08/05/2021
ഡോ.സി.പി.ബാവ ഹാജി
70 ൻ്റെ നിറവിലേക്ക്
മലപ്പുറം: മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയും മുസ്ലീം ലീഗ് നേതാവുമായ ഡോ.സി.പി.ബാവ ഹാജിയുടെ എഴുപതാം ജന്മദിനം നാളെ.
പഴയ മലബാറിലെ തിരൂരിനു സമീപം കാരത്തൂർ എന്ന ഗ്രാമത്തിൽ 1951 മേയ് ഏഴിനാണ് അദ്ദേഹം ജനിച്ചത്.ചന്ത പറമ്പിൽ അലവി ഹാജിയും മറിയുമ്മയുമാണ് മാതാപിതാക്കൾ. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാരായിരുന്നു അവർ.
ദുബൈയിൽ പ്രവാസമുറപ്പിച്ച ആദ്യകാല മലയാളികളിലെ പ്രമുഖനാണ്. പത്തേമാരിയിലായിരുന്നു യാത്ര.
പിൽക്കാലത്ത് അവിടെ തൊഴിൽ തേടി എത്തിയവർക്ക് വഴികാട്ടിയായ ബാവഹാജി, ജീവ കാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.
മലബാറിൻ്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാറിന് എക്കാലത്തെയും മുതൽക്കൂട്ടാണ്. മഞ്ചേരിയിലെ ഏറനാട് നോളജ് സിറ്റി, കുളപ്പുള്ളിയിലെ അൽ അമീൻ എൻജിനീയറിംഗ് കോളേജ്, എടപ്പാളിലെ മലബാർ ദന്തൽ കോളേജ് തുടങ്ങിയവ അതിൻ്റെ മുൻനിര ഉദാഹരണങ്ങളാണ്.
ബാവ ഹാജിയുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും പ്രവാസികളുടെ ജീവിതത്തെ സ്വാധീനിച്ചു.അരനൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം ജീവകാരുണ്യ രംഗത്തിനും മുതൽക്കൂട്ടായി.
ഏറ്റവും ഒടുവിലായി ജന്മദേശമായ മാണൂരിൽ 30 ലക്ഷം രൂപാ ചെലവിൽ സ്ഥാപിച്ച അലവി ഹാജി സ്മാരക കുടിവെള്ള പദ്ധതി, സി.എച്ച്.സെൻ്ററിനു സംഭാവന ചെയ്ത ആംബുലൻസ്, നിർധർക്കായുള്ള പെൻഷൻ പദ്ധതി എന്നിവ ഉദാഹരണങ്ങളാണ്.
അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികളും അനുയായികളും സപ്തതി ആഘോഷം വിപുലമായി ആഘോഷിക്കാനിരുന്നതാണ്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അത് മാറ്റി വെച്ചിട്ടുണ്ട്.
നിയന്ത്രണം മാറുന്നതനുസരിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ നടത്തുവാനാണ് പരിപാടി.
ഇതിനായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്ങിൽ മജീദ് പ്രസിഡൻ്റായി ഒരു ആഘോഷ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ജന്മദിനമായ മെയ് ഏഴിന് നിയന്ത്രണങ്ങൾ പാലിച്ചുള്ള ആഘോഷങ്ങൾ നടക്കും.
അന്നു നടത്താനിരുന്ന ബാവ ഹാജിയുടെ ജീവചരിത്രത്തിൻ്റെ പ്രകാശന ചടങ്ങും മാറ്റി വച്ചിട്ടുണ്ട്.
ട്രസ്റ്റ് ആസ്ഥാനത്ത് നടത്തുന്ന ആഘോഷം വൈസ് ചെയർമാൻ തുഫൈൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
മലബാർ ദന്തൽ കോളേജ് പ്രിൻസിപ്പൾ ഡോ. മീനു മേരി, ഡയറക്ടർ ഡോ.രഘു, സി.പി. സമീറ തുടങ്ങിയവർ സംബന്ധിക്കും.
Intermedia