20/09/2025
ജോണി എം എൽ
എഴുതുന്നു
J***y ML
Ravi Shanker N
ദില്ലി കാ കലാകാർ ആദ്മി
ഞാൻ നിർദ്ദേശിക്കുന്ന പുസ്തകം
പുസ്തകം ഓഡർ ചെയ്യാൻ
098470 99841 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യൂ.
റാഷ് എന്നാൽ രവിശങ്കർ. കവി. വിവർത്തകൻ. പാലക്കാട്ടുകാരൻ. ഇത്രയും ഏറെക്കുറെ എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ അദ്ദേഹത്തിന് ഒരു ബ്യുറോക്രാറ്റ്, നാടകരചയിതാവ്, അഭിനേതാവ്, അരാജകവാദി എന്നിങ്ങനെയുള്ള ഒരു ഭൂതകാലം കൂടിയുണ്ട്; അതും ഡൽഹിയിൽ. 'ദില്ലി കാ കലാകാർ ആദ്മി' എന്ന പേരിൽ റാഷ് എഴുതുന്ന പുസ്തകം പാപ്പാത്തി പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞ ഉടൻ ഞാൻ പാപ്പാത്തി പ്രസാധകനായ സന്ദീപിനെ വിളിച്ചു പുസ്തകത്തിന് ഓർഡർ നൽകി. കിട്ടി. വായിച്ചു.
ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം എന്റെകൂടി ഭൂതകാലവും തുടർച്ചയുമാണ്. എവിടെ റാഷ് ഡൽഹി വിട്ടു പോരുന്നുവോ അവിടെ നിന്നായിരുന്നു എന്റെ ഡൽഹി ജീവിതത്തിന്റെ തുടക്കം. ഇരുപത് വർഷം റാഷ് ഡെൽഹിയിലുണ്ടായിരുന്നു. ഞാനാകട്ടെ മുപ്പത് വർഷം ഇവിടെ പൂർത്തീകരിച്ചു കഴിഞ്ഞു. നമ്മുടെ വഴികൾ ഇതുവരെ പരസ്പരം മുറിച്ചു കടന്നിട്ടില്ല. ഫേസ്ബുക്കിൽ പോലും നമ്മൾ സുഹൃത്തുക്കൾ അല്ല എന്നതാണ് വിശേഷം. എങ്കിലും പുസ്തകത്തിന്റെ പേര് കണ്ടപ്പോഴേ വായിക്കണം എന്ന് തോന്നി.
എൻ എസ് മാധവന്റെ ഒരു കഥയിൽ നായകൻ, തന്റെ ഒഴിവു ദിവസങ്ങളിലെല്ലാം പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഹിന്ദി സിനിമകൾ കാണും. താൻ ജീവിച്ചിരിക്കുന്ന ബോംബെ നഗരത്തിന്റെ പഴയകാലം അതിലൂടെ അയാൾ പിടിച്ചെടുക്കും. ഈ ഒരു മാനസികാവസ്ഥയിലാണ് ഡൽഹിയെ സംബന്ധിച്ചു മലയാളികൾ എഴുതിയ പുസ്തകങ്ങൾ വായിക്കുമ്പോൾഞാനും. കഴിഞ്ഞ വർഷം എം മുകുന്ദന്റെ എംബസ്സിക്കാലം വായിച്ചപ്പോൾ, അതിൽ കോളിഫ്‌ളവർ പാഠങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഞാൻ അപ്പോൾ താമസിച്ചിരുന്ന കൈലാസ കോളനിയുടെ തൊട്ടടുത്തായിരുന്നു അത്. പക്ഷെ ഇന്നിപ്പോൾ അവിടെയെല്ലാം നഗരം കടന്നു കയറിയിരിക്കുന്നു.
പത്രപ്രവർത്തകരാണ് പൊതുവെ ഡൽഹിയെക്കുറിച്ച് എഴുതുന്നത്. പക്ഷെ അവർ എഴുതുന്ന ഡൽഹിയിൽ നിറയെ രാഷ്ട്രീയവും രാഷ്ട്രീയമാറ്റങ്ങളും ഒക്കെയാണ് കടന്നു വരുന്നത്. വി കെ എൻ എഴുതിയ അധികാരം, സിൻഡിക്കേറ്റ്, പിതാമഹൻ, പയ്യൻ കഥകൾ തുടങ്ങിയ കൃതികളിലും ഓ വി വിജയൻറെ പ്രവാചകന്റെ വഴി, ഗുരുസാഗരം, കഥകൾ എന്നിവയിലുമൊക്കെ ഡൽഹി വരുന്നുണ്ട്. എന്നാൽ റാഷ് ജീവിച്ച ഇരുപത് വർഷങ്ങളിൽ അദ്ദേഹം കടന്നു പോയ അടരുകൾ വ്യത്യസ്തമായിരുന്നു. എന്നെ ഈ പുസ്തകത്തിലേക്ക് ആകർഷിച്ചത്, ഒന്നാമതായി, റാഷ് ഡൽഹിയിൽ ജീവിച്ചിരുന്നു എന്ന് ഞാൻ അറിയുന്നത് തന്നെ ഈ പുസ്തകത്തിന്റെ ടൈറ്റിൽ വായിച്ചപ്പോഴാണ്, രണ്ടാമതായി, ഈ ടൈറ്റിലിൽ പ്രാദേശിക ഡൽഹിയുടെ ഒരു ചുവയുണ്ട്; 'കലാകാർ ആദ്മി' എന്നത് താടിയും മുടിയും വളർത്തിയ മനുഷ്യരെ ഡെൽഹിക്കാർ ഇന്നും വിശേഷിപ്പിക്കുന്ന ഒരു പദമാണ്. അപ്പോൾ തീർച്ചയായും റാഷ് അതിലൂടെ കടന്നു പോയിട്ടുണ്ടാകണം എന്ന് എനിയ്ക്കു തോന്നി.
മനോഹരമായ ഒരു പുസ്തകമാണിത്. ഡൽഹിയിൽ പല തൊഴിലുകൾ തേടി വന്നെത്തുന്ന മനുഷ്യർ, അവരുടെ ജൈവപ്രതിഭകളിലൂടെ ഒരു നഗരത്തെ കീഴടക്കുന്നതും അതിജീവിക്കുന്നതുമായ കഥകളാണിതിൽ. എനിയ്ക്ക് പരിചയമുള്ള അനേകം പേർ കടന്നു വരുന്നുണ്ട് ഈ പുസ്തകത്തിൽ. തൊണ്ണൂറ്റി നാല് തൊണ്ണൂറ്റിയഞ്ചുകളിൽ ഡൽഹി വിട്ടുപോകാതെ തുടർന്നവരും പിന്നെയും ഡൽഹിയിലേക്ക് വന്നവരും ഈ പുസ്തകത്തിലെ കഥകളിൽ നിന്ന് എന്റെ ജീവിതത്തിലേക്കും കടന്നു വന്നിട്ടുണ്ട് എന്നത് വായനയെ വളരെ അടുപ്പമുള്ള ഒരു അനുഭവമാക്കി. ഏതാനും പേരുകൾ ഇതാ: കൊട്ടാരത്തിൽ നരേന്ദ്രൻ ,അബുൾ ആസാദ്, ഹരീന്ദ്രൻ, ആനന്ദ് സ്കറിയ, അനൂപ് സ്കറിയ, ഇടമറുക്, കൃഷ്ണനുണ്ണി, സുരേഷ് പിള്ള, രതി ദേവി, ബോണി തോമസ്, മാങ്ങാട് രത്‌നാകരൻ, ഓ വി വിജയൻ, സക്കറിയ, ആനന്ദ്, അനുരാധാ കപൂർ, മായാ റാവു, വിവാൻ സുന്ദരം, ഗീതാ കപൂർ, വത്സരാജ് , കെ എൻ ഷാജി അങ്ങനെ എത്രയോ ആളുകൾ. ഉത്തരാധുനികതയ്ക്ക് കൃഷ്ണനുണ്ണിയും പ്രണയത്തിനും കാമത്തിനും താനും എന്ന് റാഷ് പറയുമ്പോൾ അതെത്ര ശരിയാണെന്ന് നമുക്ക് മനസ്സിലാകും.
ഡൽഹിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായി വരുമ്പോൾ, റാഷിന് ഇരുപത്തിയഞ്ചു വയസ്സ് തികഞ്ഞിട്ടില്ല. പല സാഹചര്യങ്ങളിലും കൂടി കടന്നു പോകവേ നാടക സംഘങ്ങളിലാണ് ചെന്ന് പെടുന്നത്. അങ്ങനെ പരീക്ഷണ നാടകങ്ങളിൽ എഴുത്തുകാരനായും, സഹായിയായും, പാട്ടുകാരനായും, നടനായും ഒക്കെ റാഷ് ഇടം പിടിയ്ക്കുന്നു. ശങ്കിച്ച് ശങ്കിച്ച് ചെയ്തു തുടങ്ങിയ കാര്യങ്ങളിൽ ക്രമേണ അദ്ദേഹം നിഷ്ണാതനാകുന്നു. ഒപ്പം മദ്യപാനത്തിലും. ഡൽഹിയിലെ ബർസാത്തികളിലും ക്വർട്ടേഴ്‌സുകളിലും ഒക്കെയുള്ള ജീവിതങ്ങൾ. അതിലൂടെ വിടർന്നു വരുന്ന മനുഷ്യബന്ധങ്ങൾ. എന്നെ ഏറ്റവും ആകർഷിച്ചതും അത്ഭുതപ്പെടുത്തിയതും ഒരു വീട്ടിലേയ്ക്ക് വിവാഹിതരുൾപ്പെടെയുള്ളവർ വഴിയമ്പലമെന്നോണം കടന്നു വരുന്നതും സഹജീവനം ചെയ്യുന്നതുമാണ്. സാഹോദര്യത്തിന്റെയും കരുതലിന്റെയും കമ്മ്യൂണുകൾ അത്തരം വീടുകളിൽ വിടരുന്നതിന്റെ കഥ അത്ഭുതത്തോടെ മാത്രമേ വായിക്കാൻ കഴിഞ്ഞുള്ളൂ. ഞാൻ ഡൽഹിയിൽ വരുമ്പോഴും അതിന്റെ അവസാനഭാഗങ്ങൾ അനുഭവിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
റാഷിന്റെ ജീവിതത്തിലെ സ്വതന്ത്ര്യബോധത്തെക്കുറിച്ചുള്ള അപാരമായ വാഴ്ചയും വേഴ്ചയും ആകണം അദ്ദേഹത്തിലേയ്ക്ക് സിനിമയിലെയും ചിത്രകലയിലെയും ഒക്കെ മനുഷ്യരെ കൊണ്ടെത്തിയ്ക്കുന്നത്. അയ്യപ്പനും ജോണും കൃഷ്ണകുമാറും ഒക്കെ റാഷിന്റെ വീടുകളിൽ എപ്പോഴോ വന്നു താമസിയ്ക്കുകയും കടന്നു പോവുകയും ചെയ്യുന്നു. അനുരാധാ കപൂറിന്റെ വീട്ടുമുറ്റത്തു കൃഷ്ണകുമാർ ചെയ്തു വെച്ചിരുന്ന ഫൈബർ ഗ്ലാസിൽ തീർത്ത മനുഷ്യശില്പം കുറേനാളുകൾ കഴിഞ്ഞപ്പോൾ കാണാതായതും, അതവിടെ നിന്നെടുത്തുകൊണ്ടു പോകാൻ ഗീതാ കപൂർ പറഞ്ഞതും, കൃഷ്ണകുമാർ അതിനെ ഒരു ഓടയിൽ തള്ളിയതും വായിച്ചപ്പോൾ കാലത്തിന്റെ കളിയെക്കുറിച്ചു ഞാൻ ഓർക്കാതിരുന്നില്ല. ഇതേ കൃഷ്ണകുമാറിന്റെ അപോസ്തലരാണ് ഇപ്പോൾ ഈ കപൂറുമാർ. കൃഷ്ണകുമാർ എൺപത്തിയൊമ്പതിൽ ആത്മഹത്യ ചെയ്തു.
ദില്ലി കാ കലാകാർ ആദ്മി റാഷ് എന്ന സമ്പൂർണ്ണ കലാമനുഷ്യന്റെ കണ്ണുകളിലൂടെ ഡൽഹിയുടെ എൺപതുകളെയും തൊണ്ണൂറുകളെയും അറിയാനുള്ള അറിയാനുള്ള ഒരു അവസരം കൂടിയാണ്. ഇടമറുകിന്റെ മേശമേൽ പടർന്നു കിടക്കുന്ന ഹിന്ദി മാസികകളിൽ ലേഖനങ്ങളാണ് അടുത്ത വാരത്തിൽ കേരളശബ്ദത്തിലെ വായനക്കാർ വായിക്കുന്നതെന്ന് പറയുന്നുണ്ട് ഒരിടത്ത്. ചിക്കൻപോക്സ് വന്നതിന്റെ ഫലമായി പുരാതന ഡൽഹിയിലെ സാംക്രമിക രോഗ ചികിത്സാലയത്തിലേയ്ക്ക് പിറകിൽ ഇരുമ്പഴികൾ പിടിപ്പിച്ച കൂടുള്ള പിക്കപ്പ് വാനിൽ പോകുമ്പോൾ തനിയ്ക്ക് പേ പിടിച്ചതായി സഹതപിച്ചു മറ്റു വാഹനയാത്രക്കാരോട് കൈവീശി കാണിച്ചതും, പോകുന്നിടത്തെല്ലാം കക്കൂസ് ട്രെഞ്ചുകൾ കുഴിയ്ക്കുന്ന സി ആർ പി എഫു കാരുടെ കക്കൂസ് ഫിക്സേഷൻ കാണുന്നതും എന്ന് വേണ്ട ഈ പുസ്തകം ഇന്റർനെറ്റൊന്നും ഇല്ലാത്ത ഒരു 'ആധുനിക' ഡൽഹിയെക്കുറിച്ച് ഒരുപാട് ചിത്രങ്ങൾ കാട്ടിത്തരുന്നുണ്ട്. ഹോളി ഫാമിലി ആശുപത്രിയിലെ ഒരു എക്സ്റേ ടെക്‌നീഷ്യയായ യുവതിയെയും കൊണ്ട് ഓ വി വിജയനെ കാണാൻ ചെല്ലുമ്പോൾ, അവളെ ഒരിടത്തേക്ക് മാറ്റിനിർത്തി എക്‌സ്‌റേയുടെ ശാസ്ത്രീയദോഷങ്ങളെക്കുറിച്ചു പതിഞ്ഞ സ്വരത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിയ്ക്കുന്ന ഓ വി വിജയൻറെ ചിത്രം എത്ര മിഴിവുറ്റതാണ്.
ഞാൻ നിർദ്ദേശിയ്ക്കുന്ന പുസ്തകം.