22/09/2025
കൊരട്ടി മുത്തിയുടെ തിരുനാളിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി. തിരുനാളിന്റെ ക്രമീകരണങ്ങൾക്കായി സർക്കാർ വകുപ്പുകളുടെ പ്രത്യേക യോഗം വിളിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. ദേശീയപാതയിൽ നിർമാണം നടക്കുന്ന സാഹചര്യത്തിൽ തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ തിരുനാൾ ആഘോഷിച്ച് മടങ്ങാവുന്ന നിലയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ്, എക്സൈസ്, കെ.എസ്ആർടിസി, പൊതുമരാമത്ത്, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, അഗ്നിരക്ഷാസേന, ബസ് ഓണേഴ്സ് അസോസിയേഷൻ, ഓട്ടോ ടാക്സി അടക്കം വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിനെത്തി. വേണു കണ്ഠരുമഠത്തിൽ, കൊരട്ടി പള്ളി വികാരി ജോൺസൻ കക്കാട്ടിൽ, ഷൈനി ഷാജി, കെ.എ. ശ്രീലത, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.