01/08/2025
ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കുന്ന വാഹനവും, ആദ്യമായി അനുഭവിക്കുന്ന പ്രണയവും എന്നും മായാത്ത നിറമുള്ള ഓർമ്മകളായിരിക്കും.
എന്റെ ആദ്യത്തെ വാഹനം, ചാരനിറത്തിലുള്ള ഒരു ബജാജ് ചേതക് സ്കൂട്ടറായിരുന്നു.
ആ സ്കൂട്ടറിൽ പറന്നുനടന്ന ആദ്യത്തെ ആ ദിവസം ഇന്നും എന്റെ മനസ്സിൽ ഇന്നലെപോലെ തെളിഞ്ഞുനിൽക്കുന്നു. രണ്ട് ചക്രങ്ങൾ എന്റെ കാലുകളുടെ ഭാഗമായതായി തോന്നിയതിനാൽ, അതുവരെ സങ്കൽപ്പിക്കാനാകാത്ത വേഗതയിൽ ഞാൻ പറന്നുനടന്ന ദിവസം.
ഇടയ്ക്കിടെ എന്നെ അസ്വസ്ഥമാക്കിയത്, അദൃശ്യമായ ഒരു കടിഞ്ഞാണുപോലെ എന്നെ ബന്ധിപ്പിച്ചിരുന്ന അച്ഛന്റെ ചിട്ടകളായിരുന്നു, ചിലപ്പോൾ അയഞ്ഞതും, ചിലപ്പോൾ ദൃഢമായതും.
"മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുതൽ പോകരുത്. നിന്നേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കുക. നീ എത്ര സുരക്ഷിതനാണെന്ന് വിചാരിച്ചാലും, സ്വന്തം യാത്രയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരോട് റോഡ് എപ്പോഴും ദയ കാണിക്കില്ല..." സ്കൂട്ടർ എടുക്കുന്നതിന് മുൻപുള്ള അച്ഛന്റെ ഉപദേശം.
ഞാൻ കുഞ്ഞൊന്നുമല്ലല്ലോ എന്ന് പറയണമെന്ന് തോന്നി... പക്ഷേ പറഞ്ഞില്ല.
അന്ന് എന്റെ സമയം പതിവിനേക്കാൾ വേഗത്തിൽ പാഞ്ഞുപോയി. ആദ്യ വാഹനം, ആദ്യയാത്ര, കൂട്ടുകാരുടെ മുന്നിൽ അഭിമാനപ്രദർശനം...
സമയത്തെ എനിക്ക് ആപേക്ഷികമായി തോന്നിയത്, എവിടെയായിരുന്നാലും ആറുമണിക്ക് മുൻപ് വീട്ടിലെത്തണമെന്ന് അച്ഛൻ നൽകിയ കർശന നിർദ്ദേശങ്ങൾ ഞാൻ മറന്നുപോയപ്പോഴായിരുന്നു.
പട്ടാളക്കാരനായിരുന്നു എന്റെ അച്ഛൻ. കരുത്തുള്ള ശരീരവും കട്ടിയുള്ള കൊമ്പൻ മീശയും മുഴങ്ങുന്ന ശബ്ദവും, വിരമിച്ചതിന് ശേഷവും അതിർത്തി കാത്ത ഒരു പട്ടാളക്കാരന്റെ അന്തസ്സിന്റെ അടയാളങ്ങളായി അച്ഛൻ കാത്തുസൂക്ഷിച്ചു.
ചേട്ടനു കിട്ടുന്ന സ്വാതന്ത്ര്യവും എനിക്ക് കിട്ടുന്ന പാരതന്ത്ര്യവും കാണുമ്പോൾ, അച്ഛന്റെ കാഴ്ചയിൽ ഞാനൊരു ശത്രുവാണോ എന്നുപോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അച്ഛൻ വിരമിച്ച ശേഷമാണ് എന്റെ ജനനം. അതുകൊണ്ടായിരിക്കാം, അച്ഛന് എന്റെ കാര്യങ്ങളിൽ അല്പം ശ്രദ്ധ കൂടുതലായിരുന്നു. പട്ടാളക്കാരന്റെ പാരമ്പര്യം എന്നിലൂടെയെങ്കിലും നിലനിർത്താനാണ് അച്ഛന്റെ തീരുമാനം എന്ന് തിരിച്ചറിഞ്ഞപ്പോൾ, ഞാൻ ഇങ്ങനെ ചോദിച്ചു:
വാവിന് ബലിയാടാകുന്ന കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന അച്ഛന്റെ ധൈര്യത്തിനുമുന്നിൽ പോലും,
കണ്ണിൽ ഇരുട്ട് വീണ് ബോധം കെടുന്ന എന്നെ,
തോക്കുമായി അതിർത്തി കാക്കുന്ന പട്ടാളക്കാരനാക്കാനുള്ള അച്ഛന്റെ ആഗ്രഹം എത്ര അപലപനീയമാണ്, അച്ഛാ!
"എന്താ തുറിച്ച് നോക്കുന്നേ..."
അച്ഛന്റെ ഘനഗാംഭീര്യചോദ്യത്തിന് മുന്നിൽ, ഒന്നും പറയാനില്ലാതെ തോളനക്കി നടന്നുപോയ എത്രയോ സന്ദർഭങ്ങൾ. എന്റെ ചോദ്യങ്ങൾ പലപ്പോഴും തൊണ്ടക്കുഴിയിൽ തന്നെ കുടുങ്ങിപ്പോയി.
ആകാശത്തിൽ വെളിച്ചം പൂർണ്ണമായും മാഞ്ഞിരുന്നു.
അവസാന പക്ഷിയും ചേക്കേറാനായി പറന്നുകഴിഞ്ഞു.
ഡിസംബർ മഞ്ഞ് പ്രകൃതിയെ പൊതിയാൻ തുടങ്ങിയിരുന്നു.
സൈക്കിൾമുക്ക്, എന്റെ വീട്ടിലേക്ക് തിരിയുന്ന ജങ്ഷൻ.
നാട്ടിലെ ആദ്യത്തെ ഗൾഫുകാരൻ, നാറാപിള്ള ചേട്ടൻ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ചിഹ്നമായി ലഭിച്ചത് സൈക്കിളായിരുന്നു.
അന്നത്തെ കാലത്ത് ചിഹ്നങ്ങളുടെ പകർപ്പ് ഷെയർ ചെയ്യാൻ അവസരങ്ങളില്ലാത്തതിനാൽ, ആൽമരത്തിൽ ഒരു പഴയ ഹെർക്കുലീസ് സൈക്കിൾ നാറാപിള്ളചേട്ടൻ കെട്ടിത്തൂക്കി നാട്ടുകാരോട് വോട്ട് ചോദിച്ചു.
ജങ്ഷനിലൂടെ കടന്നുപോകുന്ന എല്ലാവർക്കും സൈക്കിൾ ഒരു കൗതുക വസ്തുവായിമാറി, പക്ഷേ വോട്ടായി മാറിയില്ല.
നാറാപിള്ള ചേട്ടൻ തോറ്റുപോയി.
പക്ഷേ, ആ ജങ്ഷന് നാട്ടുകാർ സൈക്കിൾമുക്ക് എന്ന പേരിട്ടു വിളിച്ചു, മാന്നാറിൽ നിന്ന് വരുമ്പോൾ, പന്നായിപ്പാലം കയറി ഇറങ്ങി സൈക്കിൾമുക്കിൽ എത്തി, ഇടത്തേക്ക് തിരിയണം എനിക്ക് വീട്ടിൽ പോകാൻ.
പന്നായിപ്പാലത്തിൽ എത്തിയപ്പോൾ, ഒരിക്കലും കാണാത്തത്ര തിരക്ക്.
എത്ര ശ്രമിച്ചിട്ടും, സ്കൂട്ടർ ഒരടി പോലും മുന്നോട്ട് എടുക്കാൻ കഴിയുന്നില്ല.
വീട്ടിലെത്താൻ വൈകിയാൽ, അച്ഛൻ വഴക്ക് കടുപ്പിക്കും.
എന്റെ ക്ഷമ നശിക്കാൻ തുടങ്ങി.
അതുവഴി കടന്നുപോയ ഒരാളോട് കാര്യം തിരക്കി.
"സൈക്കിൾമുക്കിൽ ആരെയോ വണ്ടി തട്ടി..." അയാൾ പറഞ്ഞു.
തൊട്ടുമുന്നിൽ നടന്നത് എന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റാൻ പോകുന്ന സംഭവമാണെന്ന് അറിയാതെ, മാർഗ്ഗം തടഞ്ഞ നിർഭാഗ്യവാനെ ശപിച്ചു ഞാൻ കാത്തുനിന്നു.
ഇന്നലെ വന്ന പാലമോ, ഇന്നത്തെ തിരക്കോ ശ്രദ്ധിക്കാതെ,
നദി എന്റെ കാൽകീഴിലൂടെ ഒഴുകുന്നത് ഞാൻ ആ നിമിഷം ശ്രദ്ധിച്ചില്ല.
ഒരു ആംബുലൻസ് സൈറൺ മുഴക്കി, കാത്തിരുപ്പിനെ കീറിമുറിച്ചു കടന്നു പോയി.
ആംബുലൻസ് തട്ടി കടന്നു പോയ വായു ഒരു കാറ്റായി എന്നിൽ പതിച്ചു,
അത് എനിക്ക് ഒരു ആശ്വാസമായി തോന്നി. ഞാൻ സ്കൂട്ടർ വേഗം മുന്നോട്ട് എടുത്തു സൈക്കിൾ മുക്കിൽ എത്തിയപ്പോൾ, അപകടത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ഒരു ആൾക്കൂട്ടം അവിടെ കൂടിയിരുന്നു. അവരിൽ ഒരാൾ ഗോപിച്ചേട്ടനായിരുന്നു, ആൽമരത്തിനരികെ ഒരു ചെറിയ കട നടത്തിയിരുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ നാരങ്ങാവെള്ളം ആ പ്രദേശത്ത് പ്രസിദ്ധമായിരുന്നു.
രുചിക്ക് എന്തെങ്കിലും പ്രത്യേക ചേരുവ ചേർക്കുന്നുണ്ടോ എന്ന് ആളുകൾ തമാശയായി ചോദിക്കുമ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് പറയും:
"അതെ, ഓരോ ഗ്ലാസിലും ഞാൻ എന്റെ സ്നേഹം കലർത്തും."
എന്നെ കണ്ടപ്പോൾ, അദ്ദേഹം സ്കൂട്ടറിനരികിലേക്ക് ഓടിയെത്തി എന്നെ തടഞ്ഞു. വിളറിയ മുഖവുമായി ഗോപിച്ചേട്ടൻ എന്നോട് ചോദിച്ചു:
"എന്താ, നീ ആശുപത്രിയിൽ പോയില്ലേ?"
കാര്യത്തിന്റെ ഗൗരവം അറിയാതെ, തടഞ്ഞു നിർത്തിയതിൽ അമർഷം രേഖപ്പെടുത്തി ഞാൻ ചോദിച്ചു:
"ഞാൻ എന്തിനാണ് പോകേണ്ടത്? എന്റെ ആരുമല്ലല്ലോ!"
"ആംബുലൻസിൽ ഉണ്ടായിരുന്നത്... നിന്റെ അച്ഛനായിരുന്നു..."
ഒരു നിമിഷം, എന്റെ ചുറ്റുമുള്ളതെല്ലാം മാഞ്ഞുപോയി, ആൽമരം, തിരക്കേറിയ കവല, ഡിസംബർ മഞ്ഞ്... ഞാൻ ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല.
താമസിച്ചാൽ വഴക്ക് കേൾക്കുമെന്ന് ഭയന്ന്, ഉപദേശിക്കുമെന്ന് ഭയന്ന്, എപ്പോഴും ഓടിയൊളിക്കാൻ ശ്രമിച്ചിരുന്ന എനിക്ക് ആ നിമിഷം, അച്ഛന്റെ ശബ്ദം വീണ്ടും കേൾക്കണമെന്നു തോന്നി.
എങ്ങനെയോ ഞാൻ പരുമല ആശുപത്രിയിൽ എത്തി. അകത്ത് കടന്നപ്പോൾ, അവർ അച്ഛനെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റുന്നത് കണ്ടു.
അച്ഛന്റെ പരുക്കുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി, കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു അവർ.
യാന്ത്രികമായി ഞാനും ആംബുലൻസിൽ കയറി. അച്ഛന് ബോധമുണ്ടായിരുന്നു.
എന്റെ കണ്ണുനീർ നിയന്ത്രണമില്ലാതെ ഒഴുകി. എന്റെ കൈ മുറുകെ പിടിച്ച്, പതിഞ്ഞ സ്വരത്തിൽ അച്ഛൻ പറഞ്ഞു:
"പേടിക്കേണ്ട മോനേ... എനിക്ക് കുഴപ്പമൊന്നുമില്ല. വീട്ടിൽ ഒരുപാട് പണിയുണ്ട്... നമുക്ക് വീട്ടിൽ പോകാം."
അത്രയും പതിഞ്ഞ സ്വരം അച്ഛനിൽ നിന്ന് ഞാൻ ആദ്യമായാണ് കേൾക്കുന്നത്.
വിരമിച്ച ശേഷവും അച്ഛൻ ഒരിക്കലും വിശ്രമിച്ചില്ല. പട്ടാളത്തിൽ സേവിച്ച അതേ അർപ്പണബോധത്തോടെ അച്ഛൻ പച്ചക്കറികൾ കൃഷി ചെയ്തു, പാടത്ത് കൃഷിയിറക്കി, പശുക്കളെ വളർത്തി.
അച്ഛൻ ഒരിക്കലും വില കൂടിയ വസ്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ല. പഴകിയ ചെരിപ്പിന്റെ വാറ് മാറ്റിയിടുകയല്ലാതെ, പുതിയൊരെണ്ണം വാങ്ങാൻ പോലും തയ്യാറായില്ല.
സമ്പാദിച്ച ഓരോ രൂപയും ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയായിരുന്നു, താനില്ലെങ്കിലും വീട്ടുകാർ ഒന്നിനും ബുദ്ധിമുട്ടരുത് എന്ന ഒരു ഗൃഹനാഥന്റെ കരുതൽ. എല്ലാ സന്ധ്യയിലും കണക്കുപുസ്തകത്തിന്റെ താളുകളിൽ ആ ദിവസത്തെ ഭാരം അച്ഛൻ ഇറക്കിവയ്ക്കും.
'നമുക്ക് വീട്ടിൽ പോകാം, അച്ഛന് ഒരുപാട് പണിയുണ്ട്…' ആംബുലൻസിന്റെ പേടിപ്പെടുത്തുന്ന ശബ്ദത്തിൽ അച്ഛന്റെ ശബ്ദം അലിഞ്ഞു പോയി.
പത്ത് കിലോമീറ്റർ അകലെയുള്ള പുഷ്പഗിരി ആശുപത്രിയിലാണ് ഞങ്ങൾ എത്തിയത്.
ഇരുപത് മിനിറ്റ് മാത്രം നീളുന്ന യാത്ര എനിക്ക് ഇരുപത് മണിക്കൂറായി തോന്നി.
സമയം ഒരു ഉപാധിയല്ല, മനസ്സിന്റെ ഘടനയാണ്.
ഞാൻ എന്റെ സ്കൂട്ടറിൽ ആദ്യമായി പോയപ്പോൾ, സമയം പാഞ്ഞുപോവുകയായിരുന്നു.
എന്നാൽ ഈ ആംബുലൻസിൽ, സമയം ചതുപ്പിൽ പൂഴ്ന്നിറങ്ങുന്നതുപോലെ തോന്നി.
അത്യാഹിത വിഭാഗത്തിൽ അച്ഛനെ പരിശോധിച്ച ഡോക്ടർ ഉടൻ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു.
എന്റെ കൈ മുറുകെ പിടിച്ച്, അച്ഛൻ വെള്ളം ചോദിച്ചു.
വെള്ളം കൊടുക്കാൻ ഞാൻ ശ്രമിച്ചപ്പോള്‍, നഴ്‌സ് തടഞ്ഞു,
സ്കാനിന് മുൻപ് വെള്ളം കുടിക്കാൻ പാടില്ല.
“ഇത്തിരി മതി, മോനേ… തൊണ്ട വരളുന്നു…” അച്ഛൻ യാചിച്ചു.
വളരെ വിഷമത്തോടെ ഞാൻ പറഞ്ഞു:
“സ്കാൻ കഴിഞ്ഞിട്ട്, അച്ഛാ.”
വീൽചെയറിൽ അച്ഛനെ സ്കാനിംഗ് മുറിയിലേക്ക് കൊണ്ടുപോകുമ്പോഴും,
അച്ഛൻ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടിരുന്നു.
അച്ഛന്റെ കണ്ണുകൾ, എന്റെ കണ്ണുകളിലേക്ക് ഇമവെട്ടാതെ ഉറപ്പിച്ചുനിന്നു.
സ്കാനിംഗ് മുറിയുടെ വാതിൽ കടന്ന് പോകുമ്പോൾ,
നഴ്‌സ് എന്റെ കൈയിൽ നിന്ന് അച്ഛന്റെ പിടി ഒഴിവാക്കി.
ഏന്തോ പറയാനായി അച്ഛന്റെ ചുണ്ടുകൾ അനങ്ങിയത് ഞാൻ കണ്ടു, പക്ഷേ വ്യക്തമായില്ല.
അന്ന്, സ്കാനിംഗ് മുറിയുടെ വാതിൽ ഞങ്ങൾക്കിടയിൽ അടഞ്ഞപ്പോൾ,
എന്റെ കൗമാരവും അവിടെ അവസാനിച്ചു.
എന്റെ ജീവിതത്തിലെ യഥാർത്ഥ പോരാട്ടങ്ങൾ ആരംഭിച്ച നാൾ അതായിരുന്നു.
സ്കാനിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി.
അടിയന്തിര ശസ്ത്രക്രിയയ്ക്ക് അച്ഛനെ ഉടൻ പ്രവേശിപ്പിച്ചു.
അന്ന് അടഞ്ഞ അച്ഛന്റെ കണ്ണുകൾ പിന്നീട് ഒരിക്കലും തുറന്നിട്ടില്ല.
ഏഴുമാസത്തോളം, ഉരുകിഉറച്ച മെഴുകുകൂമ്പാരത്തിലെ ദീപനാളം പോലെ
അച്ഛൻ കോമാസ്റ്റേജിൽ ജീവിച്ചു.
അച്ഛൻ പറയാനായിരുന്ന അവസാന വാക്കുകൾ, പിന്നീട് എന്റെ ജീവിതത്തിൽ അവ്യക്തമായി മുഴങ്ങിക്കൊണ്ടിരുന്നു. അത് തിരിച്ചറിയാൻ പിന്നെയും എനിക്ക് ഒരുപാട് നടക്കേണ്ടിവന്നു…