24/10/2025
*വാഹനം ആവശ്യമുണ്ട്*
മുല്ലശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് നവംബർ മുതൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 31ന് വൈകിട്ട് മൂന്നുമണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം.
ഫോൺ 9188959753
*കെയർ ടേക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു*
കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗങ്ങളോ കുടുംബങ്ങളോ ആയിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പാചകം, ക്ലീനിംഗ് ഇവ ചെയ്തുള്ള മുൻ പരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസ്സായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ സി ഡി എസിൻ്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബർ 27 വൈകിട്ട് നാലുമണിക്ക് മുൻപായി ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003
എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റയുമായി ബന്ധപ്പെടുക.
*ഓട്ടോ മൊബൈൽ രംഗത്ത് വനിതാ വിപ്ലവം സാധ്യമാക്കും: മന്ത്രി ആർ ബിന്ദു*
*നാരിചക്ര - പെൺകരുത്ത് - വനിതാ തൊഴിലധിഷ്‌ഠിത നൈപുണ്യ പദ്ധതിക്ക് തുടക്കമായി*
സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെയും തൻ്റേടത്തോടെയും ഓട്ടോമൊബൈൽ മേഖലയിലേക്ക് കടന്നു ചെല്ലാൻ പ്രാപ്തരാക്കുന്നതിനായി ആരംഭിച്ച നാരിചക്ര–പെൺകരുത്ത് പരിശീലന പദ്ധതി വനിതാ വിപ്ലവത്തിന് വഴി തെളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ സ്ഥാപനമായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇറാം ടെക്നോളജീസും സംയുക്തമായി സഹകരിച്ച് വനിതകൾക്കായി വിഭാവനം ചെയ്‌ത തൊഴിലധിഷ്‌ഠിത നൈപുണ്യ പരിശീലന പരിപാടി നാരിചക്ര-പെൺകരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെ അറിവും കഴിവും നാല് ചുമാരുകൾക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടുത്തുക അതോടൊപ്പം വരുമാനം ലഭിക്കുന്ന തൊഴിലുകളിലൂടെ സ്ത്രീക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുക തുടങ്ങിയ മാറ്റങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നുണ്ട്. അസാപിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ സ്കിൽ കോഴ്സ് അതിന് ഒരു ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അസാപ് കേരള കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ എ.സി. മൊയ്‌തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
സ്ത്രീകളുടെ പങ്കാളിത്തം കുറവുള്ള വാഹന വിപണന മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ എന്നീ നൈപുണ്യ കോഴ്‌സുകളാണുള്ളത്. 100% പ്ലേസ്മെന്റ്റ് ഉറപ്പുനൽകുന്ന പദ്ധതിയിൽ, കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്ന വനിതകൾക്ക് സംസ്ഥാനത്തെ മഹീന്ദ്ര ഷോറുമുകളിൽ ജോലി ലഭിക്കുന്നതാണ്.
ചടങ്ങിൽ കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ടൗൺ വാർഡ് കൗൺസിലർ ബിജു സി. ബേബി, ഇറാം ഹോൾഡിങ്സ് ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമ്മദ്, ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പൗലോസ് തേപ്പാല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര റീജിയണൽ സെയിൽസ് മാനേജർ എം.ആർ നാരായണൻ, അസാപ് കേരള ബിസിനസ് ഹെഡ് ഐ.പി ലൈജു നായർ തുടങ്ങിയവർ പങ്കെടുത്തു.
*പശു വളർത്തൽ; സൗജന്യ പരിശീലനം*
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശു വളർത്തൽ എന്ന വിഷയത്തിൽ സൗജന്യമായി രണ്ടുദിവസത്തെ പരിശീലനം നൽകുന്നു. ഒക്ടോബർ 29 മുതൽ 30 വരെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വെച്ച് രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കും പരിശീലനം നടക്കുക. പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുമണി വരെയുള്ള സമയത്ത് വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് എത്തുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. ഫോൺ: 0491 2815454.