07/11/2025
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുതിയ എം സി എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുതിയ എം സി എഫ് കെട്ടിടത്തിന്റെയും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം സി എഫിലെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും അധിക സൗകര്യങ്ങള്‍ ഒരുക്കി ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് നിരവധി പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 3000 സ്ക്വയര്‍ ഫീറ്റില്‍ പുതിയ കെട്ടിടം, ഗേറ്റ്, ചുറ്റുമതില്‍, കിണര്‍ നവീകരണം, ടൈല്‍ വിരിച്ച നടപ്പാത, ഡ്രസിംങ് റൂം എന്നീ നിര്‍മ്മാണ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം. ലെനിന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പെഴ്സണ്മാരായ ലിന്റി ഷിജു, അജിത ഉമേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്നേഹ സജിമോന്‍, സുഷിത ബാനിഷ്, മിനി പുഷ്കരന്, മേരി പോള്‍സണ്‍, അഖില പ്രസാദ്, യു.വി വിനീഷ് എന്നിവര്‍ സംസാരിച്ചു.