21/06/2025
കുഞ്ഞിലെ മുതൽ സിനിമകൾ കണ്ട് വളരുക എന്നത് വിനോദം എന്നതിലുപരി വളർച്ചയ്ക്കുള്ള ഒരു പ്രോട്ടീൻ കൂടി ആയിരുന്നു എന്ന് വേണം പറയാൻ. അങ്ങനെ പ്രോട്ടീൻ റിച്ച് ആയ സിനിമകൾ മലയാളിയിലേയ്ക്ക് പാകി കൊടുത്ത സംവിധായകൻ ആണ് സിബി മലയിൽ. ഇന്നീ തലമുറയിലെ പലരും പല വികാരങ്ങളും, മാനസിക വ്യത്യാസങ്ങളും കണ്ട് തുടങ്ങിയത് സിബി സാറിൻ്റെ സിനിമകളിലൂടെ ആയിരുന്നിരിക്കണം. കിരീടം മുതൽ ചെങ്കോൽ വരെ നീളുന്ന വേദന ഇന്നും പല സിനിമ പ്രേക്ഷകരും ഉള്ളിൽ കൊണ്ട് നടക്കുന്നതാണ്. ഒരു അരങ്ങിൽ ജീവിതം തീർത്ത നന്ദഗോപനും, സ്വന്തം വീട്ടിൽ അപരിചിതനാവേണ്ടി വന്ന ബാലൻ മാഷും അതേ വേദന നിറഞ്ഞ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്, മുഖങ്ങളാണ്.
മുത്താരംക്കുന്ന് PO എന്ന തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ സിബി മലയിൽ എന്ന പേര് മലയാളത്തിൻ്റേത് മാത്രമായി കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് പല താരങ്ങൾക്കൊപ്പം, വേദനയും, പ്രതീക്ഷയും, ചെറു പുഞ്ചിരിയും നൽകിയ ഒരു പിടി മികച്ച ചിത്രങ്ങൾക്കൊപ്പം ഇന്ന് അദ്ദേഹം സിനിമയിലെ 40 വർഷം പിന്നിടുമ്പോൾ പല പ്രേക്ഷകർക്കും അവരുടെ ജീവിത നാൾവഴികൾ ആണ് ഓർമ്മ വരിക. ഒരു തലമുറയെ പാകപ്പെടുത്തിയ നായകൻ ആണ് സിബി മലയിൽ. സിനിമാമോഹികളുടെ ഗുരു, മാനസിക വ്യഥകളുടെ അറ്റം വെള്ളിത്തിരയിൽ എത്തിച്ച അതികായൻ.
അങ്ങനെ വിശേഷണങ്ങൾ പലതും ഈയൊരു സംവിധായകനെ കുറിച്ച് പറയാൻ വേണ്ടി വരും.
മലയാളിയെ സിനിമ കാണാൻ പഠിപ്പിച്ച, സിനിമ പ്രേക്ഷകരെ ജീവിതം കാണാൻ പഠിപ്പിച്ച ഭീഷ്മർക്ക് നന്ദിയും ആശംസയും അല്ലാതെ വേറെന്ത് നൽകാൻ...
Dear Sibi sir, Captain my captain, Thank you..