12/08/2025
കേരളത്തില്‍ ആദ്യമായി മത്സ്യത്തൊഴിലാളികള്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്തു.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
കൊച്ചി.കേരളതീരത്തുനിന്ന് 13.4 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മുങ്ങിയ എംഎസ് സി എല്‍സാ 3 എന്ന കണ്ടെയ്‌നര്‍ കപ്പല്‍ രണ്ടുമാസം കഴിഞ്ഞിട്ടും കപ്പലോ കപ്പലിലെ എണ്ണയോ ഡീസലോ മറ്റു മാരകമായ 400 ഓളം കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ 634 കണ്ടെയ്‌നറുകളും അതില്‍ ഉള്‍പ്പെട്ട ചരക്കുകളും നീക്കം ചെയ്യാന്‍ കപ്പലുടമ ഇതുവരെ തയ്യാറാകാത്ത സ്ഥിതിക്ക്, അന്തര്‍ദേശീയ നിയമമനുസരിച്ച് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് കപ്പലുടമയുടെ ചെലവില്‍ കപ്പലും എണ്ണയും കണ്ടെയ്‌നറുകളും കടലില്‍ പൊട്ടിപ്പൊളിഞ്ഞ കിടക്കുന്നതും ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളും മത്സ്യമേഖലയ്ക്ക് ഒരു ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ ചെയ്യാനുള്ള നടപടി കൈക്കൊള്ളണം.എന്ന ആവിശ്യം മുറവിളിയായി മല്‍സ്യബന്ധനമേഖലയിലാകെ ഉയരുന്ന പശ്ചാത്തലം തീരമേഖലയിലുണ്ട്.
എന്നാല്‍ യാതൊരു തെളിവോ രേഖകളോ ഇല്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അഡ്വക്കേറ്റ് ജനറല്‍ മുഖേന ഒമ്പതിനായിരത്തി അഞ്ഞൂറ്റി മുപ്പത് കോടി രൂപയ്ക്ക് ഫയല്‍ ചെയ്ത സ്യൂട്ട് എംഎസ്സി കമ്പനിയുടെ കപ്പല്‍ അറസ്റ്റ് ചെയ്‌തെങ്കിലും അധികം താമസിയാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും വൈരുദ്ധ്യം തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണന്നു മാരിടൈം വൃത്തങ്ങള്‍ പറയുന്നു. കേസില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയുടെ പത്തിലൊന്നായി ചുരുങ്ങുകയോ, കേസ് തള്ളി പോവുകയോ ചെയ്യാന്‍ സാധ്യതയുള്ളതായി മാരിടൈം വൃത്തങ്ങള്‍ വിലയിരുത്തുന്നു.
മേല്‍പ്പറഞ്ഞ കേസില്‍ മത്സ്യത്തൊഴിലാളികളുടെ കൊമ്പന്‍സേഷന്‍ എന്നുപറഞ്ഞ് ചെറിയ തുക വകയിരുത്തി എങ്കിലും അത് കണ്ടെയ്‌നര്‍ മുഖേന വലകള്‍ക്കും ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപറ്റിയ സംസ്ഥാനത്തെ 12 ലക്ഷത്തിന് മേല്‍ വരുന്ന മത്സ്യബന്ധന മേഖലയിലുള്ള ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കുമെന്ന് യാതൊരു തെളിവും കോടതിയില്‍ നിര്‍ത്തിയിട്ടില്ല. 12 ലക്ഷത്തിന് മേല്‍ മത്സ്യത്തൊഴിലാളികള്‍ കൂടാതെ 3000ത്തിനുമേല്‍ ട്രോളിംഗ് ബോട്ടുകള്‍ സംസ്ഥാനത്തു മല്‍സ്യബന്ധനം നടത്തുന്നുണ്ട്അവരുടെ ബോട്ടുകളും എന്‍ജിനും ഷാഫ്റ്റും ക്രാങ്കും വലകളും ഈ കണ്ടെയ്‌നറുകളുടെ സാന്നിധ്യം കാരണം നശിക്കുന്നു.വലകള്‍ കീറുന്നതു പിടിക്കുന്ന വിപണിയില്‍ ലക്ഷങ്ങള്‍ മൂല്യമേറിയ മത്സ്യ സമ്പത്ത് നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇതിന്റെ ദുരന്തഫലം നേരിടുന്ന കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും 'എംഎസ്സി പല്‍മേറ' എന്ന കപ്പല്‍ നാല് വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളുടെ ഹര്‍ജി ഫൈനല്‍ സ്വീകരിച്ച് കപ്പല്‍ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനമായി.. ഇനിയും നിരവധി മത്സ്യത്തൊഴിലാളികള്‍ മുനമ്പം, വൈപ്പിന്‍, തോട്ടപ്പള്ളി, കൊല്ലം,തിരുവനന്തപുരം ,കുളച്ചല്‍ തീരങ്ങളിലെ പരമ്പരാഗത മല്‍സ്യ തൊഴിലാളികളും, യന്ത്രവല്‍കൃതട്രോളിംഗ് ബോട്ടുകളിലെ തൊഴിലാളികളും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി അറിയുന്നു.
ഇന്ന് ഹൈക്കോടതിയില്‍ നാല് പരമ്പരാഗത വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഹര്‍ജിയില്‍ സീനിയര്‍ അഭിഭാഷകന്‍ വി.ജെ മാത്യു വാണ് ഹാജരായത്. അദ്ദേഹത്തിന്റെ ഓഫീസിലെ അഡ്വക്കേറ്റ് മെര്‍ലിന്‍ മാത്യു, അനിരുദ്ധ, ആദര്‍ശ് മാത്യു വിപിന്‍ വര്‍ഗീസ്, മേഘ മാധവന്‍, അഗസ്ത് നോര്‍ബെറ്റ് തുടങ്ങിയവരുള്‍പ്പെട്ട ടീമാണ് വിജെ മാത്യു അസ്സോസിയേറ്റ്‌സിന്റെ മറ്റു അഭിഭാഷകര്‍.കപ്പല്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ എംഎസ്സി കമ്പനിയുടെ അഭിഭാഷകനും തുറമുഖത്തിന്റെ അഭിഭാഷകയും എതിര്‍ത്തിട്ടും ബഹുമാനപ്പെട്ട ഹൈക്കോടതി കപ്പല്‍ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.