23/08/2025
ശ്രീ കൃഷ്ണനെ ഏന്തുകൊണ്ട് കള്ളകണ്ണാ ഏന്നു വിളിക്കുന്നു?
പലവരുടെയും മനസ്സിൽ ഇങ്ങനെ ഒരു ചോദ്യം കടന്നുവരാറുണ്ട് . എന്താണതിൻറെ പൊരുൾ ?
ഭാഗവതം വായിച്ചിട്ടുള്ളവർക്ക് ഒരു കാര്യം മനസ്സിലാവും . ഭഗവാൻ തൻറെ അവതാരത്തിൽ ഒരേ ഒരു വസ്തു മാത്രമെ മോഷ്ടിച്ചിട്ടുള്ളൂ അതാണ് നവനീതം , അതായത് “വെണ്ണ” . എന്ത് കൊണ്ടു ഭഗവാന് വെണ്ണയോട് ഇത്ര പ്രിയം എന്ന് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല .
ക്ഷീരപൂരിതം ആണ് മനുഷ്യ ശരീരം. അമ്മയുടെ മുലപ്പാൽ ആണ് ഓരോ കുഞ്ഞിൻറെയും ശരീര വളർച്ചക്ക് അടിസ്ഥാനം .മഹാവിഷ്ണു ക്ഷീര സാഗരത്തിൽ ശയിക്കുന്നതിനു പിന്നിൽ ഉള്ള ശാസ്ത്രീയ തത്വവും ഇതു തന്നെ . അങ്ങനെ ഉള്ള ശരീരത്തെ വെറുതേ വച്ചിരുന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ ബാഹ്യ മായയാൽ അത് കേടുവന്നു പോകും . എന്നാൽ അതിൽ ഒരു തുള്ളി ഭക്തി രസം ആകുന്ന മോര് ചേർത്താൽ അത് ആത്മജ്ഞാന സുഖത്തിനാൽ കട്ട പിടിക്കുന്നു . അതിനെ അങ്ങനെ തന്നെ വയ്ക്കാതെ നിരന്തര സാധന (പ്രാർത്ഥന ) ആകുന്ന കടക്കോൽ കൊണ്ട് കടഞ്ഞാൽ അതിൽ നിന്നു ആത്മാവ് ആകുന്ന വെണ്ണ പുറത്തു വരുന്നു.
ഇത്രയും ചെയ്താൽ ഭഗവാൻ വേറെ ആരുടെയും അനുവാദം കാത്തു നിൽകാതെ അത് വന്നു മോഷ്ടിച്ച് തന്നിൽ ലയിപ്പിക്കും. അതിനാലാണ് ഭഗവാൻ വെണ്ണക്കള്ളൻ ആയത് .
ഇനി നമുക്കു ഒരു സംശയം തോന്നാം , ഭഗവാൻറെ സ്വന്തം സ്വരൂപം ആണ് ഏവരുടെയും ആത്മാവ് , അത് മോഷ്ടിക്കേണ്ട കാര്യം ഇല്ല എങ്കിലും മോഷണം എന്നതിൻറെ തത്വം എന്ത് ?
നമുക്കു ഒരു കല്യാണ വീട്ടിലേയ്ക്ക് കടന്നു ചെല്ലാം. കല്യാണത്തിനു ആഭരണം എടുക്കാൻ ചുമതല ഉള്ള ഒരു പറ്റം സ്ത്രീജനങ്ങൾ പുതിയ ഫാഷനിൽ കുറെ സ്വർണ ആഭരണങ്ങൾ വാങ്ങുന്നു. കല്യാണ തലേന്ന് നാട്ടുകാരുടെ മുൻപിൽ പുതിയ ഫാഷൻ മാത്രം കാണിക്കുന്നു . വീട്ടിലെ ആരെങ്കിലും പഴയ ആഭരണങ്ങളെ ക്കുറിച്ച് ചോദിച്ചാൽ “അതൊക്കെ പഴയത് ആയില്ലേ .. അതൊക്കെ കാണിക്കാൻ കൊള്ളുമോ” എന്നൊക്കെ ചോദിക്കുന്നു.
എന്നാൽ അന്ന് രാത്രി അവിടെ ഒരു “കള്ളൻ” കയറി എന്ന് വയ്ക്കുക . അവന് അത് പുതിയത് എന്നോ പഴയത് എന്നോ ? നിറം മങ്ങിയത് എന്നോ ? ഡിസൈൻ കൊള്ളില്ല എന്നോ ? വല്ലതും പറഞ്ഞു സ്വർണ്ണം വേണ്ട എന്ന് വയ്ക്കുമോ ? സ്വർണം ആണോ എന്ന് മാത്രം നോക്കി അതിൻറെ പുറം മോടി നോക്കാതെ അവൻ അത് മോഷ്ടിക്കുന്നു
അത് പോലെ തന്നെ .. ഓരോ ഭക്തന്റെയും ആത്മാവ് ആകുന്ന നവനീതം അവന്റെ ശരീരത്തിൻറെ പുറംമോടിയോ ,ധനമോ, ജാതിയോ , വർണ്ണമോ നോക്കാതെ മോഷ്ടിക്കുന്ന ജഗദീശ്വരനും ഭാഗവത സ്വരൂപിയും ആയ ഭഗവാനേ അങ്ങേക്ക് പ്രണാമം
ഓം നമോ ഭഗവതേ വാസുദേവായ!
ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പൻ