02/04/2025
*ഊട്ടിയിലേക്കുള്ള ഇ-പാസ് നിയന്ത്രണം: നീലഗിരിയില്‍ ബുധനാഴ്ച 2-4-25 രാവിലെ മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍*
ഗുഡല്ലൂർ: ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, പ്ലാസ്റ്റിക് പരിശോധനയുടെ പേരില്‍ കടകളില്‍ കയറി അധികൃതർ നടത്തുന്ന പരിശോധന നിർത്തലാക്കുക തുടങ്ങി 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് നീലഗിരി ജില്ലയില്‍ ഏപ്രില്‍ രണ്ട് ബുധനാഴ്ച 24 മണിക്കൂർ ഹർത്താല്‍ നടത്തുമെന്ന് നീലഗിരി ജില്ല വ്യാപാരി സംഘം അറിയിച്ചു.
ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് കടയടപ്പും പണിമുടക്കും നടത്തുന്നത്.
ലോഡ്ജ്, റിസോട്ട്, ഹോട്ടല്‍, ബേക്കറി, മറ്റ് റെസ്റ്റാറന്‍റുകള്‍, ടാക്സി എന്നിവ ഉണ്ടായിരിക്കില്ല. ടൂറിസ്റ്റുകള്‍ നീലഗിരിയിലേക്കുള്ള വരവ് മാറ്റിവെക്കണമെന്ന് വ്യാപാരി സംഘം ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നത്. ദിവസേന 6,000 വാഹനങ്ങള്‍ക്കും ശനി, ഞായറുകളില്‍ 8,000 വാഹനങ്ങള്‍ക്കും മാത്രമാണ് നീലഗിരി ജില്ലയിലേക്ക് അനുമതിയുള്ളത്. നീലഗിരി ജില്ലയിലെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ല.
സീസണ്‍ സമയത്തെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് മാറ്റങ്ങള്‍ വരുന്നത്. നഗരസഭയായ കൊടൈക്കനാലിലേക്ക് ദിവസേന 4,000 വാഹനങ്ങള്‍ക്ക് അനുമതി നല്‍കുമ്ബോള്‍ ആറ് താലൂക്കുകളും നാല് നഗരസഭകളും ഉള്ള നീലഗിരിയിലേക്ക് 6,000 വാഹനങ്ങള്‍ക്ക് മാത്രം ദിവസേന പ്രവേശനം അനുവദിക്കുന്നതിന്റെ ഔചിത്യവും ഇവർ ചോദ്യം ചെയ്യുകയാണ്. നിയന്ത്രണങ്ങള്‍ വിനോദസഞ്ചാരമേഖലയെ തളർത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ സീസണ്‍ തിരക്കിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോട്ടേജുകളും റിസോട്ടുകളും ഏറെയാണ്.