05/08/2023
ഇവിടം ചുവന്നതാണ്, ഒരുപാട് ചുവന്ന പൂക്കൾ കൊഴിഞ്ഞു പോയ മനോഹരമായ ഒരിടം. ഞാൻ ഇന്ന് ഈ വരികൾ കുറിക്കുന്നത് നമ്മുടെ കലാലയത്തിൽ എത്രയോ തുലാമഴകൾ ഏറ്റുകൊണ്ട് പലമുഖങ്ങൾ കണ്ടുകൊണ്ട് ആഘോഷങ്ങൾക്കും, ആക്രോധങ്ങൾക്കും, സൗഹൃദങ്ങൾക്കും, പ്രണയങ്ങൾക്കും, രാഷ്ട്രീയ സംവാദങ്ങൾക്കും സാക്ഷിയായി നമ്മെ നോക്കി പുഞ്ചിരിച്ചും പരിഹസിച്ചും, സന്തോഷിച്ചും, സങ്കടപെട്ടും നാം അറിയാതെ നമ്മെ എന്നും നോക്കി കാണുന്ന ആ ചുവന്ന വാകയുടെ കീഴിലിരുന്നാണ്. ഞാൻ അറിയുന്നു ഇവിടെ അറുത്ത് മാറ്റിയ ഈ വാകയുടെ കൈകളെന്ന പോലെ ഈ അധ്യായന വർഷം പിന്നിടുമ്പോൾ ഞങ്ങളും കൊഴിഞ്ഞു പോകും അല്ലെങ്കിൽ അറുത്ത് മാറ്റപ്പെടുമോ എന്ന പേടി. എന്റെ പ്രിയ കലാലയമേ ? ഇന്ന് ഈ നിമിഷം നിശ നിന്നെ കൂടുതൽ സുന്ദരിയാക്കുന്നു, ഇവിടെ ഈ കലാലയ മുറ്റത്ത് കൊഴിഞ്ഞു വീണ ചുവന്ന പൂക്കളായിരുന്നു, ഇവിടെ മുൻപ് നിന്നെ ഏറെ സ്നേഹിച്ചവരെല്ലാം. മനസ്സ് വല്ലാതെ വേദനിക്കുന്നു ഇപ്പൊ ഈ നിമിഷം ഒരു മഴ പെയ്തിരുന്നെങ്കിൽ ഉള്ളിലെരിയുന്ന നെരിപ്പാടിലേക്ക് തിമിർത്തു പെയ്യുന്ന ഒരു മഴ. എങ്കിൽ ഞങ്ങൾ കടന്നു വന്ന കലാലയത്തിലെ ആദ്യദിന ഓർമകളിലേക്ക് അറിഞ്ഞു കൊണ്ട് തന്നെ പോകേണ്ടി വരും. അതേ ഒരു നീണ്ട കാത്തിരിപ്പായിരുന്നു അത്. ( ഉള്ളുനീറുന്ന വേനലിലേക്ക് പെയ്തിറങ്ങിയ മഴ തന്ന കുളിരു പോലെ ) എന്നാൽ ആ ദിനം എന്നിൽ അവശേഷിപ്പിച്ചത് ഒരു യുഗത്തിന്റെ മൂകതയായിരുന്നു.
അന്ന് ഞങ്ങളെ സ്വീകരിച്ചത് നിറപുഞ്ചിരികൾ അണിഞ്ഞ മുഖങ്ങളായിരുന്നില്ല, മഹമാരിയുടെ ഗർഭം ധരിച്ച മുഖം മൂടികളിട്ട മുഖങ്ങളായിരുന്നു. സങ്കടങ്ങളുടെ കറുത്ത വസ്ത്രം അണിയാതെ ഞാൻ എന്റെ സങ്കടകടൽ കണ്ണിൽ ഒളിപ്പിച്ചു വെച്ച് എന്റെ കലാലയത്തിലേക്ക് കാലെടുത്തു വെച്ചു. എന്നാൽ വരണ്ട നിലാവ് തെളിച്ച വഴിയിൽ മുന്നോട്ട് നീങ്ങവേ അവർ കാത്തു വെച്ച ചുവന്ന പൂക്കളും രക്തവർണമുള്ള തോരണങ്ങളും ഞങ്ങളെ ആനയിച്ചു. അന്ന് അവരിൽ ഞാൻ കണ്ടത് ഉറക്കമില്ലാത്ത കണ്ണുകളും തൂവെള്ള കൊടിയും നേരിന്റെ മുദ്രാവാഖ്യങ്ങളുമായിരുന്നു. അതേ ആഘോഷങ്ങൾക്ക് ഇങ്ങനെയും ഒരു വർണമുണ്ടെന്ന് ചൂണ്ടി കൊണ്ട് അവർ ഞങ്ങളെ സ്വീകരിച്ചു. കാർമേഘം മാറി മാനം തെളിഞ്ഞ പോലെ തോന്നി, ഒരു ചെറുപുഞ്ചിരിയോടെ മുഷ്ടി ചുരുട്ടി നടന്നു കേറി ഞങ്ങൾ.
ആദ്യ ദിനങ്ങളിൽ പുതിയ വർണങ്ങൾ നൽകിയ മുഖമൂടികൾ ധരിച്ച കൈകളെ ഒരു പേടിയോടെ പരിചയപ്പെടുന്ന തിരക്കിയായിരുന്നു. പിന്നീട് മഹാമാരിയുടെ അതിപ്രസരത്തിന്റെ ഭാഗമായി താത്കാലികമായി അസ്മാബിയുടെ പടിഞ്ഞാറൻ കാറ്റിനോട് വിടപറഞ്ഞു. അങ്ങനെ ഞങ്ങൾ തിളങ്ങുന്ന പ്രഥലത്തിന് മുന്നിൽ പിടിച്ചിരുത്തിയ, ചിലരെ ഉറക്കിയ ക്ലാസുകൾക്ക് ഞങ്ങളുടെ ആദ്യ വർഷം നൽകി. ഏറെ വൈകിയാണെങ്കിലും ഞങ്ങൾ ആ സത്യം മനസിലാക്കി ഞങ്ങൾ രണ്ടാം വർഷത്തിലേക്ക് കടന്നു കയറിയെന്ന്, ആദ്യ വർഷ വിദ്യാർഥികളുടെ ആഗമനം തന്നെ പച്ചവിരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ആയിരിന്നു. ദിവസമത്രയും കാത്തുനിൽക്കാതെ കടന്ന് പോയി എന്ന തിരിച്ചറിവോടെ ആദ്യ വർഷ വിദ്യാര്ഥികളോടൊപ്പം ഞങ്ങളും കടന്നു വന്ന്, അവരെ പോലെ ഞങ്ങൾക്കും അസ്മാബി പുതിയ മുഖമായിരുന്നു. കൂട്ടുകാരുടെ കുസൃതികളോ നിറഞ്ഞ പുഞ്ചിരികളോ ഓർത്തെടുക്കുവാൻ ഉണ്ടായിരുന്നില്ല, പരസ്പരം ഓമനിച്ചും ഒന്നിച്ചും കടന്നുപോയ നിമിഷങ്ങളുമില്ലെയെങ്കിലും അവരെല്ലാം പ്രിയപ്പെട്ട കൂട്ടുകാരായി മാറിയിരുന്നു. അങ്ങനെ അനുഭവസമ്പത്തിന്റെ സൗഹൃദ കൂട്ടിന് നന്മയും നേരും നിറഞ്ഞ ബന്ധത്തിനും വിശാലമായ കാഴ്ച്ചപാടിനും ഉതകുന്ന സൗഹൃദങ്ങൾ കെട്ടിപടുത്തു ഇങ്ങനെയും കെട്ടിപ്പടുക്കാം എന്ന് ഞങ്ങൾ പഠിച്ചു. ചിലരിൽ അത് ഓണ്ലൈന് പഠനങ്ങൾ മുതൽ പ്രണയം വരെ, സൗഹൃദം മുതൽ രാഷ്ട്രീയം വരെ..നീണ്ടു നിൽക്കുന്നതായിരുന്നു.
അങ്ങനെ കലാലയ ജീവിതത്തിൽ ഒരു വിദ്യാർത്ഥിക്ക് ക്യാമ്പസിന്റെ മറ്റൊരു മുഖം ആസ്വദിക്കാൻ കഴിയുന്ന കലാലയത്തെ മനോഹരമാക്കുന്ന എൻ. എസ്. എസ് എന്ന തണൽ മരവും ഞാൻ ചേർത്ത് പിടിച്ചു. ഒരു വൊല്യൂന്റിയറിന്റെ സേവനവും സഖാവിന്റെ കരുതലും എന്നിൽ വളർന്നത് ഇവിടെ നിന്നാണ്. അതെ എന്റെ സൗഹൃദവും പ്രണയവും പൂവിട്ടതും ഞാൻ ചുവന്നതും ഇവിടെയാണ്. ഒരുപക്ഷേ ഇവിടെ എനിക്ക് അന്യമായിരുന്നു. സേവനവും സൗഹൃദവും മാത്രമല്ല അപ്പോൾ പ്രണയമോ ? അതുമുണ്ട് അവളുടെ കൈകൾ എന്നെ തലോടിയതും, ആ കണ്ണുകൾ കഥപറഞ്ഞതും എനിക്ക് ഇവിടെം മധുരമായ് തീർന്നതും എല്ലാം ഓർമകളാണ്. വേണമെങ്കിൽ ഒരു വിപ്ലവം തന്നെ തീർക്കാവുന്ന ഓർമകൾ നീ എന്ന വസന്തം എനിക്ക് തന്നേ പോയി. ഞാൻ എന്ന മധുരവും കൈപ്പും ഇവിടെ ആഘോഷമാക്കിയതും ഞാൻ അറിയുന്നു. അതേ ഒന്നുകൂടി കേട്ടോളു കലാലയ ജീവിതത്തിൽ നിങ്ങളെ പ്രണയിക്കുന്ന ഒരാൾ വേണം, മൗനത്തിൽ പോലും നമ്മെ മനസിലാക്കുന്ന തണൽ ഏകുന്ന ഒരാൾ. അത് അവളുടെ കണ്മഷി നിറഞ്ഞ ചാരകണ്ണുകളാകാം, ഇടനാഴികളിലെ ചുവരുകളോ, ചൂള മരങ്ങളോ ആകാം, കോറിയിട്ട പുസ്തകങ്ങളോ ഇരിപ്പിടങ്ങളോ ആകാം. നിങ്ങൾ എന്ന വ്യക്തിയെ നേരിടുന്നതും കൂടുതൽ കലാലയ ജീവിതത്തിന്റെ ഈ ഘട്ടത്തിലാണ്, തീർവ്രമായ എന്തിനെയും ഒരു പുഞ്ചിരി കൊണ്ടു ഞാൻ വരവേറ്റത് ഇവിടെയാണ്. സേവനം കൊണ്ട് സമ്പന്നമായ എൻ. എസ്. എസ് കൂട്ടുകാരും അവരുടെ സ്നേഹവും ഓരോ ദിവസത്തെ എന്റെ കനവിന് മുൻപും ഞാൻ ചിരിച്ചത് ഞങ്ങളുടെ പ്രയകനത്താലാകാം. ആ തോട്ടത്തിലെ ഒരു പരിചാരകൻ ആകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നാറുണ്ട്. അതെ നന്മ എന്ന സുഖന്ധവും സേവനം എന്ന വർണവും എന്നെ നല്ലൊരു മരമാക്കുന്നു. ആ കാലയളവിൽ ഇരട്ടി മധുരമായി തീർന്നത് ഒരു മറവിക്കും വിട്ടുകൊടുക്കാൻ കഴിയാത്ത അത്ര ഉയരത്തിൽ ഞാൻ കെട്ടിയ സപ്തദിന ക്യാമ്പിന്റെ ഓർമകളാണ്. എന്റെ കൂട്ടുകാരുമൊത്ത് ഞാൻ കയറ്റിയ ഏഴ് മഴവില്ലിൻ നിറമുള്ള ആ സുന്ദര രാവുകൾക്കാണ്.
ഇനി കുറച്ചു നാൾ കൊണ്ട് ഇവിടം പടിയിറങ്ങും, എന്നാലും തുലാമഴ പെയ്യും, പടിഞ്ഞാറൻ കാറ്റ് ഇനിയും വീശിയടിക്കും, സ്റ്റോറിന്റെ പടിയിൽ ഇരുന്നു കൊണ്ടു അഹ് മഴ എനിയുള്ളവരും ആസ്വദിക്കും, ഓണം വരും, ഇലക്ഷനുകൾ, യൂണിയനുകൾ, തോരണങ്ങൾക്ക് പോലും കഥപറയാൻ ഒരുപാട് ഉണ്ടാകും. അസ്മാബിയിൽ ഉത്സവങ്ങളുടെ മേളമായിരിക്കും ഡി സോണും , ആർട്‌സ് ഡേയും, മറ്റു കലാപരിപാടികളും. ഇതെല്ലാം പിന്നീട് ഞങ്ങൾക്ക് അന്യമായി തീരുമോ എന്ന സങ്കടങ്ങളും ബാക്കിയാണ്. എന്നാൽ ഒരു കടവും ബാക്കി വെക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അല്ലാതിനുപരി അസ്മാബിയുടെ ഗന്ധം അറിയാൻ വൈകിയ വേളകളിൽ വാകയുടെ ചുവട്ടിലും, റൗണ്ടിലും ഇരുന്ന് സുറപറയുക, ഇടനാഴികളിലൂടെ തനിയെ നടക്കുക, ഗുരുകുലതത്തിലെ ചൂള മരങ്ങളിക്കിടയിൽ നിന്ന് പുതിയ മുഖങ്ങളെ പരിചയപ്പെടുക, സ്റ്റോറിന്റെ മുന്നിലിരുന്നു അസ്മാബിയെ ആസ്വദിക്കുക, റുക്കൂസിലെ പപ്‌സും ലെമൺ സോഡയും കൂട്ടിന് ചേർത്ത് സന്തോഷങ്ങൾ പങ്കിടുക, പരസ്പരം കളിയാക്കിയും ഉറക്കെ ചിരിച്ചും ഈ കലാലയ ജീവിതത്തെ ആസ്വദിക്കുക.
ഇന്ന് വിദ്യാർത്ഥികൾക്ക് ശരിയായ രാഷ്ട്രീയമോ ആശയങ്ങളോ ഇല്ലെന്നതാണ് കഷ്ടം. എന്തിനാണ് നമ്മുക്ക് രാഷ്ട്രീയം ? എന്ന ചോദ്യം മനസിൽ ഉള്ള പല വിദ്യാർഥികളുമാണ് ഇന്ന് കേവലം ആനന്ദത്തിന്റെ മാത്രമായി കലാലയ ദിനങ്ങളെ കാണുന്നു. മാതാപിതാക്കളുടെ വിയർപ്പിന്റെ പങ്കാണ് നിങ്ങളുടെ ആനന്ദം എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്. തനിക്ക് കിട്ടേണ്ട അവകാശങ്ങൾ ചോദിച്ചു വാങ്ങുവാൻ പോലും മടിക്കുന്ന തലമുറ, അരാഷ്ട്രീയത നിറഞ്ഞ ഗ്യാങ്ങുകളും അതിലൂടെ ലഭിക്കുന്ന വൈബും വാഴുന്ന കലാലയങ്ങൾ മാത്രമാകുന്നു പലയിടങ്ങളും. ആശയങ്ങളെ കൊണ്ട് പൊരുതുക നിങ്ങളുടെ രാഷ്ട്രീയം സൗഹൃദത്തിലും, പ്രണയത്തിലും, സംവാദങ്ങളിലും മുഴങ്ങട്ടെ. ഇന്ന് ക്യാമ്പസിൽ വരാന്തകളിൽ വിരിയുന്ന പ്രണയ സംഭാഷണങ്ങൾ ഇല്ല, കൂട്ടുകാർ ഒത്തുകൂടി പാട്ടുകൾ പാടി, പരസ്പ്പരം കളിയാക്കിയും ഇരുന്ന് കട്ടൻ അടിക്കുന്ന വൈകിയ വേളകളില്ല, വ്യക്തിപരമായ ഇഷ്ടങ്ങളോ ആശയങ്ങളോ രാഷ്ട്രീയ ബോധമോ ഇല്ലാതെയായി, ചെറിയ പിണക്കങ്ങളും വഴക്കുകളും ഇല്ലാതെയാകുന്നു, ഒരുമിച്ച് ഒരു പാത്രത്തിൽ കയ്യിട്ട് വാരി കഴിക്കുന്ന കാലവും മറഞ്ഞു പോകും. ഇടവേളകളിൽ റീലുകൾക്കും സെല്ഫികൾക്കും എങ്ങനെ പോസ് ചെയ്യാം വൈറൽ ആകാം എന്ന എന്ന് ചിന്തിച്ചാണ് ഓരോ വിദ്യാർഥികളും ക്യാമ്പസിലേക്ക് എത്തുന്നത് എന്ന് തോന്നി പോകാറുണ്ട്. ഒരു പരിധി വരെ ശരിയാണ് കാലങ്ങൾക്ക് ഒപ്പം കോലവും മാറണം. ഇടവേളകളിൽ പരസ്പരം സംസാരിക്കാൻ പോലും സമയം കണ്ടെത്താതെ ഫോണിൽ മുഴുകി ഇരിക്കുന്നവരെ കാണാം. തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയുടെ വിഷമങ്ങളോ അവന്റെ പ്രശങ്ങൾക്കോ നിങ്ങളിൽ സ്ഥാനമില്ല എന്ന് ഓർക്കേണ്ടതുണ്ട്, കാരണം നമ്മൾ നമ്മളുടേത് മാത്രമായി ചുരുങ്ങുന്നു. അവിടെയാണ് നിങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് തെളിയുന്നതും അരാഷ്ട്രീയത വാഴുന്നതും. അവന്റെ പ്രശനങ്ങൾ നമ്മുടേത് കൂടെയായി കണ്ടു നിൽകാൻ കഴിയുന്ന അത്ര മനോഹരമാകട്ടെ നമ്മുടെ രാഷ്ട്രീയം. കലാലയങ്ങൾ ഇന്നത്തെ സോഷ്യൽ മീഡിയ പ്രഹസനങ്ങൾക്ക് വേണ്ടി മാത്രമായി ചുരുങ്ങാതെ, അരാഷ്ട്രീയതയുടെ ചിഹ്നമായി മാറാതെ അവിടെ ഒരു ജീവിതം തന്നെ കെട്ടിപ്പടുക്കുവാൻ നമ്മുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു കാരണം വെക്തി ജീവിതത്തിൽ നമ്മുടെ സ്വഭാവത്തെ രൂപീകരിക്കുന്ന ഒരു വലിയ കാലഘട്ടം തന്നെയാണ് കലാലയ ജീവിതം..
ആദിൽ ✍️