30/07/2025
കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസ്; പ്രതികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ, ഹരിപ്പാട് സ്റ്റേഷനിൽ എത്തിച്ചു
ഹരിപ്പാട്: ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് അറസ്റ്റിലായത്. മുംബയിൽ നിന്നും പിടികൂടിയ പ്രതിയെ പോലീസ് കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച പ്രതി പിടിയിലാകുന്നത്. തുടർന്നാണ് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കവർച്ച ചെയ്ത പണം വിനിമയം ചെയ്തതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇയാളിൽ ഇതുവരെ പണം പിടികൂടാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13 ന് പുലർച്ചെ നാലരക്കാണ് രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് പ്രതികൾ കവർച്ച നടത്തിയത്. കേസിലെ പ്രധാന പ്രതി സതീഷ്, ദുരൈ അരസ് ഉൾപ്പെടെ നാല് പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല ഇവർക്കായുള്ള അന്വേഷണം തുടരുകായാണ്.
കരീലകുളങ്ങര എസ് ഐ ബജിത് ലാൽ, സി പി ഒ മാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവർ മുംബൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി ഏറ്റുവാങ്ങിയ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം ട്രെയിൻ മാർഗം ഹരിപ്പാട് എത്തിക്കുകയായിരുന്നു.