19/11/2024
ഇന്ന് വീട്ടിൽ വന്ന ഒരു ഇലക്ട്രീഷൻ വളരെ പ്രധാനപ്പെട്ട ഒരു വിവരം പറഞ്ഞു തന്നു. നിങ്ങളുടെ വീട്ടിലെ കണക്ഷൻ ഉടൻതന്നെ പരിശോധിക്കുന്നത് നന്നായിരിക്കും.
ഇ എൽ സി ബി (ELCB -Earth leakage circuit breaker) വീടുകളിൽ നിർബന്ധമായും ഉപയോഗിക്കുന്ന വൈദ്യുതി സുരക്ഷാ ഉപകരണമാണ്.
വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഇ എൽ സി ബി, ഫെയ്സിലൂടെയും, ന്യൂട്ടറിലൂടെയും വരുന്നതും പോകുന്ന വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. സാധാരണയായി 5 A കറന്റ് ഒരു ലൈനിലൂടെ കടന്നു വന്ന് പ്രവൃത്തി പൂർത്തിയാക്കി തിരികെ പോവുന്നു. എന്നാൽ ഏതെങ്കിലും കാരണത്താൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കേടാവുകയോ ഇൻസുലേറ്റർ തകരാറിലായി ഉപകരണത്തിന്റെ ചാലക കവചങ്ങളിൽ (പുറംചട്ട) ഇലക്ട്രോണുകൾ എത്തിച്ചേർന്നാൽ, എർത്ത് വഴി, പ്രവർത്തി കഴിഞ്ഞ് ഇലക്ട്രോണുകൾ ഭൂമിയിൽ എത്തും, ഇഎൽ സി ബി യിലൂടെ അല്ലാതെ അതിന്റെ ഉറവിടത്തിലേക്ക് തിരികെ പോവുന്നു. തന്നിലൂടെ കടന്നുപോയ ഇലക്ട്രോണുകൾ തിരികെ വന്നില്ല എന്ന് തിരിച്ചറിയുമ്പോൾ ഇ എൽ സി ബി ഉടൻ ഓഫാവുകയും അതുവഴി വീടുകളിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. 29 മില്ലിആംപിയർ വരെ ശരീരചലനങ്ങളുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാം. എന്നാൽ 30 mA മുതൽ വൈദ്യുത പ്രവാഹം ശരീരത്തെ താളം തെറ്റിക്കുവാൻ കഴിവുള്ളവയാണ് അതിനാൽ വീടുകളിൽ ആവശ്യം 30mA ഇ എൽ സി ബി ആണ്. വീടുകളിലും മറ്റും എർത്ത് സംവിധാനങ്ങളിലെ അപാകത മൂലം വൈദ്യുതി അപകടങ്ങൾ ഒരു പരിധി വരെ ഇ.എൽ.സി.ബി സംവിധാനത്തിലൂടെ ഇല്ലാതാക്കാൻ കഴിയും.
കണക്ഷൻ കിട്ടണമെങ്കിൽ ELCB വേണമെന്നുള്ളത് കൊണ്ട് എല്ലാ വീട്ടിലും ഇതുണ്ടാകും. വളരെ ചെറിയ ലീക്ക് വന്നാലും സർക്യൂട്ട് ബ്രേക്ക് ആകും. ആവർത്തിക്കുമ്പോൾ നമ്മൾ ഇലക്ട്രീഷ്യനെ വിളിക്കുന്നു. ലീക്ക് കണ്ടുപിടിച്ചാലും പലപ്പോഴും അത് ഫലപ്രദമായി തടയാൻ പലർക്കും കഴിയില്ല. നമ്മൾ അറിയുന്ന ഇലക്ട്രീഷ്യന്മാരിൽ 90% പേർക്കും അതിനുള്ള പഠിപ്പ് /യോഗ്യത ഇല്ല.
പരിഹരിക്കാനുള്ള എളുപ്പ വഴിയായി ELCB യിലെ കണക്ഷൻ ഒഴിവാക്കുന്നു.
ഫോട്ടോയിൽ ഇടതുവശത്ത് കാണുന്നതാണ് ഇ എൽ സി ബി. അതിന്റെ അടിയിലൂടെ കണക്ഷൻ കൊടുത്ത് മുകളിൽ കൂടി പുറത്തു വരണം. അതിനുപകരം മുകളിൽ തന്നെ കണക്ഷൻ കൊടുത്തിരിക്കുന്നു. ചുരുക്കത്തിൽ ഇ എൽ സി ബി ബൈപ്പാസ് ചെയ്തിരിക്കുന്നു, അതിന്റെ പ്രയോജനം വീടിന് കിട്ടുന്നില്ല.
ഇലക്ട്രീഷ്യൻ എന്നോട് ഒരു രഹസ്യം കൂടി പറഞ്ഞു. "സാർ ഞാൻ പഠിച്ചിട്ടില്ല പലരുടെയും കൂടെ നടന്നാണ് ജോലി പഠിച്ചത്. എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പലതും മനസ്സിലായിട്ടുണ്ട്. ഞാൻ പോയിട്ടുള്ള വീടുകളിൽ 90% വും ഇ എൽ സി ബി ബൈപ്പാസ് ചെയ്തിരിക്കുകയാണ്. എൻജിനീയർമാർ വരെ ഇത് മനസ്സിലാക്കുന്നില്ല."
വീട്ടിലെ കണക്ഷൻ ഉടൻ പരിശോധിച്ചു ഉറപ്പുവരുത്തുക.
MP GEORGE