16/05/2025
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളെ സംരക്ഷിക്കണം
ഉരുള്‍ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം;
പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും സണ്ണി ജോസഫ് എം എല്‍ എ
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഉരുള്‍ദുരന്തബാധിതര്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉരുള്‍ ദുരന്തബാധിതരുടെയും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെയും, ജീവിതോപാദി, ദിനബെത്ത, മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെ കിട്ടേണ്ട ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാതെ നൂറു കോടി ചിലവവിച്ചുകൊണ്ട് നടത്തുന്ന നാലാം വാര്‍ഷികം ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയും ലജ്ജാകരവുമാണ്. ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല സര്‍ക്കാരിന് താല്പര്യം. ജനങ്ങള്‍ നല്കിയ പണം ഉപയോഗിച്ച് ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പോലും വീഴ്ചയില്ലാതെ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ക്യാബിനറ്റ് തീരുമാനമുണ്ടായിട്ടും ദിനബത്ത നല്കുന്നതില് അഞ്ചുമാസം വൈകിയത് ദുരന്തബാധിതരോടുള്ള അവഗണനയാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോചക്രവര്‍ത്തിയെ പോലെയാണ് പിണറായി വിജയന്. സര്‍ക്കാരിന് ദീനാനുകമ്പയല്ല, മറിച്ച് ധൂര്‍ത്തും അഹങ്കാരവുമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിന്റെ ഭാഗമായി 270-ഓളം വരുന്ന തൊഴിലാളികളുടെ പി എഫ്, ഗ്രാറ്റുവിറ്റി, പെന്ഷന്, ശമ്പളം, ബോണസ് ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടിട്ട് മാസങ്ങളും വര്‍ഷങ്ങളുമായി. ആ പ്രശ്നം പരിഹാരിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന രീതി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. പുനരധിവാസമേഖലയില്‍ നിന്ന് അവര്‍ താമസിച്ചിരുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പാടികളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് അവരുടെ പ്രശ്നങ്ങള്‍ സമ്പൂര്‍ണമായി പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. ആജീവനാന്തം തൊഴിലാളികള്‍ നടത്തിയ അധ്വാനത്തിന്റെ പ്രതിഫലം പോലും നല്‍കാതെ അവരെ പരീക്ഷണത്തിന് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ പെരുവഴിയിലേക്ക് തള്ളാനുള്ള നീക്കം അനുവദിക്കില്ല. ഈ സമരത്തെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് തൊഴില്‍മന്ത്രി സ്വീകരിച്ചത്. ഇത് അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സലീം മേമന അധ്യക്ഷനായിരുന്നു. എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, പി പി ആലി, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, ടി ജെ ഐസക്, എന്‍ കെ റഷീദ്, എം എ ജോസഫ്, ഒ വി അപ്പച്ചന്, പോള്‍സണ്‍ കൂവക്കല്‍, കെ ഹാരിസ്, സി ജയപ്രസാദ്, പ്രവീണ്‍ തങ്കപ്പന്, ഗിരീഷ് കല്‍പ്പറ്റ, വിനോദ്, നവാസ് എം പി, ഹര്‍ഷല്‍ കോന്നാടന്‍, എം സി സെബാസ്റ്റിയന്, ബിനു തോമസ്, ശോഭനാകുമാരി, പി വിനോദ്കുമാര്‍, നജീബ് കരണി, മോയിന്‍ കടവന്‍, ജാസര്‍ പാലക്കല്‍, വിജയമ്മടീച്ചര്‍, എന്‍ യു ഉലഹന്നാന്, ഷാജി കുന്നത്ത്, ശിഹാബ് മേപ്പാടി, സിദ്ധിഖ് തരിയോട്, ആയിഷ പള്ളിയാല്‍, കെ അജിത, കെ കെ ഹനീഫ, വിലാസിനി തുടങ്ങി നിരവധി പേര് സംബന്ധിച്ചു.