23/10/2025
*പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന് കൊടിയിറങ്ങി: വംശം മികച്ച നാടകം, അനിൽ ചെങ്ങന്നൂരും ജോൺസണും മികച്ച നടൻമാർ*
_ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രഥമ പ്രൊഫഷണൽ നാടകോത്സവം_
തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന് സമാപനം. മികച്ച നാടകമായി തിരുവനന്തപുരം അജന്ത തിയേറ്ററിന്റെ 'വംശം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നാടകം വള്ളുവനാട് ബ്രഹ്മയുടെ 'പകലിൽ മറഞ്ഞൊരാൾ'. 55555 രൂപയും പുരസ്കാരവുമാണ് ഒന്നാം സമ്മാനം. പതിനായിരം രൂപയും പുരസ്കാരവും രണ്ടാം സമ്മാനം. ജൂറിയുടെയും എല്ലാ നാടകങ്ങളും കണ്ട കാണികളുടെ വോട്ടിന്റെയും അടിസ്ഥാനത്തിലാണ് മികച്ച നാടകം തെരെഞ്ഞെടുത്തത്.
പ്രൊഫഷണ നാടകോത്സവം സംഘടിപ്പിച്ചതിലൂടെ ഏതൊരു സംഘടനയും അസൂയപ്പെടുന്ന നേട്ടമാണ് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വെറും അഞ്ച് മാസം കൊണ്ട് നേടിയെടുത്തതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നാടകോത്സവം തലസ്ഥാന നിവാസികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചത് സംസ്കാര സാഹിതിക്ക് ലഭിച്ച ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറു ദിവസം നീണ്ടു നിന്ന നാടകോത്സവം ഒരു പ്രൊഫഷണൽ നാടകത്തിന് ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന പരിപാടി എന്ന നിലയിലും ശ്രദ്ധേയമായിരുന്നു. മുപ്പത്തിമൂന്നോളം നാടകങ്ങളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരെഞ്ഞെടുത്ത 5 നാടകങ്ങളാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം അജന്ത തിയേറ്ററിന്റെ 'വംശം', കൊല്ലം അനശ്വരയുടെ 'ആകാശത്തൊരു കടൽ', തിരുവനന്തപുരം സൗപർണികയുടെ താഴ്വാരം, വള്ളുവനാട് ബ്രഹ്മയുടെ 'പകലിൽ മറഞ്ഞൊരാൾ', കോഴിക്കോട് സങ്കീർത്തനയുടെ 'കാലം പറക്കണ്' തുടങ്ങിയ നാടകങ്ങളാണ് പ്രദർശിപ്പിച്ചത്.
*മറ്റ് പുരസ്കാര ജേതാക്കൾ*
മികച്ച രചന- ഹേമന്ത് കുമാർ (പകലിൽ മറഞ്ഞിരുന്ന ഒരാൾ), മുഹാദ് വെമ്പായം (വംശം), മികച്ച സംവിധാനം-സുരേഷ് ദിവാകരൻ (വംശം), മികച്ച നടൻ- അനിൽ ചെങ്ങന്നൂർ (വംശം), ജോൺസൺ (പകലിൽ മറഞ്ഞിരുന്നൊരാൾ), മികച്ച ഹാസ്യ നടൻ -സുബിൻ പുത്തൻചിറ (പകലിൽ മറഞ്ഞിരുന്നൊരാൾ), മികച്ച ഗാനരചയിതാവ് - രാധാകൃഷ്ണൻ കുന്നുംപുറം(ആകാശത്തൊരു കടൽ), മികച്ച മ്യൂസിക് ഡയറക്ടർ-അനിൽ മാള (വംശം, ആകാശത്തൊരു കടൽ, പകലിൽ മറഞ്ഞിരുന്നൊരാൾ), മികച്ച ഗായിക- വൈക്കം വിജയലക്ഷ്മി
(കാലം പറക്കണ്), മികച്ച ഗായകൻ- ജോസ് സാഗർ (കാലം പറക്കണ്), മികച്ച നടി- വിജയലക്ഷ്മി (കാലം പറക്കണ്), മികച്ച ബാലതാരം- ബേബി ഉത്തര (കാലം പറക്കണ്) മികച്ച സാമൂഹ്യപ്രസക്തിയുള്ള നാടകം- കാലം പറക്കണ്, മികച്ച വില്ലൻ- മധു കുട്ടൻ കെപിഎസ് സി (ആകാശത്ത് ഒരു കടൽ), മികച്ച രംഗപടം- വിജയൻ കടമ്പേരി (കാലം പറക്കണ്, വംശം)
കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, ചലച്ചിത്രതാരം പ്രിയങ്ക, മുൻ എംഎൽഎമാരായ കെ.എസ്. ശബരിനാഥൻ, ശരത്ചന്ദ്ര പ്രസാദ്, എ.ടി. ജോർജ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, , സംസ്കാര സാഹിതി വൈസ് ചെയർമാൻ വി.ആർ. പ്രതാപൻ, സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, ജില്ലാ കൺവീനർ ഒഎസ് ഗിരീഷ്, കെപിസിസി അംഗം ജെഎസ് അഖിൽ, തുടങ്ങിയവർ പങ്കെടുത്തു.