Wayanad Online News

Wayanad Online News The Exclusive Online News Portal of Wayanad. Stay tuned. Wayanadonlinenews@gmailcom

24/06/2022

'ചെക്കനങ്ങനെ നോക്കിനിന്നതും...' കല്യാണത്തലേന്നത്തെ തനിനാടൻ വൈബ്...

കണ്ണൂർ പള്ളിപ്രത്ത് കല്യാണത്തലേന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തിയ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Video Courtesy : LJM WEDDINGS

◾ *Wayanad Online News 17-02-2022**12:55pm*◾*ഷുഹൈബ്,ശരത്ത് ലാൽ,കൃപേഷ് രക്തസാക്ഷി അനുസ്മരണം നടത്തി* കൽപ്പറ്റ:കൽപ്പറ്റ മണ്...
17/02/2022

◾ *Wayanad Online News 17-02-2022*
*12:55pm*◾

*ഷുഹൈബ്,ശരത്ത് ലാൽ,കൃപേഷ് രക്തസാക്ഷി അനുസ്മരണം നടത്തി*

കൽപ്പറ്റ:കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത സാക്ഷികളായ ഷുഹൈബ്,ശരത്ത് ലാൽ,കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ഹർഷൽ കൊന്നാടൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ പി പി ആലി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ ടി ജെ ഐസക്, സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, അരുൺ ദേവ്, കെ കെ രാജേന്ദ്രൻ, എസ് മണി, ആയിഷ പള്ളിയാൽ, ജിതിൻ എമിലി, ഷമീർ പാക്കത്ത്, ഡിന്റോ ജോസ് തുടങ്ങിയവർ സംസാരിച്ചു.

◾ *Wayanad Online News 20-01-2022**07:05pm*◾*ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; സ്കൂളുകള്‍‌ പൂര്‍ണമായി അടക്കും*...
20/01/2022

◾ *Wayanad Online News 20-01-2022*
*07:05pm*◾

*ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; സ്കൂളുകള്‍‌ പൂര്‍ണമായി അടക്കും*

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വീണ്ടും കുറച്ചിട്ടുണ്ട്.
ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകൾ പൂർണമായി അടക്കും. നാളെമുതൽ ക്ലാസുകള്‍ ഓൺലൈനാകും. കോളേജുകൾ അടക്കാനും സാധ്യതയുണ്ട്. വിവാഹ, മരണ ചടങ്ങുകളില്‍ 20 പേർക്കുമാത്രമായിരിക്കും അനുമതിയുണ്ടാകുക.
അടുത്ത രണ്ട് ഞായറാഴ്ചകളിലേക്കാണ് ഇപ്പോൾ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് അവശ്യ സർവീസുകൾക്കു മാത്രമായിരിക്കും അനുമതി. നേരത്തെ രാത്രികാല കർഫ്യൂവും പൂർണമായ വാരാന്ത്യ ലോക്ഡൗണും സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാത്രികാല കർഫ്യൂ വേണ്ടത്ര ഫലപ്രദമല്ലെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ഡൌണിനു സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കടുത്ത നിയന്ത്രണത്തിലേക്കു പോകേണ്ട ഘട്ടത്തിലാണ് സംസ്ഥാനമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. എന്നാൽ, നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് സമ്പൂർണ ലോക്ഡൗൺ സാധ്യമല്ലെന്നും വിലയിരുത്തി. ആൾക്കൂട്ടങ്ങളെ പരമാവധി ഒഴിവാക്കുകയും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

◼◼◼◼◼◼◼◼
https://www.facebook.com/Wayanadonlinenews/
*കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ന്യൂസ് ഗ്രൂപ്പിൽ അംഗമാവുക*⬇⬇
https://chat.whatsapp.com/IVXG9RtuhZgFARHDMMNtvn

12/12/2021

◾ *Wayanad Online Breaking News 12-12-2021*
*08:05pm*◾

*കേരളത്തിലും ഒമിക്രോൺ*

ഒമിക്രോൺ കേരളത്തിലും സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇംഗ്ലണ്ടിൽ നിന്നും അബുദാബി വഴി ഈ മാസം ആറിനാണ് ഇയാൾ നാട്ടിൽ എത്തിയത്. എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തിൽ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 26 മുതൽ 35 വരെയുള്ള സഹയാത്രികരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടുവെന്നും വീണാ ജോർജ് പറഞ്ഞു.

◾ *Wayanad Online News 09-12-2021**08:05pm*◾*കൈനാട്ടിയിൽ വാഹനാപകടം  2 യുവാക്കൾ മരണപ്പെട്ടു*കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകട...
09/12/2021

◾ *Wayanad Online News 09-12-2021*
*08:05pm*◾

*കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരണപ്പെട്ടു*

കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ
ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. മേപ്പാടി വിത്ത്കാട് കല്ലുവളപ്പിൽ വിഷ്ണു (20), മംഗളതൊടി ഷിബിത് (23) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്
മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്കും കൽപ്പറ്റ ഭാഗത്തുനിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു

◾ *Wayanad Online News 04-11-2021**03:05pm*◾*ജോജുവിനെതിരെ ട്രോൾമഴ; സമരവിജയം ആഘോഷിച്ച് കോൺഗ്രസ്*കേന്ദ്രസർക്കാർ ഇന്ധനവില ന...
04/11/2021

◾ *Wayanad Online News 04-11-2021*
*03:05pm*◾

*ജോജുവിനെതിരെ ട്രോൾമഴ; സമരവിജയം ആഘോഷിച്ച് കോൺഗ്രസ്*

കേന്ദ്രസർക്കാർ ഇന്ധനവില നികുതി കുറച്ചത് സമരനേട്ടമായി ഉയർത്തി കേരളത്തിൽ കോൺഗ്രസ്. കൊച്ചിയിൽ നടൻ ജോജുവിനെതിരായ അതിക്രമത്തിലുണ്ടായ തിരിച്ചടി മറിക്കടക്കാനായെന്ന വിലയിരുത്തലാണ് പാർട്ടി. സമൂഹമാധ്യമങ്ങളിൽ ജോജുവിനെ ട്രോളിയാണ് നേതാക്കൾ സമരവിജയം ആഘോഷമാക്കിയത്.
കൊച്ചിയിലെ റോഡ് ഉപരോധത്തിലുണ്ടായ ക്ഷീണം ഇന്ധനവില കുറച്ചോടെ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ് കോൺഗ്രസ്. സമരത്തെ തെരുവിൽ നേരിട്ട നടൻ ജോജു ജോർജിനെ പരസ്യമായും പരോക്ഷമായും കുത്തിയാണ് നേതാക്കളുടെ പ്രതികരണങ്ങൾ എല്ലാം. കോൺഗ്രസിന്റെ സമരഫലമാണുണ്ടായതെന്നും സമരത്തെ തകർക്കാൻ ശ്രമിച്ചവർക്ക് കുറഞ്ഞവിലയിൽ ഇന്ധനം ലഭ്യമാകുമെന്നും ജോജുവിനെ ട്രോളി കെ.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചതോടെ നേതാക്കൾക്കും ആവേശമായി. ജോജുവിനെ പോലെ ഉയർന്ന വിലയ്ക്ക് ഇന്ധനം നിറയ്ക്കാൻ കഴിവുള്ളവരല്ല സാധാരണക്കാരെന്ന് അനിൽഅക്കര കുറിച്ചപ്പോൾ ജോജുവിനും വേണ്ടിയായിരുന്നു സമരമെന്ന് ബിന്ദുകൃഷ്ണയുടെ എഴുതി. വിജയം അരാഷ്ട്രീയ സെലിബ്രിറ്റി ഷോജുമാരുടെതല്ലെന്നായിരുന്നു വി.ടി.ബലറാമിന്റെ പരിഹാസം. സമരത്തിൽ പങ്കെടുത്ത് കേസിൽപ്പെട്ട എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മുൻ മേയർ ടോണി ചമ്മിണിയുടെയും ഫേസ്ബുക്ക് പേജുകളിൽ പ്രവർത്തകർ അഭിവാദ്യങ്ങളുമായി അണിനിരന്നു. കോട്ടയത്ത് ലഡു വിതരണം ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആഘോഷം.

◾ *Wayanad Online News 03-11-2021**08:35pm*◾*പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും കുറച്ച് കേന്ദ്രം*കുതിച്ചുയരുന്ന ഇന്...
03/11/2021

◾ *Wayanad Online News 03-11-2021*
*08:35pm*◾

*പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും കുറച്ച് കേന്ദ്രം*

കുതിച്ചുയരുന്ന ഇന്ധനവിലക്ക് താത്കാലിക ആശ്വാസം. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്.
ഇളവ് വരുത്തിയ വില ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

◾ *Wayanad Online News 07-09-2021**06:25pm*◾*വയനാടിന്റെ സ്വന്തം കളക്ടർ നാളെ ചുരമിറങ്ങും*വയനാടിന്റെ എക്കാലത്തെയും മികച്ച ...
07/09/2021

◾ *Wayanad Online News 07-09-2021*
*06:25pm*◾

*വയനാടിന്റെ സ്വന്തം കളക്ടർ നാളെ ചുരമിറങ്ങും*

വയനാടിന്റെ എക്കാലത്തെയും മികച്ച കളക്ടർമാരിൽ ഒരാളായ അദീല അബ്ദുള്ള നാളെ(ബുധൻ) ചുരമിറങ്ങും.
കോവിഡ് മഹാമാരിയുടെ കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ഡോ. അദീല അബ്ദുള്ള ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. ആദിവാസിജനവിഭാഗങ്ങളുടെയും കര്‍ഷക ജനതയുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ മലയോര ജില്ലയുടെ ഭരണ സംവിധാനം 22 മാസം നിയന്ത്രിച്ച ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള സിവില്‍ സര്‍വീസിന്റെ പുതിയ പടവുകള്‍ കയറുമ്പോള്‍ ജില്ലയ്ക്ക് ഓര്‍ത്തു വെക്കാന്‍ നേട്ടങ്ങളേറെ.

മഹാപ്രളയം നാശം വിതച്ച വര്‍ഷം- 2019 നവംബര്‍ 9 നായിരുന്നു ഡോ. അദീല ജില്ലാ കലക്ടറായി എത്തിയത്. പുത്തുമല ഉരുള്‍പൊട്ടലിന്റെ പുനരധിവാസമായിരുന്നു ആദ്യ വെല്ലുവിളി. തുടര്‍ന്ന് മാസങ്ങള്‍ക്കകം വന്ന കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിന്റെയും ഒന്നും രണ്ടും ഘട്ടങ്ങളും 2020 ലെ പ്രളയവും മുണ്ടക്കൈ ഉരുള്‍പൊട്ടലും രണ്ട് പൊതുതെരഞ്ഞെടുപ്പുകളും വിജകരമായി കൈകാര്യം ചെയ്താണ് വെല്ലുവിളികള്‍ നിറഞ്ഞ 22 മാസങ്ങള്‍ കടന്നു പോയത്.

കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിലും വേറിട്ട പ്രതിരോധം കാഴ്ച വെക്കുന്നതിലും ഡോക്ടര്‍ കൂടിയായ അദീലയുടെ ഇടപെടലുകള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളും കേരളത്തിലെ മൂന്ന് ജില്ലകളും അതിര്‍ത്തി പങ്കിടുന്ന, വിനോദസഞ്ചാരികളുടെ പറുദീസയാണ് വയനാട്. ഇവിടത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രണ്ട് ലോക്ഡൗണുകള്‍, കണ്ടെയ്ന്‍മെന്റ്- മൈക്രോ കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഫലപ്രദമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിനു ആദിവാസി കോളനികളുള്ള ജില്ലയെ വലിയ വിപത്തില്‍ നിന്ന് രക്ഷിച്ചു. ആദ്യഘട്ടത്തില്‍ ഇവിടെ കേസുകള്‍ വളരെ കുറവായിരുന്നു. ആശുപത്രികളിലെ സൗകര്യങ്ങളും ഫസ്റ്റ് ലൈന്‍- സെക്കന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററുകളും കോവിഡ് കെയര്‍ സെന്ററുകളും ഡൊമിസിലറി കെയര്‍ സെന്ററുകളും ഒരുക്കുന്നതിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള വാര്‍ റൂം പ്രവര്‍ത്തനത്തിലും ജില്ല മികവു തെളിയിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ സ്‌പോണ്‍സര്‍ഷിപ്പു വഴി ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ വ്യാപകമായി സഹായമെത്തിക്കാന്‍ കലക്ടര്‍ മുന്‍കയ്യെടുത്തു.

വാക്‌സിനേഷന്‍ രംഗത്തും സംസ്ഥാനത്ത് ഏറ്റവും നേട്ടം കൈവരിച്ച ജില്ലയാകാന്‍ കഴിഞ്ഞതിനു പിന്നില്‍ അദീലയുടെ നേതൃശേഷി പ്രകടമായി. 18 നു മുകളില്‍ പ്രായമുള്ളവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ നടപ്പാക്കിയ ആദ്യ ജില്ലയായി വയനാട് മാറി. രണ്ടാം ഡോസ് വാക്‌സിനേഷനും ഊര്‍ജിതമായി പുരോഗമിക്കുന്നു. ടൂറിസം മേഖലയുടെ സമ്പൂര്‍ണ വാക്‌സിനേഷനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത പഞ്ചായത്ത് ജില്ലയിലേതായിരുന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഈ നേട്ടം കൈവരിച്ചു. ആദിവാസി മേഖലകളില്‍ പ്രത്യേക ഡ്രൈവുകള്‍ നടത്തിയാണ് വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കിയത്.

വാക്‌സിനേഷനില്‍ മാത്രമല്ല വിവിധ രംഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് മികച്ച സ്ഥാനം ലഭിച്ച കാലയളവായിരുന്നു അദീല അബ്ദുള്ളയുടേത്. 2020 ല്‍ ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ത്രൂ ക്രെഡിറ്റ് ഫ്‌ളോ ടു ദി പ്രൈമറി സെക്ടര്‍- വിഭാഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിനുള്ള കലക്ടര്‍മാരുടെ പട്ടികയില്‍ അദീല നാലാമതെത്തി. കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി വയനാട് ജില്ല മൂന്ന് കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് അര്‍ഹത നേടി. രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന വിഭാഗത്തിലാണ് ജില്ലയ്ക്ക് ദേശീയ തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. ഈ നേട്ടം കൈവരിച്ചതിന് ജില്ലാ കലക്ടര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ കേന്ദ്ര നിതി ആയോഗ് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 2020- 21 വര്‍ഷം സംസ്ഥാനതലത്തില്‍ വയനാട് ജില്ല ഒന്നാമതെത്തി. കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ വിനിയോഗത്തിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ്. ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലിലൂടെ 15-ാം ധനകാര്യ കമ്മീഷന്റെ പ്രോജക്ട് അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലയും വയനാട് ആയിരുന്നു.

പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാറിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ ജാഗ്രത പുലര്‍ത്തി. പുത്തുമല ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 52 കുടുംബങ്ങള്‍ക്കായി മേപ്പാടി പൂത്തക്കൊല്ലിയില്‍ മാതൃഭൂമി വകയായുള്ള സ്‌നേഹഭൂമിയില്‍ ഹര്‍ഷം എന്ന പേരില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഉദ്ഘാടന സജ്ജമായിട്ടുണ്ട്. ഓരോ വീടിനും സര്‍ക്കാര്‍ നല്‍കിയ നാല് ലക്ഷം ഉള്‍പ്പെടെ ജില്ലാ കലക്ടര്‍ മുന്‍കയ്യെടുത്ത് സ്‌പോണ്‍സര്‍മാരെ കൂടി കണ്ടെത്തിയാണ് മാതൃകാ പദ്ധതി തയ്യാറാക്കിയത്. ഇതുകൂടാതെ ലൈഫ് മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്‍പ്പെടെ നിരവധി ഭവന പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. പരൂര്‍കുന്ന്, വെള്ളപ്പന്‍കണ്ടി, ചിത്രമൂല തുടങ്ങിയ പദ്ധതികള്‍ എടുത്തു പറയേണ്ടതാണ്.

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ജില്ലാ അടിയന്തര കാര്യനിര്‍വ്വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നുള്ള മൈക്രോ റെയിന്‍ഫാള്‍ ഡാറ്റ വിശകലനം ചെയ്ത് ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളെടുത്തത് കലക്ടറുടെ ശ്രദ്ധേയമായ ഇടപെടലായിരുന്നു. കഴിഞ്ഞ വര്‍ഷം മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ആളപായമില്ലാതെ നോക്കാനായത് ഈ ജാഗ്രത മൂലമാണ്. ജില്ലയിലെ പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കിയതും 2020 ലെ പ്രളയത്തിന്റെ രൂക്ഷത കുറച്ചു. ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്തുകള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കിയത്.

വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ജില്ലയിലേക്ക് വിവിധ പദ്ധതികള്‍ എത്തിക്കാനും കലക്ടറുടെ ഇടപെടലില്‍ കഴിഞ്ഞു. കൊച്ചി ഷിപ്യാര്‍ഡിന്റെ സഹായത്തോടെ ജില്ലയുടെ നാല് അങ്കണവാടികള്‍ ലോകോത്തര നിലവാരത്തില്‍ സമാര്‍ട്ട് ആക്കാന്‍ കഴിഞ്ഞത് ഉദാഹരണം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നിര്‍മ്മിതി കേന്ദ്രയുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.

കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ ഡോ. അദീല അബ്ദുള്ള 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായാണ് സിവില്‍ സര്‍വീസ് തുടക്കം. ഫോര്‍ട്ട് കൊച്ചി, തിരൂര്‍ എന്നിവിടങ്ങളില്‍ സബ് കലക്ടര്‍, ആലപ്പുഴ ജില്ലാ കലക്ടര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ എന്നീ പദവികളും വഹിച്ചു. വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ പദവിയിലേക്കാണ് പുതിയ നിയോഗം.

◾ *Wayanad Online News 24-07-2021**03:55pm*◾*വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദ...
24/07/2021

◾ *Wayanad Online News 24-07-2021*
*03:55pm*◾

*വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം*

വയനാട് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗം തീരുമാനിച്ചു. രോഗവ്യാപനം കുറക്കുന്നതിനായി സമ്പര്‍ക്ക പട്ടികകള്‍ തയ്യാറാക്കുന്ന പ്രക്രിയ ഊര്‍ജിതമാക്കാനും ഇതിനായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പരിശോധനകളടെ എണ്ണം വര്‍ധിപ്പിക്കാനും എന്‍ഫോഴസ്‌മെന്റ് നടപടികള്‍ ഫലപ്രദമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനായി ആശുപത്രി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പൂര്‍ണ സജ്ജമാക്കുകയും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുകയും വേണം. മൂന്നാം തരംഗത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജില്ലയിലെ ശിശുരോഗ വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുകയും അവരുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

കോവിഡ് പ്രതിരോധ രംഗത്ത് ജില്ലാ ഭരണകൂടവും ജില്ലാ കലക്ടറും ആരോഗ്യ വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കുന്ന നടപടികളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അമിത ആത്മവിശ്വാസം ഉണ്ടാവരുതെന്നും അദ്ദേഹം ഉണര്‍ത്തി. ടൂറിസം രംഗത്ത് വയനാട്ടിലേക്ക് ആഗോള ശ്രദ്ധ പതിഞ്ഞുവരുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കാത്ത നിലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ ആര്‍.ആര്‍.ടികള്‍ സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയതായി യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 45 വയസ്സിനു മുകളിലുള്ളവരുടെ പൊതുവിഭാഗത്തില്‍ 100 ശതമാനം പേരും ആദിവാസി വിഭാഗത്തില്‍ 92 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 18 നും 44 നും ഇടയിലുള്ളവരുടെ വിഭാഗത്തില്‍ ഇത് യഥാക്രമം 26 ശതമാനവും 38 ശതമാനവുമാണ്. ജില്ലയിലെ 18 വയസ്സിനു മുകളിലുള്ളവരുടെ ആകെ ജനസംഖ്യയില്‍ 62 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, സര്‍വെലന്‍സ് ഓഫീസര്‍ ഡോ. സൗമ്യ, ഡി.പി.എം ഡോ. അഭിലാഷ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ഷാജിന്‍ ജോണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ചെറിയാന്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

◾ *Wayanad Online News 24-07-2021**03:35pm*◾മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കാന്‍ നാട് മുന്നോട്ടു...
24/07/2021

◾ *Wayanad Online News 24-07-2021*
*03:35pm*◾

മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കാന്‍ നാട് മുന്നോട്ടു വരണം- മന്ത്രി മുഹമ്മദ് റിയാസ്*

കോവിഡ് കാലത്ത് തുടങ്ങിയ ഡിജിറ്റല്‍ പഠനരീതി കൂടുതല്‍ ഫലപ്രദമായി ഓണ്‍ലൈന്‍ ഇന്ററാക്ടീവ് രീതിയിലേക്ക് മാറുമ്പോള്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച് മുന്നോട്ടു വരണമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭ്യര്‍ഥിച്ചു. വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ വിദ്യാഭ്യാസ രീതിയിലേക്ക് ഇനി പെട്ടെന്ന് തിരിച്ചു പോക്കുണ്ടാവില്ലെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. കോവിഡ് വെല്ലുവിളി അവസാനിച്ചാലും ഡിജിറ്റല്‍ പഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ നൂറു ശതമാനം കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയേ തീരു. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് മാത്രമാവില്ല. കക്ഷി ഭേദമന്യേ നിയമസഭയില്‍ സമവായമുണ്ടായ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവരും പാവപ്പെട്ട കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന പങ്കാളിത്തം വഹിക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ബീനാച്ചി സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയില്‍ പൊതുവിഭാഗത്തില്‍ 6419 വിദ്യാര്‍ഥികള്‍ക്കും പട്ടികവര്‍ഗക്കാരില്‍ 20703 കുട്ടികള്‍ക്കുമാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗാഡ്‌ജെറ്റ് ചാലഞ്ച് പദ്ധതി ഊര്‍ജിതമാക്കിയും തദ്ദേശ സ്ഥാപനങ്ങള്‍, സി.എസ്.ആര്‍ ഫണ്ടുകള്‍, വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെ പിന്തുണ വഴിയും ഇവര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം നടന്നു വരികയാണ്. നെറ്റ്‌വര്‍ക്ക് തീരെ ലഭ്യമല്ലാത്തതും ഭാഗികമായി മാത്രം ലഭിക്കുന്നതുമായ 113 ലൊക്കേഷനുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിനു കീഴില്‍ ഒരുക്കി വരികയാണ്. 40 ലൊക്കേഷനുകളിലെ വര്‍ക്കുകള്‍ക്ക് ഭരണാനുതി നല്‍കി കഴിഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക, ജില്ലയിലെ നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം എന്‍.ഐ ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

◾ *Wayanad Online News 27-06-2021**12:45pm*◾*വഴിയരുകിൽ നാരങ്ങാവെളളം വിറ്റു; കൈവിട്ട ജീവിതം കാക്കിയണിയിച്ച ആ കഠിനകാലം*ജീവ...
27/06/2021

◾ *Wayanad Online News 27-06-2021*
*12:45pm*◾

*വഴിയരുകിൽ നാരങ്ങാവെളളം വിറ്റു; കൈവിട്ട ജീവിതം കാക്കിയണിയിച്ച ആ കഠിനകാലം*

ജീവിത പരാജയങ്ങളില്‍ വിലപിക്കുന്നവര്‍ക്ക് മുന്നില്‍ പാഠപുസ്തകമായി വര്‍ക്കല എസ്.ഐ... എസ്.പി.ആനിയുടെ ജീവിതം. കൈവിട്ട് പോകുമായിരുന്ന ജീവിതത്തെ കാക്കിയണിയിപ്പിച്ചതിനു പിന്നില്‍ വഴിയരുകില്‍ നാരങ്ങാവെള്ളം വിറ്റതുമുതലുള്ള കഠിനാധ്വാനത്തിന്‍റെ കഥയുണ്ട്.
പ്രൊബേഷന്‍ കഴിഞ്ഞ് ഇന്നലെയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എസ്.പി.ആനി വര്‍ക്കല എസ്.ഐയായി ചുമതലയേറ്റത്പേര് എസ്.പി.ആനി, വയസ് 31, ജോലി വര്‍ക്കല എസ്.ഐ. ഈ വിലാസം നേടിയതിനു പിന്നിലെ കൈപ്പേറിയ ജീവിതാനുഭവങ്ങളുടെ കഥയുണ്ട്. കൈപ്പേറിയ ജീവിതത്തിന് മുന്നില്‍ പകച്ചുപോയിരുന്നെങ്കില്‍ ഇന്ന് ഈ തൊപ്പി ഇങ്ങനെ തലയില്‍ വച്ച് നിയമം പരിപാലിക്കാന്‍ ആനിയുണ്ടാകുമായിരുന്നില്ല.
ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്.

ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന പോരാളിയായ അമ്മ. കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളിൽ പരാജയപ്പെട്ട് മരിക്കാനുള്ള ഊർജം നഷ്ടപ്പെട്ട പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി.

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.

സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ''എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു''.

◾ *Wayanad Online News 25-06-2021**07:35pm*◾*വീണ്ടും അനക്കംവച്ച് പി.എസ്.സി നിയമനങ്ങൾ*സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ആരോഗ...
25/06/2021

◾ *Wayanad Online News 25-06-2021*
*07:35pm*◾

*വീണ്ടും അനക്കംവച്ച് പി.എസ്.സി നിയമനങ്ങൾ*

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റുകളിൽനിന്നു വീണ്ടും നിയമനങ്ങൾ. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ മേയ്, ജൂൺ മാസങ്ങളിലാണ് ഈ തസ്തികകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ പിഎസ്‌സി നിയമന ശുപാർശ തയാറാക്കിയത്. ഉദ്യോഗാർഥികൾക്കു ശുപാർശ തപാലിൽ അയയ്ക്കില്ല. എന്നാൽ, ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 25 പേർക്കാണു പുതുതായി നിയമന ശുപാർശ നൽകിയത്. പിഎസ്‌സി, ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റ്, ഫിനാൻസ്, ജിഎഡി, കെഎസ്എഡി എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത 24 പുതിയ ഒഴിവിലേക്കും 1 എൻജെഡി ഒഴിവിലേക്കുമാണു ശുപാർശ. ഇതോടെ, ആകെ നിയമന ശുപാർശ 321 ആയി വർധിച്ചു.
പുതിയ നിയമനനില: ഒാപ്പൺ മെറിറ്റ്–247 വരെ, എസ്‌‌‌സി–സപ്ലിമെന്ററി 13, എസ്ടി–സപ്ലിമെന്ററി 6, മുസ്‌ലിം–386, എൽസി/എഐ–781, ഒബിസി–259, വിശ്വകർമ–312, എസ്ഐയുസി നാടാർ–219, ഹിന്ദു നാടാർ–231, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–316. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്–3, ഡഫ്–4, ഒാർത്തോ–3. ഈഴവ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവർക്കാണു നിയമന ശുപാർശ.
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽനിന്നു 184 പേർക്കു പുതുതായി നിയമന ശുപാർശ ലഭിച്ചു. 147 പുതിയ ഒഴിവിലേക്കും 37 എൻജെഡി ഒഴിവിലേക്കുമാണു ശുപാർശ. ഇതോടെ 1,636 പേർക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമന ശുപാർശയായി.
പുതിയ നിയമനനില: ഒാപ്പൺ മെറിറ്റ്–1638 വരെ (ഫീമെയിൽ), 1827 വരെ (മെയിൽ). ഈഴവ–1641, 1833. എസ്‌സി–സപ്ലിമെന്ററി 32, സപ്ലിമെന്ററി 45. എസ്ടി–സപ്ലിമെന്ററി 31, സപ്ലിമെന്ററി–44. മുസ്‌ലിം–2446, 2530. എൽസി/എഐ–സപ്ലിമെന്ററി 15, സപ്ലിമെന്ററി 28. ഒബിസി–1635, 1846. വിശ്വകർമ–1736, 2122. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 5, സപ്ലിമെന്ററി 7. ഹിന്ദു നാടാർ–സപ്ലിമെന്ററി 4, സപ്ലിമെന്ററി 6. എസ്‌സിസിസി–സപ്ലിമെന്ററി 20, സപ്ലിമെന്ററി 23. ഭിന്നശേഷി: ബ്ലൈൻഡ്–27, ഡഫ്–22, ഒാർത്തോ–60.
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയ്ക്കു 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽനിന്നു 123 പേർക്കു നിയമന ശുപാർശയായി. കൂടുതൽ പേർക്കു ശുപാർശ തിരുവനന്തപുരം ജില്ലയിലാണ്–38. കുറവ് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ–ഒരോന്നു വീതം. ഇതോടെ ആകെ നിയമന ശുപാർശ 2,274 ആയി. കോട്ടയം, വയനാട് എന്നിവ ഒഴികെ 12 ജില്ലകളിൽ നടന്ന നിയമന ശുപാർശയുടെ വിവരങ്ങൾ പിഎസ്‌സിയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

Address

Kalpetta
Wayanad

Alerts

Be the first to know and let us send you an email when Wayanad Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Online News:

Share

Category