01/09/2026
പണ്ട് മീൻ ഒഴികെ.. കോഴിയും പോത്തും എപ്പോൾ വേണമെങ്കിലും ലഭിക്കാത്ത കാലം.... ഗ്രാമ പ്രദേശങ്ങളിൽ മാർക്കറ്റുകൾ ഇല്ല... കോഴിക്കടകളും വളരെ വിരളം..
കോഴി ഇറച്ചി വാങ്ങുന്നതിനേക്കാൾ വീടുകളിൽ തന്നെയുള്ള നാടൻ കോഴി കറി, അതും വിരുന്ന്കാര് വരുമ്പോൾ മാത്രം...
ഇന്നത്തെ പോലെ ഹോട്ടലുകളും ധാഭകളും ഇല്ല....ഞായറാഴ്കളിൽ മാത്രമാണ് വീടുകളിൽ പോത്തിറച്ചി വാങ്ങിയിരുന്നത്... പാടത്തും പറമ്പുകളിലും ചെറിയ രീതിയിൽ കച്ചവടം നടത്തുന്ന ഇറച്ചികടകൾ ആയിരുന്നു ഏക ആശ്രയം... ഇറച്ചി വാങ്ങുന്നത് വീട്ടിലെ മുതിർന്നവരുടെ ഉത്തരവാദിത്വം...പൈസയ്ക്ക് അനുസരിച്ച് ഇറച്ചിയുടെ അളവ് കുറയും നെഞ്ചടിയുടെയും പോട്ടിയുടെയും അളവ് കൂടും.
കുറേ സമയം കാത്ത് നിന്നാലേ നല്ല ഇറച്ചി ലഭിക്കൂ... അത് വരെ ഇറച്ചി വെട്ടുകാരന്റെ കത്തിയും സഹിച്ചു നോക്കി നിൽക്കണം... അങ്ങിനെ കിട്ടുന്ന ഇറച്ചി തേക്കിലയിൽ പൊതിഞ്ഞ് സഞ്ചിയിൽ ഇട്ട് ഭദ്രമായി വീടുകളിൽ എത്തിക്കും, നല്ല ഇറച്ചി അല്ലെങ്കിൽ വീട്ടിലുള്ള സ്ത്രീകളുടെ പഴി വേറെ കേൾക്കണം..അത് വാങ്ങി വന്ന് വാഴയില വിരിച്ച് അരിവാൾ ചവിട്ടി പിടിച്ച് ഇറച്ചി നുറുക്കിയെടുക്കും.
താഴെ അക്ഷമയോടെ കാത്തിരിക്കുന്ന മനുഷ്യരും മുകളിൽ മരങ്ങളിലായി ക്ഷമയോടെ കാത്തിരിക്കുന്ന കാക്കകളും എല്ലിൻ കക്ഷണത്തിനായി കാത്തിരിക്കുന്ന നായയും ഇറച്ചിക്കട പ്രദേശത്തെ സ്ഥിരം കാഴ്ച്ച..
സ്കൂളിൽ പോകുന്ന വഴിക്കുണ്ടായിരുന്ന ഇറച്ചി കട, അടുത്ത ദിവസം ആ വഴി പോകുമ്പോൾ അവിടെ ഇറച്ചി വെട്ടിയതിന്റെ ലക്ഷണം ഒന്നും കാണില്ല... ഇറച്ചി വെട്ടുന്ന പുളി മരത്തിന്റെ മുട്ടിയും ഇറച്ചി തൂക്കുന്ന കൊളുത്തുകളും ആളൊഴിഞ്ഞ ഷെഡ്ഡും മാത്രമാണ് ഉണ്ടാവുക...
പിന്നെയും ഒരാഴ്ച്ച കാത്തിരിക്കണം ഇറച്ചി കട ഉണരാനും വീടുകളിൽ കപ്പയോ പച്ച കായയോ കൂർക്കയോ ഇട്ട തേങ്ങാപാൽ ഒഴിച്ച ഇറച്ചി കഴിക്കാൻ ...ഞായറാഴ്ച്ച ഉച്ചക്ക് തുടങ്ങുന്ന ഇറച്ചി കൂട്ടാൻ തിങ്കളാഴ്ച്ച രാവിലെ ആകുമ്പോ രുചികൂടും...
എത്രയൊക്കെ രുചി വൈഭവങ്ങൾ വന്നാലും ഞായറാഴ്ചകളിൽ മാത്രം ഉണ്ടായിരുന്ന ഇറച്ചി കറിയുടെ മണവും രുചിയും മനസ്സിൽ നിന്ന് മായുന്നേയില്ല...
എന്തായിരുന്നു ആ കറികളിലെ രഹസ്യം എന്നറിയില്ല...മൂക്കിലേക്ക് ആഞ്ഞൊന്ന് വലിച്ചപ്പോൾ,ഇപ്പോൾ പോലും വിരലുകളിൽ ആ മണം തങ്ങി നിൽക്കുന്ന പോലെ..❤️
✍️കടപ്പാട്