24/10/2025
ശ്രീ നാരായണീയാമൃതരസം
ദശകം എഴുപത്
ശ്ലോകം അഞ്ച്
**********
ദിനേഷു ച സുഹൃജ്ജനൈ: സഹ വനേഷു ലീലാപരം
മനോഭവമനോഹരം രസിതവേണുനാദാമൃതം
ഭവന്തമമരീദൃശാം അമൃതപാരണാദായിനം
വിചിന്ത്യ കിമു നാലപൻ വിരഹതാപിതാ ഗോപികാ:?
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ
ശ്രീഗുരുവായൂരപ്പാ ശരണം
ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധം മുപ്പത്തഞ്ചാമധ്യായത്തിലാണ് പ്രസിദ്ധമായ ഗോപികായുഗളഗീതം വർണ്ണിച്ചിട്ടുള്ളത്. അതിനെ മേൽപ്പത്തൂർ ഒറ്റ ശ്ലോകം കൊണ്ട് വർണ്ണിച്ചിരിക്കുന്നു.
പകൽ മുഴുവനും തന്റെ ഇഷ്ടതോഴന്മാരോടുകൂടി ഉണ്ണിക്കണ്ണൻ കാടുകളിൽ പശുക്കളെ മേച്ചുകൊണ്ട് അലയുകയാണ്. തങ്ങളുടെ പ്രാണപ്രിയൻ ഇങ്ങനെ അലഞ്ഞു തിരിയുന്നത് ഗോപികമാർക്ക് സഹിക്കുന്നില്ല.
ശ്രീഭഗവാൻ പ്രഭാതത്തിൽ പശുക്കളെയും തെളിച്ചുകൊണ്ട് വനത്തിലേക്ക് പോകുമ്പോൾ ഗോപികമാരുടെ മനസ്സും കൂടെ പോകുന്നു. അവർ വിരഹതാപത്താൽ വാടി തളർന്നുപോകുന്നു. വീണ്ടും വൈകുന്നേരം പ്രിയതമന്റെ ദർശനം ലഭിക്കുന്നതുവരെ ശ്രീ ഭഗവാൻ്റെ ഓരോരോ ലീലകൾ ഓർത്തും കൃഷ്ണകീർത്തനങ്ങൾ ആലപിച്ചുമാണ് അവർ ദിവസം തള്ളിനീക്കുന്നത്.
പ്രാണപ്രിയൻ എവിടെയിരുന്നാലും അവർക്ക് മനസ്സിൽ കാണുവാൻ കഴിയും. എല്ലാം വർണ്ണിച്ചും മറ്റുള്ളവരെ കേൾപ്പിച്ചും പ്രേമാശ്രുക്കളൊഴുകിയും അവർ പകൽ സമയം മുഴുവൻ കഴിച്ചുകൂട്ടും.
ഓരോ ഗോപിമാരും അവരവരുടെ മനസ്സിലെ ദൃശ്യങ്ങൾ ഉറക്കയുറക്കെ ഗാനമായി ആലപിക്കും. ദേവസ്ത്രീകളുടെ കണ്ണുകൾക്ക് അമൃതപാനം നൽകി ഓടക്കുഴലിൽ നിന്നും ഉയരുന്ന മധുരമായ ഗാനാമൃതം കേട്ട് ദേവസ്ത്രീകൾ രോമാഞ്ചിതരാകുന്നു. ഇതൊന്നും ഗോപികമാർക്ക് രസിക്കുന്നില്ല. അവർ കരഞ്ഞു കീർത്തിച്ചും തങ്ങളുടെ പ്രാണനാഥന്റെ ദർശനത്തിനായി വേഴാമ്പലിനെപ്പോലെ ഇരിക്കുകയാണ്.
ഹരേ കൃഷ്ണ!
#ശ്രീ_നാരായണീയാമൃതരസം
നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻