സ്വാതന്ത്ര്യം ഒരു ആഹ്ലാദാനുഭവം മാത്രല്ല, ആത്മനിയന്ത്രണാനുഭവം കൂടിയാണ്. സ്വയം നിയന്ത്രണത്തിലൂടെ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുക എന്നതാവട്ടെ സ്വാതന്ത്ര്യത്തിന്റെ അതിര്

💐 💐 💐

22/08/2025

*പ്രഭാത വാർത്തകൾ*
*2025 | ഓഗസ്റ്റ് 22 | വെള്ളി*
◾ രാജ്യത്ത് ഇനി മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍. പുതിയ നിരക്കുകള്‍ക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നല്‍കി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു. ഇനി മുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ഇതിന് ജിഎസ്ടി കൗണ്‍സിലില്‍ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ മാറ്റത്തിലൂടെ, 12% നികുതിയുണ്ടായിരുന്ന ഏകദേശം 99% ഉത്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലുള്ള 90% ഉത്പന്നങ്ങള്‍ 18% സ്ലാബിലേക്ക് മാറും. അതേസമയം, പുകയില ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവക്ക് 40% ഉയര്‍ന്ന നികുതി തുടരും.

◾ ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയ്ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ, കമ്പനികള്‍ ലാഭം കൊയ്യുമെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് മറ്റ് വരുമാന മാര്‍ഗങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

◾ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ വളരെ കഴിവുള്ളവരാണെന്നും എന്നാല്‍ കുടുംബവാഴ്ച കാരണം അവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പാര്‍ലമെന്റിന്റെ സമാപിച്ച സമ്മേളനം പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയത് കാരണം വളരെ മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ പാസാക്കിയതിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വലിയ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു.

◾ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 105 വയസുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന അവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കുമെന്നടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍ക്ക് സൈബര്‍ ക്രൈമുകള്‍ തടയുന്നതിനുള്ള പരിശീലനം നല്‍കുമെന്നും പിണറായി വിജയന്‍ വിവരിച്ചു.

◾ ആരോപണവിധേയന്‍ ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഈ വനിതകള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ലെന്നും പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും നല്‍കി സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പേര് വെളിപ്പെടുത്താതെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുമെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യുമെന്നും ഇരകളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി രാഷ്ട്രീയ യുവജന സംഘടനകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി. വിവിധയിടങ്ങളില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുലിന്റെ പാലക്കാടുള്ള എംഎല്‍എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

◾ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹൂല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ പറവട്ടാനി മുതല്‍ തൃശ്ശൂര്‍ വരെ നടത്താനിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച് മാറ്റി വെച്ചു. വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്നായിരുന്നു ലോങ് മാര്‍ച്ച് നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് മാറ്റിവെച്ചതിന്റെ കാരണം തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നില്ല.

◾ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചത് ഷാഫി പറമ്പിലെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം വിവാദങ്ങള്‍ക്കിടെ ഫ്ലാറ്റിനു മുന്നില്‍ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി പറമ്പില്‍ എം.പി വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനായി ബിഹാറിലേക്ക് പോയെന്നാണ് വിവരം.

◾ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പീഡനത്തിന് വിധേയരായവര്‍ ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് നേരത്തെ നടപടിയെടുത്തില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസിന്റേത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍, രാഹുലിന്റെ മെന്റര്‍ എന്ന നിലയില്‍ സതീശനും ഈ വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

◾ പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പീഡനത്തിന് വിധേയരായവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെടുത്തിയിട്ടും ഇടപെടാതെ മാറി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രതിക്കൂട്ടിലാണെന്നും രക്ഷിതാവ് എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പരാതിക്കാരോട് പറഞ്ഞ പ്രതിപക്ഷ നേതാവും ആ സ്ഥാനത്തിന് യോജിച്ച നിലപാടല്ല സ്വീകരിച്ചതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. ഹു കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്സ് എന്നാണ് ഉത്തരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

◾ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ ഇന്നത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

◾ കോണ്‍ഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഒരു നിമിഷം ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം എല്‍ എ രാജിവെക്കണമെന്നും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

◾ എംഎല്‍എ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഎം നേതാവ് സരിന്‍. കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നാണ് സരിന്റെ വിമര്‍ശനം. കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നും പി സരിന്‍ പരിഹസിച്ചു. ഒരാള്‍ രാജിവച്ചാല്‍ കോണ്‍ഗ്രസ് പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കരുതണ്ടയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കാരണം രാഹുല്‍ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളില്‍ ഈ നേതാക്കള്‍ക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ യോഗ്യത ഇല്ലാത്തവനാണ് നിയമസഭയില്‍ എത്തിയതെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

◾ ആരോപണ വിധേയന്റെ പേര് പറയുന്നില്ലെന്ന് യുവനടി റിനി ആന്‍ ജോര്‍ജ്. ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. താനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും തന്റെ യുദ്ധം വ്യക്തിയോടല്ലെന്നും സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണെന്നും രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് തന്റെ വിഷയമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

◾ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളര്‍ന്ന നേതാവായിരുന്നു വാഴൂര്‍ സോമന്‍.

◾ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

◾ കാസര്‍കോട് കുണ്ടംകുഴി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെ സ്ഥലം മാറ്റി. സ്‌കൂളില്‍ അസംബ്ലിക്കിടെ പത്താം ക്ലാസുകാരന്റെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തിലാണ് സ്ഥലം മാറ്റം. മഞ്ചേശ്വരം കടമ്പാര്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റിയത്. ഹെഡ്മാസ്റ്ററുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.

◾ കത്ത് ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു.

◾ സിപിഎം കത്ത് ചോര്‍ച്ച വിവാദം ശുദ്ധ അസംബന്ധമെന്നും ഇക്കാര്യത്തില്‍ തനിക്കും മകനും ഒരു പങ്കുമില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ ഏഴ് വയസുകാരനായ സഹോദരനും രോഗം സ്ഥിരീകരിച്ചു. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി.

◾ കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ യാത്രക്കാര്‍ക്കായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. 130 കോടി രൂപക്കാണ് ബസുകള്‍ വാങ്ങുന്നത് ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയര്‍കണ്ടീഷണന്‍ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക എന്നും അദ്ദേഹം പറഞ്ഞു.

◾ മലപ്പുറം കരുവാരകുണ്ട് അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്തെ 50 ഏക്കറില്‍ കടുവ പശുവിനെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവ സ്ഥലത്ത് വീണ്ടും കടുവ എത്തിയതായി കണ്ടെത്തല്‍. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയെ കണ്ടത്. ഇതോടെ കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് വനം വകുപ്പ്.

◾ എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ വീട്ടമ്മ ആശയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദീപയ്ക്ക് ജാമ്യം അനുവദിച്ചു. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ബിന്ദു എന്നിവരുടെ മകളാണ് ദീപ. പ്രദീപിന്റെയും ബിന്ദുവിന്റെയും ഒപ്പം മകളും കഴിഞ്ഞ ദിവസം ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു.

◾ കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിയിരുന്ന 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലാണ് ജഡം കണ്ടെത്തിയത്. ജീവനക്കാര്‍ പൈപ്പ് തുറന്നപ്പോള്‍ വെള്ളത്തിന് അസഹനീയമായ ദുര്‍ഗന്ധമുണ്ടായതോടെയാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്.

◾ കോട്ടയം സിഎംഎസ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയന്‍ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്.

◾ അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങളില്‍ നടന്‍ വിനായകനെ പരസ്യമായി തള്ളിപ്പറഞ്ഞ് താര സംഘടന. നടന്‍ വിനായകന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ താര സംഘടന വാര്‍ത്താക്കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം മെമ്മറി കാര്‍ഡ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. റിപ്പോര്‍ട്ട് 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനും എക്സിക്യൂട്ടീവില്‍ തീരുമാനമായി.

◾ ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍. ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതത്. ബിജെപി നേതാവ് ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്.

◾ തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെയും ഡിഎംകെയും കടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും വിജയ് പേരെടുത്ത് വിമര്‍ശിച്ചു. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തില്‍ പറഞ്ഞു.പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ എംജിആറിനെ അദ്ദേഹം പരാമര്‍ശിച്ചു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും കുറുക്കന്മാര്‍ പലതും കാണുമെന്നും പക്ഷേ സിംഹം ഒന്നു മാത്രമാണെന്നും അവനാണ് രാജാവെന്നും ടിവികെ ആര്‍ക്കും തടയാനാകാത്ത ശക്തിയാണെന്നും വിജയ് പറഞ്ഞു. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും മത്സരം ഡിഎംകയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു.

◾ ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് രാജ്യസഭയിലും കീറിയെറിഞ്ഞ് പ്രതിപക്ഷം. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം വലിയ ബഹളത്തിനിടെ രാജ്യസഭയും അംഗീകരിച്ചു. ബില്ലിനെ അനുകൂലിക്കുന്ന നിലപാടില്‍ ഉറച്ചു നില്ക്കുമെന്ന് ടിഡിപിയും ജനതാദള്‍ യുണൈറ്റഡും വ്യക്തമാക്കി. ജനാധിപത്യത്തെ സര്‍ക്കാര്‍ കശാപ്പ് ചെയ്യുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.

◾ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നില്‍ പ്രതിയുടെ അമിതമായ മൃഗസ്നേഹമാണെന്ന് പൊലീസ് നിഗമനം. ദില്ലിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതാകാം പ്രതിയെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം. കോടതി ഉത്തരവ് രാജേഷിന് മനോ വിഷമമുണ്ടാക്കിയിരുന്നതായി മാതാവ് മൊഴി നല്‍കിയിരുന്നു. അതേസമയം ഡല്‍ഹിയില്‍നിന്ന് തെരുവുനായകളെ മുഴുവന്‍ നീക്കംചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മൂന്ന് ലക്ഷം തെരുവുനായകളുടെ ജീവനെ ബാധിക്കുമെന്ന കാര്യം പറയാനാണ് താന്‍ മുഖ്യമന്ത്രിക്കടുത്തേക്ക് പോയതെന്ന് രാജേഷ് പോലീസിനെ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് രേഖ ഗുപ്തക്ക് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

◾ ദില്ലിയില്‍ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. അഞ്ച് സ്‌കൂളുകള്‍ക്കാണ് ഇന്നലെ ഈ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ബുധനാഴ്ചയും സമാനരീതിയില്‍ 50ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.

◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയെ പൂര്‍ണ തേജസ്സോടെ കണ്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാനുഭവം പങ്കുവച്ച് ഗ്രൂപ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്‍യാന്‍ ദൌത്യത്തിന് തന്റെ അനുഭവങ്ങള്‍ ഗുണകരമാകുമെന്നും ശുഭാംശു ശുക്ല പറഞ്ഞു. ആക്സിയം 4 ദൌത്യത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ശുഭാംശു ശുക്ല ആദ്യമായാണ് മാധ്യമങ്ങളോട് അനുഭവങ്ങള്‍ പങ്കുവെച്ചത്.

◾ ചൈന-ഇന്ത്യ സൗഹൃദം ഏഷ്യക്ക് ഗുണകരമാണെന്നും ഇരു രാജ്യങ്ങളും ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെഹോങ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ആഗോള സ്ഥിരത നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്നും, തുല്യവും ക്രമബദ്ധവുമായ ഒരു ബഹുധ്രുവ ലോകം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ലോക വ്യാപാര സംവിധാനം നിലനിര്‍ത്തുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിനെ മുട്ടാളന്‍മാരെന്നു വിളിച്ച ചൈനീസ് അംബാസഡര്‍, ഇത്രയും കാലം സ്വതന്ത്ര വ്യാപാരത്തില്‍നിന്ന് നേട്ടമുണ്ടാക്കിയ അവര്‍ ഇപ്പോള്‍ വിലപേശലിനായി തീരുവകളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന ശക്തമായി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

◾ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ഒന്നാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഇതേ അഭിപ്രായം പങ്കുവെച്ചു. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെ വ്യാപാര ബന്ധം ശക്തമായി മുന്നോട്ടു പോകുമെന്നും, റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴ താരിഫ് അതിശയിപ്പിച്ചെന്നും ജയശങ്കര്‍ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി മോസ്‌കോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

◾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനും ചര്‍ച്ചയില്‍ പങ്കാളിയായി. റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുമായുള്ള ചര്‍ച്ചയിലാണ് പ്രസിഡന്റ് പുടിനും പങ്കെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മോസ്‌കോയില്‍ ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നത്.

◾ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഇറങ്ങിയ ശേഷവും യുക്രെയിനില്‍ വന്‍ ആക്രമണം നടത്തി റഷ്യ. ഒറ്റ രാത്രിയില്‍ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്നില്‍ ഇറക്കിയ ആയുധങ്ങള്‍ സംഭരിച്ച യുക്രെയ്നിന്റെ ആയുധ സംഭരണികള്‍, ഡ്രോണ്‍ ഫാക്ടറികള്‍ തുടങ്ങിയവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

◾ ഐ.ടി ഭീമന്‍ ഇന്‍ഫോസിസിലെ ജീവനക്കാര്‍ക്ക് ഇത്തവണ കൈനിറയെ ബോണസ് ലഭിക്കും. കമ്പനിയുടെ ആദ്യപാദ ഫലം മികച്ചതായതോടെയാണ് ജീവനക്കാരെ ഉയര്‍ന്ന ബോണസ് കാത്തിരിക്കുന്നത്. ശരാശരി 80 ശതമാനം വരെയാണ് കമ്പനി ബോണസ് വിതരണം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് ലഭിച്ച മെമ്മോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫോസിസ് നല്‍കിയത് 65 ശതമാനം ശരാശരി ബോണസാണ്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നല്‍കുന്നത്. പിഎല്‍ 4 ജീവനക്കാര്‍ക്ക് 80 മുതല്‍ 89 ശതമാനം വരെ ബോണസ് ലഭിക്കുമെന്നാണ് സൂചന. പിഎല്‍ 5 ജീവനക്കാര്‍ക്ക് 87 ശതമാനം വരെയും പിഎല്‍ 6 ജീവനക്കാര്‍ക്ക് 85 ശതമാനം വരെയും ബോണസ് ഉണ്ടാകും. ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ശരാശരി 85 ശതമാനം വരെയും കുറഞ്ഞ ശമ്പളക്കാര്‍ക്ക് 75 ശതമാനം വരെയും ആനുകൂല്യം ലഭിക്കും.

📽️ 📽️ 📽️
◾ ഫീല്‍ ഗുഡ് സിനിമകളില്‍ നിന്നുമൊരു യൂടേണ്‍ എടുത്ത് വിനീത് ശ്രീനിവാസന്‍. തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'കരം'. ആക്ഷന്‍ ത്രില്ലറായ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം വിനീതും വിശാഖ് സുബ്രഹ്‌മണ്യവും കൈകോര്‍ക്കുന്ന ചിത്രമാണ് കരം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം. ഒരിടവേളയ്ക്ക് ശേഷമാണ് വിനീതും ഷാനും ഒരുമിക്കുന്നത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റിയനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, ജോണി ആന്റണി തുടങ്ങിയ മലയാള താരങ്ങള്‍ക്ക് പുറമെ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗംഭീര ആക്ഷന്‍ രംഗങ്ങളുടെ സൂചന നല്‍കുന്ന സിനിമയിലെ സംഘട്ടനമൊരുക്കുന്നത് ലസെയര്‍ വര്‍ദുകഡ്‌സെ, ഐരാക്‌സി സബനാഡ്‌സെ, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ്. സെപ്തംബര്‍ 25 നാണ് സിനിമയുടെ റിലീസ്.

◾ ഈ വര്‍ഷത്തെ ഏറ്റവും വിചിത്രമായ ഗാങ്ങിനെ പരിചയപ്പെടാന്‍ ഒരുങ്ങിക്കോളൂ. സോണി ലിവിന്റെ പുതിയ മലയാളം ഒറിജിനല്‍ സീരീസ് '4.5 ഗ്യാങ്' എത്തുന്നു.

💐 💐 💐

Address

Parithichalkonam
Thiruvananthapuram
695501

Website

Alerts

Be the first to know and let us send you an email when Village News. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share