29/08/2026
തൊണ്ണൂറുകളില്‍ ശ്രീകാര്യം അടക്കിവാണ പഴയ 'പ്രമാണി';
പിന്നീട് കേസുകളെല്ലാം തീര്‍ത്ത് കോണ്‍ഗ്രസിന്റെ കരുത്തായി;
എസ്.എന്‍.ഡി.പിയിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും നിര്‍ണ്ണായക സ്വാധീനം;
ഭാര്യ വി.ആര്‍ സിനിയുടെ വിയോഗവും വിവാദമായ ഗുണ്ടാസംഗമവും;
മുഖ്യമന്ത്രി വി.ഡി സതീശനെ വഴിതടഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ചേന്തി അനി
തിരുവനന്തപുരം: തൊണ്ണൂറുകളില്‍ തലസ്ഥാനത്തെ ശ്രീകാര്യം മേഖലയെ വിറപ്പിച്ച പഴയ പ്രമാണിയില്‍ നിന്ന് കോണ്‍ഗ്രസിന്റെയും എസ്.എന്‍.ഡി.പിയുടെയും മുഖ്യധാരയിലേക്ക് വളര്‍ന്ന ചേന്തി അനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സി.പി.എം കോട്ടയായ ശ്രീകാര്യത്ത് കോണ്‍ഗ്രസിന് കരുത്തായി നിലകൊണ്ട മുന്‍ ഡി.സി.സി ഭാരവാഹി കൂടിയായ അദ്ദേഹം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടയുകയും അദ്ദേഹത്തോട് മോശമായി പെരുമാറുകയും ചെയ്തു എന്ന സംഭവത്തിലാണ് ഇപ്പോള്‍ നിയമക്കുരുക്കിലായിരിക്കുന്നത്.
ചേന്തിയില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചേന്തിയിലെ പരിപാടിയുടെ സംഘാടകനായ അനിലിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വാഹനം കൈകാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് പ്രവര്‍ത്തകരും അദ്ദേഹവും തമ്മില്‍ വാക്കേറ്റമുണ്ടായത്.
മുഖ്യമന്ത്രിക്ക് നേരെ ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മോശം വാക്കുകള്‍ പ്രയോഗിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനിലിനെയും കൂട്ടരെയും തള്ളിമാറ്റുകയായിരുന്നു. ഔദ്യോഗിക പരിപാടികളുടെ പട്ടികയില്‍ ചേന്തിയിലെ പ്രോഗ്രാം ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് വിശദീകരണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് അനിലുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നാണ് ചേന്തി അനി ഇതിനോട് പ്രതികരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയതെന്നും, അദ്ദേഹത്തെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതെന്നും അനി പറയുന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റം വിഷമമുണ്ടാക്കിയെന്നും അതിനാലാണ് പിന്നീട് അവിടെ നടക്കേണ്ടിയിരുന്ന പൊതുസമ്മേളനം ഉപേക്ഷിച്ചതെന്നും അനി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നഗരത്തിന്റെ വടക്കന്‍ മേഖലയായ ശ്രീകാര്യത്ത് ഒരു കാലത്ത് അനിഷേധ്യനായ വ്യക്തിയായിരുന്നു ചേന്തി അനി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട്, തൊണ്ണൂറുകളില്‍ ആ മേഖലയെ അടക്കിവാണ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഗുണ്ടാപ്പകയും കുടിപ്പകയും നിറഞ്ഞ ആ പഴയ കാലത്തുനിന്ന് പിന്നീട് കേസുകളെല്ലാം തീര്‍പ്പായതോടെയാണ് അനി പൂര്‍ണ്ണമായും മുഖ്യധാരാ പൊതുപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റുന്നത്.
സി.പി.എമ്മിന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പ്രദേശമാണ് ശ്രീകാര്യം. അവിടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനായത് ചേന്തി അനിയുടെ സംഘടനാ മികവിലൂടെയും കരുത്തിലൂടെയുമായിരുന്നു. ഒരു ഘട്ടത്തില്‍ തിരുവനന്തപുരം ഡി.സി.സി ഭാരവാഹിത്വത്തില്‍ വരെയെത്തിയ അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു.
പാര്‍ട്ടി നേതൃത്വവുമായി ഇടക്കാലത്ത് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീട് അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ സജീവമാവുകയായിരുന്നു. ഇതിനുപുറമെ, പ്രദേശത്തെ എസ്.എന്‍.ഡി.പി യൂണിയനിലും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലും തന്റേതായ ഉറച്ച സ്വാധീനം സ്ഥാപിച്ചെടുക്കാനും അനിക്കു കഴിഞ്ഞു. ഈ ജനകീയ അടിത്തറയാണ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് പിന്നീട് കരുത്തായത്.
അനിയുടെ ജനകീയതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഭാര്യ വി.ആര്‍. സിനിയുടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മികച്ച രാഷ്ട്രീയ വിജയങ്ങള്‍. നഗരസഭയില്‍ തുടര്‍ച്ചയായി രണ്ടുതവണ യു.ഡി.എഫ് ടിക്കറ്റില്‍ സിനി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ജനവിധി തേടിയെങ്കിലും അവര്‍ പരാജയപ്പെട്ടു. പിന്നീട് സിനിയുടെ അപ്രതീക്ഷിത വിയോഗം ആ കുടുംബത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനും വലിയ തിരിച്ചടിയായി.
രാഷ്ട്രീയ ജീവിതത്തില്‍ ചേന്തി അനി ഇതിനുമുമ്പ് വലിയ വിവാദം നേരിട്ടത് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു. അനിയുടെ വീട്ടില്‍ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഒത്തുചേര്‍ന്നത് അന്നത്തെ പ്രധാന വാര്‍ത്തയായി. ഒരു കോണ്‍ഗ്രസ് കൗണ്‍സിലറുടെ വീട്ടില്‍ നടന്ന 'ഗുണ്ടാ സംഗമം' എന്ന നിലയില്‍ രാഷ്ട്രീയ എതിരാളികള്‍ ഇത് വലിയ പ്രചാരണായുധമാക്കി മാറ്റിയിരുന്നു.
എന്നാല്‍ 2020 ഓഗസ്റ്റ് 31-ന് നടന്ന തന്റെ അമ്മയുടെ ചരമദിന ചടങ്ങിലേക്ക് സുഹൃത്തുക്കളെ ക്ഷണിച്ച കൂട്ടത്തില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ ട്രഷറര്‍ കൂടിയായ ഓംപ്രകാശിനെയും വിളിച്ചതാണെന്നായിരുന്നു അനിയുടെ അന്നത്തെ വിശദീകരണം. ശ്രീകാര്യത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്ന കാലത്ത് ഒരു സി.സി.ടി.വി ദൃശ്യം താന്‍ പുറത്തുവിട്ടത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നെന്നും, അതിലുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും ഭാര്യയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അട്ടിമറിക്കാനുമാണ് സി.പി.എം ഈ വിഷയം വിവാദമാക്കിയതെന്നും അന്ന് അനി ആരോപിച്ചിരുന്നു. ആ പഴയ രാഷ്ട്രീയ പോരാളിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ തടഞ്ഞതിന്റെ പേരില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
©️