12/12/2021
യു. എ. ഖാദർ വിടപറഞ്ഞിട്ട് ഒരു വർഷം
പൂർത്തിയാകുന്ന ഈ വേളയിൽ
കേരള സാഹിത്യ അക്കാദമി കോഴിക്കോട്ട്
സംഘടിപ്പിച്ച ദ്വിദിന ഓർമപ്പരിപാടിയിൽ
പങ്കുകൊണ്ടു. കാഴ്ചയും കേൾവിയും
ചേർന്ന ചില വേറിട്ട അനുഭവങ്ങൾ അത്
സമ്മാനിച്ചു. യു. എ. ഖാദർ എന്ന അസാമാന്യ
പ്രതിഭ അർഹിച്ചത് തന്നെ ഈ ആദരം.
അക്കാദമിക്ക് നന്ദി.
ഖാദർക്കയുടെ ജീവിതത്തിന്റെയും
എഴുത്തിന്റെയും നടവഴികളിലൂടെ നമ്മെ
കൂട്ടിക്കൊണ്ടു പോകുന്ന ഡോക്യുമെന്ററി
കൂടുതൽ സത്യസന്ധമായ ഉൾകാഴ്ചകൾ
നൽകി. താളവും മേളവും സംഗീതവും
ആണല്ലോ അദ്ദേഹത്തിന്റെ എഴുത്തിന്റെ
ഘടനാസ്വരൂപം. അതുതന്നെയാണ് ആ
ഡോക്യുമെന്ററി അനുഭവിപ്പിക്കുന്നതും.
അതിന്റെ ഒടുവിൽ, തന്റെ എഴുപത്തി
അഞ്ചാമത്തെ വയസിൽ ബർമയിലെ സ്വന്തം
ജന്മദേശം തേടിപ്പോയ അനുഭവം അദ്ദേഹം
വിവരിക്കുന്നുണ്ട്. ജന്മദേശത്തെപ്പറ്റി താൻ
എഴുതിയത് വെറും ഭാവനയായിരുന്നെന്നും,
സ്ഥലനാമത്തിന്റെ ഒരു ഒറ്റത്തുണ്ട് മാത്രമേ
ഓർമയിൽ ഉണ്ടായിരുന്നുള്ളൂവെന്നും, ആ
സ്ഥലം രാജ്യത്തിന്റെ ഏത് ഭാഗത്താണെന്ന്
അറിയാമായിരുന്നില്ലെന്നും അദ്ദേഹം
പറഞ്ഞു. പലരെയും കണ്ട് ചോദിച്ചെങ്കിലും
ആരും അങ്ങനെയൊരു സ്ഥലനാമം കേട്ടിട്ടു
പോലുമില്ല. ഒടുവിൽ, കുഞ്ഞുന്നാളിന്റെ
ഓർമച്ചെപ്പിൽ ബാക്കിയായ ഒരു പഴത്തിന്റെ
പേർ അദ്ദേഹം ഓർത്തെടുത്തു. അത് കേട്ട
പാടെ അപരിചിതനായ ആ ബർമക്കാരൻ
പറഞ്ഞു, പ്രസ്തുത പഴം ലഭ്യമായ ഏക
സ്ഥലം വിയറ്റ്നാം അതിർത്തിയോട് ചേർന്നു
കിടക്കുന്ന സ്ഥലമാണെന്ന്. അങ്ങനെ തന്റെ
ജന്മദേശത്ത് ഒടുവിൽ കുടുംബത്തോടെ
എത്തിച്ചേർന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു :
''അവിടെ എത്തിയപ്പോൾ പേരക്കുട്ടി ഒരു
ബോർഡ് ചൂണ്ടിക്കാണിച്ചു തന്നു, അതിൽ
'welcome to ...' എന്നെഴുതിയിരുന്നു. എന്റെ ജന്മദേശത്തേക്ക് സ്വാഗതം ചെയ്യുന്ന
ബോർഡ്. അത് കണ്ടപ്പോൾ എനിക്ക് ആകെ
ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്.''
ഇത് കേട്ടപ്പോൾ എന്തുകൊണ്ടോ എനിക്കും
ഒരുതരം മരവിപ്പാണ് അനുഭവപ്പെട്ടത്.
സംഘാടകരോട് ഒരു വാക്ക് :
ഈ പരിപാടിക്ക് അൽപം പ്രചാരം നൽകിയിരുന്നുവെങ്കിൽ സദസ് ഇത്ര
ശുഷ്കമാകുമായിരുന്നില്ല.
V V A Sukoor / 12.12.2021
ചർച്ചയും