05/06/2025
മാഞ്ഞുപോവുകയും മായ്ക്കപ്പെടുകയും ചെയ്യുന്ന ദേശാനുഭവ ങ്ങളെ, ഭാഷയെ, മനുഷ്യരെ കലക്കങ്ങളെ, കലർപ്പുകളെ ഓർമ്മകൾകൊണ്ട് തിരിച്ചുവിളിക്കൽ സാഹിത്യത്തിന്റെ ചിരകാല പ്രമേയമാണ്. കുട്ടപ്പാച്ചിലുകളിൽ അപഹരിക്കപ്പെട്ടുപോകുന്ന മനുഷ്യസത്ത നടത്തുന്ന കുതറലുകളായാണ് എഴുത്തിന്റെ ചരിത്രം ഈ ഓർമ്മകളുടെ പുനരാനയിക്കലുകളെ രേഖപ്പെടുത്തുന്നത്. പൊയ്പ്‌പോയ കാലത്തിൻ്റെ മഹത്ത്വപ്രഘോഷണമോ, അമ്പോ അക്കാലമെന്ത് ചന്തം എന്ന ഭൂതകാലക്കുളിരോ അല്ല മറിച്ച്, ദേശം എന്ന അനുഭൂതിയെ മനുഷ്യവംശത്തിൻ്റെ വിശാലചരിത്രത്തിലേക്ക് തുന്നിച്ചേർക്കുന്നതിൻ്റെ അനുഭവമാണ് ആ എഴുത്തുകൾ പ്രകാശി പ്പിക്കുക. അത്തരം എഴുത്തുകളുടെ ശ്രേണിയിലേക്കാണ് ചിത്രകാര നായ കെ. ഷെരീഫിൻ്റെ ഈ രചന കണ്ണിചേരുന്നത്.
മഴക്കാലം തീരുമ്പോൾ ഉത്സാവാനുഷ്ഠാനം പോലെ അടിനടക്കുന്ന ഒരങ്ങാടിയുടെ മധ്യത്തിലേക്കാണ് സലീം സർക്കസ് വായനയെ ക്ഷണിക്കുന്നത്. അങ്ങാടിയിൽ തുടങ്ങി ദേശമാകെ പരക്കുന്ന ഒരു അടിയാണ് മുന്നിൽ. 'ഓടിയടിക്കുന്നതിനിടയിൽ ചിലർ എതിരാളികളെ ക്ഷണക്കത്ത് കൊടുത്ത് കല്യാണത്തിന് ക്ഷണിച്ചു' എന്ന് ഷെരീഫ്. യാഥാർഥ്യം മായികതയെ സ്പർശിക്കുന്ന ഇത്തരം സന്ദർഭങ്ങളാൽ സമ്പന്നമാണ് സലീം സർക്കസ്.
അവസാന താളിലെ നീലാകാശം നിറയെ മുടിപ്പരക്കുന്ന ഉന്നമേഘങ്ങളിലൂടെ വായനവിട്ടിറങ്ങുമ്പോൾ ദേശവും ഓർമ്മകളും ചേർന്ന അഭൗമമായ ഒരു സർക്കസിലായിരുന്നു അതുവരെ നമ്മളെന്ന് വായനക്കാരെ അമ്പരപ്പിക്കുന്നു ഈ പുസ്തകം.
സലീം സർക്കസിലുടനീളം ചിതറുന്ന ഓർമ്മകളുടെ ഉത്സവക്കാഴ്ചകളിലേക്കുള്ള ക്ഷണമാണ് മഴക്കാലം കഴിഞ്ഞാൽ അങ്ങാടിയിൽ അടി ഉറപ്പാണ് എന്ന ആദ്യവരി. മണങ്ങൾ, രുചികൾ, നിറങ്ങൾ, വാണിഭങ്ങൾ, ഉള്ളിത്തൊലി പാറിയ പീടികവഴികൾ, മീൻപിടിത്തങ്ങൾ, അങ്ങാടിയിലെ ഉന്മാദികൾ തൂങ്ങിമരണങ്ങൾ, നാട്ടുരതികൾ, പുരുഷമണം പുകയുന്ന കൊട്ടക, പലഹാരങ്ങളുടെ നിറങ്ങളും മണങ്ങളും ഒച്ചകളും, ആമപ്പുറത്ത് ആടിയാടിവരുന്ന ഔത്താക്കി, തീപിടിച്ച അങ്ങാടിയിലിരുന്ന് ചുട്ടപഴം തിന്നുന്ന ഇപ്പി, മാഷൻമാരുടെ യുദ്ധം, സർക്കസ് ഇങ്ങനെ കെട്ടഴിച്ചുവിടുന്ന, പിടി ച്ചുകെട്ടുന്ന ഓർമ്മകളുടെ കാട്ടുമൃഗങ്ങൾ വിഹരിക്കുന്നു ഈ പുസ്തകത്തിൽ. ചിത്രകാരൻ്റെ സ്കെച്ചുപുസ്തകം പോലെ വലിയ കാൻവാസുകളെ ഗർഭത്തിൽ വഹിക്കുന്ന ചെറുതാളുകളെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.