Our Story
കേരളത്തിലെ കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ ഒരു ദൃശ്യ മനോഹരമായ പ്രദേശമാണ് വടക്കഞ്ചേരി. ആദ്യകാലത്ത് ഈ പ്രദേശം പാലക്കാട് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഭൂപ്രകൃതിയനുസരിച്ച് വടക്കഞ്ചേരിയെ കുന്നുകള്‍, ചെരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. 1955-ല്‍ പ്രദേശത്തെ ആദ്യ ഗ്രന്ഥശാല ആയക്കാട് സ്ഥാപിച്ചു. നാഷണല്‍ ഹൈവേ-47 വടക്കഞ്ചേരിയിലൂടെ കടന്നു പോകുന്നു. ഇവിടെ ഹിന്ദു, മുസ്ളീം, ക്രിസ്തീയ വിഭാഗങ്ങള്‍ മതസഹിഷ്ണുതയോടെയാണ് കഴിയുന്നത്. ഇവരുടെ നിരവധി ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ശ്രീ കൊടിക്കാട്ടുക്കാവ് ഭഗവതി ക്ഷേത്രം, പാളയം മാരിയമ്മന്‍ കോവില്‍, ശ്രീ അഞ്ചു മൂര്‍ത്തി ക്ഷേത്രം, ഗണപതിക്ഷേത്രം, ഹനഫി ജമാഅത്ത് പള്ളി, ഷാഫി ജമാഅത്ത് പള്ളി, ലൂര്‍ദ്മാത ഫൊറാന പള്ളി, സെന്റ് ജോസഫ് യാക്കോബായ ചര്‍ച്ച്, സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. കുന്നുകള്‍ നിറഞ്ഞ ഈ പ്രദേശത്തിലെ മുഖ്യ കൃഷി നെല്ലാണ്. ഇവിടുത്തെ ജലസേചനത്തിനുള്ള പ്രധാന മാര്‍ഗ്ഗം മംഗലം കനാലാണ്. കൂടാതെ 233 കുളങ്ങളും പ്രദേശത്തുള്ള ഉപരിതല ജലസ്രോതസ്സുകളാണ്. പരമ്പരാഗത വ്യവസായങ്ങളായ മണ്‍പാത്രനിര്‍മ്മാണം, പനമ്പ് നിര്‍മ്മാണം, കൊട്ട, വട്ടി, പായനെയ്ത്ത്, കരിമരുന്ന്, ഓട്ടുപാത്രം, കയര്‍, ചുണ്ണാമ്പ് എന്നിവയും ഇവിടെ നിലവിലുണ്ട്. വടക്കഞ്ചേരി മലഞ്ചരക്ക് വ്യാപാരകേന്ദ്രം, മന്ദം പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയ വ്യാപാരകേന്ദ്രങ്ങള്‍ വളരെ സജീവമാണ്. വിദ്യാഭ്യാസരംഗത്ത് വളരെ പുരോഗതിയിലാണെന്ന് തെളിയിക്കുന്നതാണ് ഇവിടുത്തെ സ്കൂളുകള്‍. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലായി 16 സ്കൂളുകളും, 3 കോളേജുകളും, 3 ടെക്നിക്കല്‍ കോളേജുകളുമാണ് ഇവിടെയുള്ളത്. നാഷണല്‍ ഹൈവേ 47 കൂടാതെ മംഗലംഗോവിന്ദാപുരം റോഡ്, വടക്കാഞ്ചേരിപാലക്കാട് റോഡ് തുടങ്ങി നിരവധി റോഡുകള്‍ പഞ്ചായത്തിലുണ്ട്. ഇന്ദിരാ പ്രിയദര്‍ശിനി ബസ്സ്റ്റാന്‍ഡാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനകേന്ദ്രം. പാലക്കാട് ഠൌണ്‍ റെയില്‍വേസ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. നെടുമ്പാശ്ശേരി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ വടക്കഞ്ചേരിയിലുണ്ട്.