06/09/2025
നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്പോഴാണ് ദയനീയമായ ഒരു കാഴ്ച കണ്ടത്.
ഞാൻ വന്ന അതേ ഫ്ളൈറ്റിൽ കൊച്ചിയിലിറങ്ങിയ ഒരു യാത്രക്കാരനെ എയർപോർട്ട് ജീവനക്കാർ ഒരു വീൽ ചെയറിലിരുത്തി ഉരുട്ടി കൊണ്ടുവരികയാണ്. കറുത്ത പന്റ് ്റ്സും നീല ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ. ഒരു ഭാഗം തളർന്ന്, വായ ഒരു ഭാഗത്തേക്ക് തുറന്ന് പിടിച്ച് തല അനക്കാനാവാതെ ചെരിഞ്ഞ് ബോധം കെട്ട് കിടക്കുന്നു.
ഒറ്റ നോട്ടത്തിൽ ആരോഗ്യദൃഢഗാത്രനായ ഈ പ്രവാസിയെ കണ്ടപ്പോൾ ദുഃഖം തോന്നി.
വീൽ ചെയറിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിയ്ക്ക് വേണ്ടി മറ്റു യാത്രക്കാർ ക്യൂവിൽ നിന്നും മാറി നിന്ന് എമിഗ്രേഷൻ ക്ലിയറൻസിലേക്ക് പോകാൻ വഴി നൽകി.
ഖത്തറിലേക്ക് വിമാനം കയറുമ്പോൾ എന്തൊക്കെ സ്വപ്നങ്ങളായിരിക്കാം ഈ യുവാവ് കണ്ടിട്ടുണ്ടാവുക? അവസാനം എല്ലാം നഷ്ടപ്പെട്ട് രോഗം ബാധിച്ച് വീൽ ചെയറിൽ തിരിച്ചെത്തേണ്ടി വരുന്ന ഒരു അവസ്ഥ. തികച്ചും പരിതാപകരമാണ്.
എയർപോർട്ടിന് പുറത്ത് ഇദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരിയായ ഭാര്യയും ചെറിയ കുട്ടിയും കാണുമായിരിക്കും. കളിപ്പാട്ടവും ചോക്ലേറ്റും അച്ഛനിൽ നിന്നും പ്രതീക്ഷിച്ചിരിക്കുന്ന ആ കുട്ടിയും എയർപോർട്ടിൽ വെച്ച് തന്നെ സ്നേഹത്തോടെ പുണരുമെന്ന് കരുതുന്ന ഭാര്യയുടെയും മാനസികാവസ്ഥയെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.
സ്വപ്നങ്ങൾ തകരുന്ന നിമിഷങ്ങൾ. ചിലപ്പോൾ ഇദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി ഇത്രയും പരിതാപകരമാണെന്ന് സുഹൃത്തുക്കൾ അറിയിച്ച് കാണില്ല. സുന്ദരനും സമുഖനുമായ ഒരു യുവാവ് ശരീരം തളർന്ന്, നടക്കാനാവാതെ, കണ്ണ് മിഴിക്കാൻ പറ്റാതെ, തല ഒരു വശം തളർന്ന് ബോധമില്ലാതെ നീങ്ങുന്ന കാഴ്ച കണ്ട ഓരോ യാത്രക്കാരന്റെ കണ്ണിലും സങ്കടത്തിന്റെ ധ്വനികൾ പ്രതിഫലിക്കുന്നത് കാണാമായിരുന്നു.
എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസർ വളരെ പുച്ഛത്തോടെ രോഗിയെ നോക്കി ചിരിച്ചപ്പോൾ ക്യൂവിൽ നിന്നവരോടൊപ്പം എന്റെ മനസ്സിലും വളരെയധികം അമർഷം തോന്നി. പ്രവാസിയെ ഏത് നിലയിൽ കണ്ടാലും പരിഹസിക്കുന്ന ഒരു വിഭാഗം കേരളത്തിലൂടനീളമുണ്ട്. അതിലെ ആദ്യകണ്ണിയാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്ന് പലപ്പോഴും തോന്നിയിരുന്നു. ഓഫീസറുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരസ്പരം പിറുപിറുത്തതല്ലാതെ ആരും പ്രതികരിച്ചില്ല.
എമിഗ്രേഷനും കഴിഞ്ഞ്, ലഗേജ് എടുക്കുന്ന സ്ഥലത്തെത്തിയപ്പോൾ െസ്റ്റയർ കേസിന്റെ താഴെ ഒരു മൂലയിൽ വീൽചെയറിൽ ബോധം നഷ്ടപ്പെട്ട രോഗിയെ ഒറ്റക്കിരുത്തി എയർപോർട്ട് ജീവനക്കാർ കളി തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്.
വീൽ ചെയറിലുള്ള യാത്രക്കാരന്റെ ഒരു ചെറിയ സ്യൂട്ട് കേസ് വീൽ ചെയറിന് തൊട്ടടുത്ത് കിടപ്പുണ്ട്.
ഇത്രയും അത്യാസന്ന നിലയിലുള്ള ഒരു രോഗിക്ക് കൊടുക്കേണ്ട യാതൊരു പരിഗണനയും നൽകാതെ, ദയയുടെ യാതൊരു അംശവും കാണിക്കാതെ, ഒപ്പം രോഗിയെ നോക്കി പരിഹസിക്കുന്ന എയർപോർട്ട് തൊഴിലാളികളോട് എനിക്ക് തോന്നിയ കലി പറഞ്ഞ് തീർക്കാൻ തന്നെ തീരുമാനിച്ചു. ലഗേജിന് കാത്തിരിക്കുന്ന മറ്റുള്ളവരും ഇതൊക്കെ കണ്ട് ദേഷ്യം അടക്കിപ്പിടിക്കാൻ പറ്റാതെ പ്രതികരിക്കുവാൻ തയ്യാറായി.
പ്രവാസികളെ പരിചരിക്കുവാൻ നിയോഗിക്കപ്പെട്ട പ്രവാസികളുടെ എയർപോർട്ടിൽ പരിചരിക്കുന്നതിന് പകരം പരിഹസിക്കുന്നവരോട് പ്രതികരിച്ചില്ലെങ്കിൽ ഒരു പ്രവാസിയെന്ന എന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആവേശവും എന്നിൽ തിളച്ചു നിന്നു. എയർപോർട്ടിൽ തമാശ പറഞ്ഞ് രോഗിയെ നോക്കി ചിരിച്ച് കൊണ്ടിരിക്കുന്ന ജീവനക്കാരുടെ അരികിലെത്തി വളരെ സൗമ്യമായി ഞാൻ ചോദിച്ചു.
" ജീവിക്കുവാൻ വേണ്ടി, മറ്റുള്ളവരെ ജീവിപ്പിക്കാൻ വേണ്ടി കടൽ കടന്ന് എല്ലാ സ്വപ്നങ്ങളും നഷ്ടപ്പെട്ട ഒരു ഹതഭാഗ്യനോട് എന്താണ് നിങ്ങൾ ഇത്രയും നിർദാക്ഷിണ്യത്തോടെ പെരുമാറുന്നത്."
കൂട്ടം കൂടി നിന്ന ജീവനക്കാരുടെ ഉത്തരം ഒരു പൊട്ടിച്ചിരിയോടെ കൂടിയായിരുന്നു.
"എന്റെ പൊന്നു സാറേ, ഇത് സ്വപ്നങ്ങൾ നഷ്ടപ്പെട്ട ഫിനിക്സ് പക്ഷിയൊന്നുമില്ല. വിമാനത്തിൽ നിന്ന് കിട്ടിയ എല്ലാം കള്ളും കുടിച്ച് അടിച്ച് ഫിറ്റായി, വീലായി, വീൽചെയറിലായതാ. കുറച്ച് മോരും വെള്ളം കുടിച്ചാൽ സ്വപ്നങ്ങളൊക്കെ തിരിച്ചു വരും"
അല്പം ഒരു ജാള്യതയോടെ, വീൽ ചെയറിൽ ഫിറ്റായി കിടക്കുന്ന ഖത്തര് പ്രവാസിയെ നോക്കി അന്തം വിട്ട് നിന്ന് ഞാൻ സൊയം ചോദിച്ചു
" അടിച്ച് വീൽ ആകുക എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയും വീൽ ആകുമോ"
Posted in : 2014, September
ഫിറോസ്