27/06/2025
പ്രതികൂല കാലാവസ്ഥ കൊണ്ട് 2 തവണ ലാന്‍ഡിങ് പാളി; സംഘർഷം നിറഞ്ഞ സാഹചര്യത്തിൽ വനിത പൈലറ്റെടുത്ത ആ തീരുമാനത്തെ അഭിനന്ദിക്കാതെ വയ്യ!!!: വിമാനത്തിൽ ഉണ്ടായ രോമാഞ്ച നിമിഷങ്ങളെ കുറിച്ച് പെപ്പെ
ഐ ആം ഗെയിം സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടയില്‍ ഫ്ളൈറ്റ് യാത്രക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് നടന്‍ ആന്റണി വർഗീസ്.
രണ്ടു തവണ ലാൻഡിംഗ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ലാൻഡിംഗ് ചെയ്യാനായില്ലെന്നും എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന വനിതാ പൈലറ്റ് ആ സമ്മർദ്ദ ഘട്ടത്തിൽ എടുത്ത തീരുമാനം അതിശയിപ്പിച്ചെന്നും പറയുകയാണ് നടൻ.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ആന്റണി വര്ഗീസ് ഇക്കാര്യം പറഞ്ഞത്.
പോസ്റ്റ് ഇങ്ങനെ -
'ഇന്നലെ നടന്നത് ആലോചിക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ 6E 6707 വിമാനത്തിൽ ഞാൻ കയറി.
സാധാരണയാത്രയായിരുന്നു അത്. എന്നാൽ ആ യാത്ര തികച്ചും വ്യത്യസ്തമായ അനുഭവമായി മാറിയിരിക്കുകയാണ്. ഒരു സിനിമ കഥ പോലെ ത്രില്ല് നിറഞ്ഞ യാത്ര ആവുകയായിരുന്നു.
ഫ്‌ളൈറ്റ് കൊച്ചിയിലേക്ക് അടുക്കുന്നതിനിടയില്‍ കാലാവസ്ഥ പ്രതികൂലമായി. റൺവേയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റിന് ഉപേക്ഷിക്കേണ്ടി വന്നു.
രണ്ടാമത്തെ ശ്രമം കൂടുതൽ ബുദ്ധിമുട്ടായിരുന്നു, ആ ശ്രമത്തിലും ലാന്‍ഡ് ചെയ്യേണ്ടെന്നായിരുന്നു പൈലറ്റിന്‍റെ തീരുമാനം. റൺവേയിൽ പോലും തട്ടാതെ, അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി. രോമാഞ്ചം തോന്നിയ നിമിഷം.
സമ്മര്‍ദം നിറഞ്ഞ ആ സമയത്ത് വളരെ ശാന്തതയോടെയും വ്യക്തതയോടെയും തീരുമാനമെടുത്ത പൈലറ്റ് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
ക്യാബിനിലെ പിരിമുറുക്കത്തില്‍ യാത്രക്കാര്‍ ഒരു നിമിഷം പരിഭ്രാന്തരായെങ്കിലും ഫ്ളൈറ്റിലെ ജീവനക്കാരായ എല്ലാ സ്ത്രീകളും, സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു. ഇന്ധനം നിറച്ച ശേഷം, ഞങ്ങൾ വീണ്ടും പറന്നുയർന്ന് ഒടുവിൽ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിന്‍റെ ചക്രങ്ങള്‍ നിലത്ത് തൊട്ടതും, ക്യാബിനില്‍ കരഘോഷം മുഴങ്ങി. കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാധാരണ വനിതകൾക്ക് - നിങ്ങളുടെ പെട്ടെന്നുള്ള തീരുമാനങ്ങൾ, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി. നന്ദി', ആന്റണി വർഗീസ് കുറിപ്പില്‍ പറയുന്നു.