10/03/2026
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശ മേഖലയിലെ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംരക്ഷിക്കപ്പെട്ട രണ്ടായിരത്തോളം മുട്ടകളിൽ നിന്ന് ആദ്യ ബാച്ച് കടലാമക്കുഞ്ഞുങ്ങൾ പുറത്തെത്തി. പ്രകൃതി സ്നേഹികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇരുന്നൂറോളം കുഞ്ഞതിഥികൾ തിരമാലകളെ പുൽകി തങ്ങളുടെ ലോകത്തേക്ക് യാത്രയായി...
ചാവക്കാട് ബീച്ചിലെ കടലാമ സംരക്ഷണ സമിതി കഴിഞ്ഞ കുറെ കാലങ്ങളായി നടത്തിവരുന്ന വേറിട്ട പ്രവർത്തനത്തിന്റെ ഫലമാണിത്. ഇത്തവണ 16 കടലാമകളിൽ നിന്നായി രണ്ടായിരത്തോളം മുട്ടകളാണ് സമിതി ശേഖരിച്ച് സംരക്ഷിച്ചുപോന്നത്. മണൽത്തിട്ടകളിൽ ശത്രുക്കളുടെ ആക്രമണമില്ലാതെ ശാസ്ത്രീയമായി ഒരുക്കിയ ഹാച്ചറി കേന്ദ്രങ്ങളിലായിരുന്നു ഈ കാത്തിരിപ്പ്.
ഇന്ന് രാവിലെ നടന്ന ചടങ്ങിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ വില്ലേജ് ടൂറിസത്തിന്റെ ഭാഗമായി ചാവക്കാട്ടെത്തിയ വിദേശ സഞ്ചാരികളും ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തീരത്തെത്തിയിരുന്നു..
മണൽത്തരികളിൽ നിന്ന് ഓരോന്നായി പുറത്തുവന്ന ആമക്കുഞ്ഞുങ്ങളെ അതീവ ജാഗ്രതയോടെയാണ് സന്നദ്ധ പ്രവർത്തകർ കടലിലേക്ക് വഴിതിരിച്ചുവിട്ടത്. വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്നതിൽ ചാവക്കാട്ടെ ഈ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
ബാക്കിയുള്ള മുട്ടകളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ കുഞ്ഞുങ്ങൾ പുറത്തെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. കടലോരത്തെ പ്ലാസ്റ്റിക് മലിനീകരണവും കടൽ കയറ്റവും അതിജീവിച്ച് ഇവയെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന കാര്യത്തിൽ വനംവകുപ്പിന്റെ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ സമിതിക്ക് ലഭിക്കുന്നുണ്ട്.
പ്രാദേശിക കൂട്ടായ്മയും വിദേശ സഞ്ചാരികളും കൈകോർത്തതോടെ ഈ സംരക്ഷണ ദൗത്യം ചാവക്കാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലും പുതിയൊരു അധ്യായം കുറിക്കുന്നു...