04/09/2026
ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കിയില്ലെന്ന തുച്ഛമായ കാരണത്തിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ വണ്ടൂരിലെ ദാരുണ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ ഫസീലയുടെ നെഞ്ചിലേക്ക് ഭര്‍ത്താവ് റഷീദ് ഇറക്കിയ ഒറ്റക്കുത്ത് ഹൃദയം തുളച്ചുകയറിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. കുത്തേറ്റ് കേവലം 15 മിനിറ്റിനുള്ളില്‍ തന്നെ ഫസീല മരണത്തിന് കീഴടങ്ങി.
മദ്യലഹരിയിലായിരുന്ന റഷീദ് അടുക്കളയിലുണ്ടായിരുന്ന പോളിഗാര്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കത്തിയെടുത്ത് ഫസീലയുടെ ഇടതുനെഞ്ചിലേക്ക് ആഞ്ഞുകുത്തുകയായിരുന്നു. അടുക്കളയിലെ കോണ്‍ക്രീറ്റ് മേശയില്‍ ഇരിക്കുകയായിരുന്ന ഫസീലയ്ക്ക് നേരെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. മൂര്‍ച്ചയേറിയ കത്തി രണ്ടാം വാരിയെല്ലിനിടയിലൂടെ നേരെ ഹൃദയത്തിലേക്ക് തുളച്ചുകയറി. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ പിടിവലി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകളും ശരീരത്തിലുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പിന്നീട് ആറോടെ പള്ളിക്കുന്ന് ജുമാമസ്ജിദില്‍ വന്‍ ജനസഞ്ചയത്തിന്റെ സാന്നിധ്യത്തില്‍ കബറടക്കി.
അതേസമയം, സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി റഷീദ് പോലീസിന് മുന്നില്‍ കൃത്യം വിവരിച്ചത്. 'വാക്കുതര്‍ക്കത്തിനിടെ അവള്‍ എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതനായി കത്തിയെടുത്ത് കുത്തുകയായിരുന്നു. അവള്‍ ഒന്ന് കരഞ്ഞു, നീ എന്താ കാണിക്കുന്നതെന്ന് ചോദിച്ച് ഉമ്മ പരിഭ്രമിച്ച് ഓടിയെത്തി...' എന്ന് കൂസലില്ലാതെയാണ് ഇയാള്‍ പറഞ്ഞത്. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് രണ്ടിന് തിരിച്ചെത്തിയപ്പോള്‍ കറിയൊന്നും ഉണ്ടായിരുന്നില്ലെന്ന് റഷീദ് പറയുന്നു. തുടര്‍ന്ന് കടയില്‍ പോയി കറി വാങ്ങിക്കൊണ്ടുവന്നു. ഇതിനിടെ തിരിച്ചെത്തിയ ഫസീലയോട് ചോദിച്ചപ്പോള്‍ അവള്‍ മോശമായി സംസാരിച്ചെന്നും, ഇതാണ് വഴക്കിലേക്ക് നയിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു. ഉമ്മ ഇടപെട്ട് രണ്ടുപേരെയും പിന്തിരിപ്പിച്ച് റഷീദിനോട് കുളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുളിക്കാന്‍ പോകുന്നതിനിടെ ഫസീല വീണ്ടും എന്തോ പറഞ്ഞതാണ് പെട്ടെന്ന് പ്രകോപിതനാക്കി കുത്താന്‍ കാരണമെന്നാണ് ഇയാളുടെ അവകാശവാദം. പോലീസ് സ്റ്റേഷനില്‍ വെച്ച് 'എന്റെ മക്കളെ ഞാന്‍ തന്നെ അനാഥമാക്കിയല്ലോ' എന്ന് പറഞ്ഞ് കരഞ്ഞുനിലവിളിച്ച റഷീദ്, പക്ഷേ സ്വന്തം വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ തികച്ചും ശാന്തനായാണ് പെരുമാറിയത്. തെളിവെടുപ്പിന് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.